പെണ്ണിന്‍െറ വിധിയും വിഹിതവും
text_fieldsഅടുത്തിടെ നടന്ന ലളിത സുന്ദരമായ വിവാഹത്തെ കുറിച്ച് ഏറെ ചര്‍ച്ചക്ക് സോഷ്യല്‍ മീഡിയ കളമൊരുക്കിയിരുന്നു. മണവാട്ടി ഒരു തരി പൊന്നോ മറ്റ് ആഭരണങ്ങളോ അണിഞ്ഞിരുന്നില്ല എന്നതായിരുന്നു, നിലമ്പൂരില്‍ നടന്ന പ്രസ്തുത വിവാഹത്തെ എല്ലാറ്റിലുമുപരി ശ്രദ്ധേയമാക്കിയത്. അതിനെ തീര്‍ത്തും അനുകൂലിച്ചവരും, എന്നാല്‍ പ്രതികൂലിച്ചവരും ഉണ്ട്. എന്ത് ആദര്‍ശത്തിന്‍െറ പേരിലായാലും ആ വിവാഹം കേരളീയര്‍ക്ക് ഒരു ഉത്തമ മാതൃകതന്നെയാണെന്ന് ഉറച്ച വിശ്വസിക്കുന്നു. സ്വര്‍ണ്ണം തീര്‍ത്തും ബഹിഷ്കരിച്ച്, ലളിതമായ ചടങ്ങുകളാല്‍ നടന്ന മാതൃകാ വിവാഹം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം നമ്മുടെ നാട്ടില്‍ നടക്കുന്ന ഒന്ന്.
മറ്റൊരു വിവാഹത്തെക്കുറിച്ച് കൂടി കേള്‍ക്കൂ. സല്‍സ്വഭാവിയും നല്ലവനുമായ ഒരു ചെറുപ്പകാരന്‍ സ്ത്രീധനമായി യാതൊന്നും ആവശ്യപ്പെടാതെ വിവാഹം കഴിച്ചു. പക്ഷെ ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ പിതാവിനു ജ്വല്ലറിയില്‍ കടം അഞ്ച് ലക്ഷത്തോളം രൂപ..! ആ കട ബാധ്യതയില്‍ നിന്നും മാനസിക സംഘര്‍ഷത്തില്‍ നിന്നും ഇനി അദ്ദേഹത്തിന് മോചനം ലഭിക്കാന്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും വേണ്ടി വരും. വരനും വധുവിനും ഒരു പോലെ ആവശ്യമില്ലാതിരുന്നിട്ടും ആ പിതാവിനെ കടങ്ങളിലേക്ക് തള്ളിയിട്ടതാരാണ്? സമൂഹം ഉണ്ടാക്കിവെച്ച ഇത്തരം നൂലാമാലകളില്‍ കുരുങ്ങി ഉരുകിയുരുകി തീരുന്ന മാതാപിതാക്കളുടെ ആത്മരോദനവും സംഘര്‍ഷങ്ങളും വലിയ നിലവിളി ഉയര്‍ന്നു വരുന്നതുവരെ നമ്മുടെ കണ്ണുകള്‍ തുറപ്പിക്കാറില്ല.
ഇത്തരം കഥകള്‍ തുടര്‍ന്നു കൊണ്ടിരിക്കും. കഥാപാത്രങ്ങളും സ്ഥലങ്ങളും മാത്രമെ മാറിമാറി വരുന്നുള്ളൂ. അകവും പുറവും ഒരുപോലെ പൊള്ളിച്ചുകൊണ്ട് ജ്വല്ലറിക്കുള്ളില്‍ ഒരു മനുഷ്യന്‍െറ ദാരുണ മരണത്തിനു ഹേതുവായ സംഭവ വികാസങ്ങള്‍ നടന്നിട്ട് അധിക നാളുകളായിട്ടില്ല. ആത്മവീര്യം ചോര്‍ന്നുപോയ ഒരു പിതാവിന്‍റെ അന്ത്യമല്ല, ആത്മാഭിമാനം ചതച്ചരക്കപ്പെട്ട ഒരു പിതാവിന്‍റെ അന്ത്യമായിരുന്നു അത്. സ്വര്‍ണ്ണവും സ്ത്രീധനവും അടക്കമുള്ള ദുഷിപ്പുകള്‍ വരുത്തിവച്ച വിന. പെണ്‍മക്കള്‍ക്ക് ജന്മം നല്‍കാന്‍ കാരണമായതിനു സമൂഹം കല്‍പിച്ച വിധി. പെണ്ണുടലുകളുടെ വിലപേശലില്‍,അല്ളെങ്കില്‍ ലേലം വിളിയില്‍ തോറ്റുപോയ ഒരു പിതാവിന്‍െറ ഒടുക്കം. ഒരിക്കലും താഴോട്ടു സൂചിക നീങ്ങിവരാത്ത കണക്കെടുപ്പിലേക്ക് ഒരു കണ്ണികൂടി ചേര്‍ത്തുവെച്ച ജീവബലി.
ആത്മഹത്യ ചിലപ്പോള്‍ വിപ്ളവമാവുന്നു
ആത്മഹത്യ ഭീരുത്വമല്ല. ചിലപ്പോള്‍ അതൊരു വിപ്ളവമാണ്. സാമൂഹികാതിക്രമങ്ങള്‍ക്കെതിരെ നയിക്കപ്പെടുന്ന ഒറ്റയാള്‍ പോരാട്ടം. പ്രതീകാത്മക സമരം. നിസ്സഹായതയുടെ അടയാളത്തിലുപരി തീവ്രമായ അമര്‍ഷത്തിന്‍റെ പൊട്ടിത്തെറി. അത് പലപ്പോഴും അക്രമത്തോടും അനീതിയോടുമുള്ള തുലനമില്ലാത്ത പ്രതികാരമായി മാറുന്നു. ചരിത്രത്തിലെ പല ആത്മഹത്യകളും വിപ്ളവങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. തുനീഷ്യയിലെ ബൂ അസീസ് കൊളുത്തിയ അഗ്നിയാണ് പിന്നീട് അറബ് വസന്തത്തിനു ഹേതുവായത്. തിബറ്റിലെ ബുദ്ധഭിക്ഷുക്കളുടെ ആത്മാഹുതി ചൈനയുടെ അതിക്രമങ്ങള്‍ക്കെതിരായ കരുത്തുറ്റ സമരമുറയായി കൊണ്ടുനടക്കുന്നു. ദല്‍ഹിയില്‍ ആപ് റാലിയില്‍ നടന്ന കര്‍ഷക ആത്മഹത്യയും ഉദാഹരണം.
ഇതും വെറുമൊരു ആത്മഹൂതി മാത്രമായിരുന്നില്ല. ജ്വല്ലറിക്കുള്ളില്‍ പടര്‍ന്നണഞ്ഞത് ഒരു ഉള്‍നോവിന്‍റെ ആളിക്കത്തല്‍ കൂടിയാണ്. ജീര്‍ണ്ണിച്ച
ഴുകിപ്പരക്കുന്ന സാമൂഹ്യ വ്യവസ്ഥക്ക് നേരെ പാഞ്ഞടുത്ത, ആളിക്കത്തുന്ന ഒരു അഗ്നിഗോളം. എന്തിനെയും കത്തിച്ചു ചാമ്പലാക്കാന്‍ പോന്നതായിരുന്നു അത്. മന:സാക്ഷിയുള്ളവന്‍റെ കണ്ണ് തുറപ്പിക്കാന്‍ പോന്നത്. വിപ്ളവവീര്യം കെടാതെ സൂക്ഷിച്ച, അനീതിയോട് സന്ധി ചെയ്യാത്ത, ധീരനായ ഒരാത്മാവിന്‍റെ അതിലും ധീരമായ സമരം. എന്നിട്ടും നിസ്സഹായനായ ഒരു സാധാരണ മനുഷ്യന്‍െറ ആളിക്കത്തല്‍ മാത്രമായി ആ കാഴ്ചയെ ഒതുക്കി അത് കണ്ട് രസം കൊള്ളുകയായിരുന്നു നമ്മള്‍.
ആണ്‍കോയ്മ തറയൊരുക്കി പടുത്തുയര്‍ത്തിയ ദുരാചാരങ്ങളിലൊന്നിനാല്‍ ജീവിതം ചവിട്ടിയരയപ്പെട്ട ആ പിതാവും മകളും കുടുംബവും ആഴ്ചകള്‍ക്കിപ്പുറവും മനസ്സിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നു. ജ്വല്ലറിയുടെയും ജ്വല്ലറി ഉടമയുടെയും അതുപോലുള്ള പലിശ സ്ഥാപനങ്ങളുടെയും നെറികേടുകളെ, അല്ളെങ്കില്‍ കുരുക്കിനെ ചെറുതായി കാണുകയല്ല. അതിലും ഭീകരമായ സാമൂഹ്യ വ്യവസ്ഥിതിയുടെ യഥാര്‍ഥമുഖം ബോധ്യപ്പെട്ടു വരേണ്ടതുണ്ടെന്ന ബോധ്യം തന്നെയാണ് വേണ്ടത്. സംഭവത്തിന്‍റെ മേല്‍പരപ്പില്‍ മാത്രം സഞ്ചരിച്ച് അട്ടഹസിച്ച സമൂഹം കാരണത്തെ സൗകര്യപൂര്‍വ്വം വിട്ടുകളഞ്ഞു. അല്ളെങ്കില്‍ അത് ശ്രദ്ധപതിയേണ്ടതില്ലാത്ത ഒരു കാര്യമായി അവഗണിച്ചു. ജ്വല്ലറി ഉടമകളുടെ ഇടപാടുകളും, ഗുണ്ടായിസത്തെക്കുറിച്ചും മാത്രമായിപ്പോയി ഉച്ചത്തിലുള്ള ചര്‍ച്ചകള്‍. എന്തുകൊണ്ട് ഇങ്ങിനെയൊരു കരാറിലേര്‍പ്പെടാന്‍ പിതാവ് നിര്‍ബ്ബന്ധിതനായി എന്ന് സമൂഹം സൗകര്യപൂര്‍വം മറക്കുയോ മറച്ചുവെക്കുകയോ ചെയ്യുന്നു. രണ്ടുപേര്‍ തമ്മിലുള്ള വളരെ സ്വകാര്യമായ, വിവാഹം എന്ന ബലിഷ്ഠമായ കരാര്‍ ഒരാളുടെ ചുമലിലെ ഭാരമാവുന്നതിന്‍റെ സാംഗത്യത്തെ അത്രയാരും വിചാരണ ചെയ്തില്ല.
സ്വാര്‍ഥതയുടെ ആദ്യ പാഠം
ആ ആത്മാഹുതി വിശകലനം ചെയ്യുമ്പോള്‍ സ്വാഭാവികമായും കടന്നുവരുന്ന ചിലതുണ്ട്. വിവാഹം ജീവിതലക്ഷ്യമാണെന്നും പെണ്ണുടലുകളുടെ ജീവിത വിഹിതം അഥവാ പൂര്‍ണ്ണത വിവാഹത്തിലും പ്രസവത്തിലുമാണെന്ന് അവളെ പറഞ്ഞു പറഞ്ഞു പഠിപ്പിച്ച സമൂഹത്തെക്കുറിച്ച്. ‘കെട്ടിച്ചുവിടാനുള്ള’ ഉരുപ്പടിയായി മാത്രം പെണ്‍മക്കളെ പോറ്റുന്ന മാതാപിതാക്കള്‍ അടക്കമുള്ളത്. വിവാഹശേഷം ഭര്‍ത്താവ്, ഭര്‍തൃഗൃഹം എന്നത് മന്ത്രമായി കൊണ്ടുനടക്കുന്ന പെണ്‍മക്കള്‍ മാതാപിതാക്കള്‍ക്ക് എന്നും അധികപ്പറ്റാണ്,തിരികെ ചേരാത്ത മുതല്‍മുടക്ക്. (അതുകൊണ്ട് തന്നെ ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ളതിനേക്കാള്‍ നാമ മാത്രമായിരിക്കും പെണ്‍മക്കള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന പഠനച്ചെലവ്).
വിവാഹത്തിലൂടെയാവണം സ്വാര്‍ത്ഥതയുടെ വിത്തിനെ അവളില്‍ മുളപ്പിക്കുന്നത്. ഭര്‍തൃഗൃഹത്തിലേക്ക് കാലെടുത്തു കുത്തുന്നതിന്‍്റെ ആദ്യപാഠം, തിരിഞ്ഞു നടത്തം ആവശ്യമില്ളെന്ന അറിവിലേക്ക് കൂടിയാണല്ളോ? മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ വാത്സല്യത്തിന്‍്റെയോ വിദ്യയുടെയോ സംസ്കാരത്തിന്‍റെയോ ചെറിയൊരംശംപോലും തിരികെ നല്‍കണമെന്ന് അവളെ പഠിപ്പിക്കുന്നില്ല സമൂഹം. വിവാഹശേഷവും ഭര്‍ത്താവ് അവന്‍റെ മാതാപിതാക്കള്‍ക്ക് നല്‍കുന്ന സ്നേഹാദരങ്ങളും പരിരക്ഷയും അതേ അളവില്‍ സ്വന്തം മാതാപിതാക്കള്‍ക്ക് നല്‍കാന്‍ പെണ്ണിനാവുന്നില്ല. മാത്രവുമല്ല, ഭര്‍ത്താവിന്‍റെ തൃപ്തിയും അതൃപ്തിയും അളന്നു ചിട്ടപ്പെടുത്തി വേണം സ്വഗൃഹത്തിലേക്കുള്ള അവളുടെ എത്തിനോട്ടത്തിന്‍്റെ നാളുകള്‍ കുറിച്ചെടുക്കാന്‍.
ഇനി വിദ്യാസമ്പന്നകളുടെ കാര്യം. വിവാഹക്കമ്പോളത്തിലെ നിലവാരപ്പട്ടികയില്‍ സ്ഥാനം പിടിക്കാനുള്ള നല്ളൊരു ‘എലമെന്‍റ്’ വിദ്യാഭ്യാസമാണെങ്കിലും പെണ്ണിനെ സംബന്ധിച്ച് അതും അവളുടെ രക്ഷക്കത്തെുന്നില്ല. എത്ര തന്നെ നിഷേധിച്ചാലും വിദ്യാസമ്പന്നക്കുപോലും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഇടങ്ങള്‍ കുറഞ്ഞുവരികയാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കാനാവില്ല. പല അവകാശങ്ങളും അവള്‍ക്ക് വിവാഹത്തോടെ അടിയറ വെക്കേണ്ടിവരുന്നു.
വേണ്ടത് സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം
സാമൂഹ്യക്രമത്തിന്‍റെ സ്വാഭാവിക നിലനില്‍പ്പിനായുള്ള കുടുംബമെന്ന മികച്ച സ്ഥാപനത്തിന് വിവാഹം അവശ്യ ഘടകമാണെങ്കിലും അത് സ്വാഭാവികമായി വന്നുചേരേണ്ട ഒരു പ്രക്രിയയാണ്. അടിച്ചേല്‍പ്പിക്കേണ്ടതോ,ആചാരമോ,നിര്‍ബന്ധമോ,ഒഴിച്ചുകൂടാനാവാത്തതോ അല്ല. സ്വത്വ പൂര്‍ണതക്ക് ഒരു കൂട്ട് ആവശ്യമാണെന്നു തോന്നി തുടങ്ങുമ്പോള്‍ ചിന്തിച്ചു തുടങ്ങണ്ടേ ഒന്നാണത്. വിവാഹം വേണമോ വേണ്ടയോ എന്നിടത്ത് അടിച്ചേല്‍പിക്കലില്ലാത്ത സ്വയം തീരുമാനം വ്യക്തിക്ക് വകവെച്ചു നല്‍കലാണ് പ്രധാനം. മകന്‍റെയും മകളുടെയും വിവാഹ സങ്കല്‍പ്പങ്ങള്‍ക്ക് രണ്ടുനിറം ചാര്‍ത്താതിരിക്കലാണ് ഇതില്‍ നന്നെ ചുരുങ്ങിയത് മാതാപിതാക്കള്‍ ചെയ്യേണ്ടത്. നടപ്പു വ്യവസ്ഥയില്‍, ഒരാണ്‍കുട്ടിയോട് ചെയ്യുന്നത് പോലെ വളര്‍ന്ന് സ്വയംപര്യാപ്തയാകുന്നതുവരെ മകളുടെ വിവാഹത്തെക്കുറിച്ചുള്ള വര്‍ത്താമനങ്ങളില്‍ അവളെ അസ്വസ്ഥപ്പെടുത്താതിരിക്കുക. വിവാഹം വൈകുകയോ സാധിക്കാതെ വരികയോ ചെയ്യുമ്പോള്‍ പെണ്‍കൂട്ടികളുടെ നേരെ സഹതപിക്കുന്ന കണ്ണുകള്‍ക്ക് നേരെ ചാട്ടുളി എറിഞ്ഞു പ്രതിഷേധിക്കേണ്ട സമയം എന്നേ കഴിഞ്ഞുപോയി. അതിനുള്ള തന്‍റേടത്തോടെ പെണ്‍കുട്ടികളെ വളര്‍ത്തുക എന്ന ദൗത്യത്തിലേക്കാവണം ഇനിയെങ്കിലും മാതാപിതാക്കളുടെ കാല്‍വെപ്പ്.
വിവാഹം ഒരു മനുഷ്യന്‍റെയും ജീവിത ലക്ഷ്യമല്ല. സ്വതന്ത്ര വ്യക്തിയെ കുടുംബമെന്ന കൂട്ടില്‍ അടയ്ക്കാനുള്ള ഒരു പ്രക്രിയയില്‍ കൂടുതല്‍ ഒന്നുമല്ലായിരിക്കുന്നിടത്ത് വിവാഹത്തിന്‍റെ സങ്കല്‍പങ്ങള്‍ തന്നെ പൊളിച്ചെഴുതുകയാണ് വേണ്ടത്. രണ്ടുപേര്‍ക്ക് പരസ്പരം മനസ്സറിഞ്ഞു പൊരുത്തപ്പെട്ടു ജീവിക്കാന്‍ സ്വര്‍ണ്ണം, പണം,അറകള്‍ ഒക്കെ എന്തിന്? ആരോ ഉണ്ടാക്കിവെച്ച കെട്ടുനാറുന്ന ആചാരങ്ങളും സംസ്കാരങ്ങളും അടിസ്ഥാനവും അലങ്കാരവുമാവുന്നിടത്ത് അത്തരം വിവാഹം തന്നെ വേണ്ടെന്നുവെക്കാനുള്ള ദൃഢനിശ്ചയമാണ് പ്രധാനം. വിവാഹ പ്രക്രിയ അതിലളിതമാക്കാത്തിടത്തോളം അത് ബഹിഷ്ക്കരിക്കേണ്ടതും അനിവാര്യതയാണ്. ഇത്തരം ജീര്‍ണതക്കെതിരില്‍ ചെറുചലങ്ങള്‍ ഉയര്‍ത്തി ഒരു പുത്തന്‍ തലമുറ വളര്‍ന്നുവരുന്നുണ്ട്. അവരില്‍ തന്നെയാണു പ്രതീക്ഷയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.