ഷീനാ ബോറ കൊല; സിനിമ തോല്‍ക്കുന്ന ക്രൈം ത്രില്ലര്‍
text_fieldsദുരൂഹതയും ലൈംഗികതയും ക്രൂരതയും യഥാവിധി കോര്‍ത്തിണക്കിയ ഹോളീവുഡ് ക്രൈം ത്രില്ലര്‍ സിനമക്കു സമാനമായാണ് ശീനാ ബോറ കൊലപാതകത്തിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. പെറ്റമ്മ ഇന്ദ്രാണി മുഖര്‍ജിയും രണ്ടാനഛന്‍ സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാം മനോഹര്‍ റായിയുടെ സഹായത്തോടെ ശീനയെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെന്നിലെ വിജനമായ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍ കൊണ്ടുപോയി ജഢം ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി കത്തിച്ചുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടത്തെിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൊലപാതകത്തേക്കാള്‍ പൊതു ജന ജിജ്ഞാസ ഇന്ദ്രാണി മുഖര്‍ജിയെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതയിലാണ്. ഇന്ത്യന്‍ ചാനല്‍ മേഖലയില്‍ വിപ്ളവം സൃഷ്ടിക്കാനായി സ്റ്റാര്‍ ഇന്ത്യയുടെ മേധാവിയായി മര്‍ഡോക്ക് രംഗത്തിറക്കിയ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയാണ് ഇന്ദ്രാണി എന്നത് ശീനാ ബോറ കൊലക്കേസിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. മാത്രമല്ല, പീറ്റര്‍ മുഖര്‍ജിയുടെ പിന്തുണയില്‍ ഐ.എന്‍.എക്സ് മീഡിയ സ്ഥാപിച്ച് മാധ്യമ മേധാവിത്വത്തിലെ ആദ്യ ഇളം പ്രായക്കാരിയായി ഇന്ദ്രാണി വഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
ഒരു കൊലപാതകം നടത്തി അത് മൂന്നു വര്‍ഷത്തോളം മറച്ചുവെക്കാന്‍ 43 കാരിയായ ഇന്ദ്രാണിക്കു കഴിഞ്ഞുവെന്നത് കൗതുകം സൃഷ്ടിക്കുമ്പോഴാണ് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും തന്‍െറ വി.വി.ഐ.പി സുഹൃദ് സംഘങ്ങളും വിശ്വസിച്ചതു പോലെ ശീന ബോറ ഇന്ദ്രാണിയുടെ സഹോദരിയല്ളെന്ന് വെളിപ്പെടുന്നത്. താനും ശീനയും ഇന്ദ്രാണിയുടെ മക്കളാണെന്ന് പറഞ്ഞ്, ഇന്ദ്രാണിയുടെ അഛനും അമ്മക്കുമൊപ്പം അസമില്‍ കഴിയുന്ന മിഖായേല്‍ ബോറ രംഗത്തുവരികയായിരുന്നു. അവിടുന്നിങ്ങോട്ട് ഇന്ദ്രാണി തന്നെ ഒരു സമസ്യയായി മാറി.
ഇന്ദ്രാണിക്ക് മൂന്ന് ഭര്‍ത്താക്കന്മാരും ഒരു കാമുകനും ഉണ്ടായിരുന്നുവെന്നതാണ് ഒരു കഥ. പതിനഞ്ചാം വയസ്സില്‍ നേപ്പാളുകാരനായ കാമുകനില്‍ ഉണ്ടായവരാണ് ശീനയും മിഖായേലുമെന്ന് പറയപ്പെടുന്നു. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നേപ്പാളുകാരനായ കാമുകന്‍ ദുരൂഹതയായി നില്‍ക്കെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വീര്‍ സാംഗ്വി ഇന്ദ്രാണി കൗമാരകാലത്ത് രണ്ടാനഛനാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തുവരുന്നത്. ശീന രണ്ടാനഛനില്‍ അമ്മക്കുണ്ടായ മകളാണെന്ന് ഇന്ദ്രാണി മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് സാംഗ്വി പറയുന്നു. ഇതേ കഥ തന്നെയാണ് ഇന്ദ്രാണി തന്‍െറ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയോടും പറഞ്ഞത്. രണ്ടാനഛനില്‍ അമ്മക്കുണ്ടായവരാണ് ശീനയും മിഖായേലുമെന്ന്. ശീന ബോറക്ക് രണ്ടും മിഖായേലിന് ഒരു വയസ്സും തികയുമ്പോഴാണ് ഇന്ദ്രാണിയുടെ ആദ്യ വിവാഹം. സിദ്ധാര്‍ഥ് ദാസ് എന്നയാളുമായിട്ടായിരുന്നു വിവാഹം. എന്നാല്‍, സിദ്ധാര്‍ഥ് ദാസിനൊപ്പമുള്ള ജീവിതം അധികനാള്‍ നീണ്ടില്ല. ഈ ബന്ധത്തില്‍ കുട്ടികളില്ളെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഉപരി പഠനത്തിന് ഷില്ളോങിലേക്ക് പോയ ഇന്ദ്രാണി സഞ്ജീവ് ഖന്നയുമായി അടുക്കുകയും വിവാഹം ചെയ്യുകയുമായിരുന്നു. സഞ്ജീവ് ഖന്നക്ക് അസമില്‍ ബിസിനസ്സ് തുടങ്ങാന്‍ ഇന്ദ്രാണിയുടെ അഛന്‍ സഹായിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ വിധി എന്ന പേരില്‍ മകളുണ്ട്. സഞ്ജീവ് ഖന്ന അസമിലെ ഇന്ദ്രാണിയുടെ വീട്ടിലിരിക്കെ മകള്‍ വിധിയുമായി ഇന്ദ്രാണി മുംബൈയിലേക്ക് പോരുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
മുംബൈയില്‍ എച്ച്.ആര്‍ ബിസിനസ്സ് നടത്തിവരുമ്പോഴാണ് പീറ്റര്‍ മുഖര്‍ജിയുമായി അടുക്കുന്നത്. തന്നെയും ഇളം കുഞ്ഞിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചു പോയെന്നായിരുന്നു അന്ന് സുഹൃദ് സംഘങ്ങളോടും പീറ്ററോടും ഇന്ദ്രാണി പറഞ്ഞത്. ചെല്ലുന്നിടത്തെല്ലാം ബോധപൂര്‍വ്വം തന്നെ കുറിച്ച് ഒരു കഥ അവര്‍ മെനഞ്ഞെടുത്ത് പ്രചരിപ്പിച്ചു. 2002 ലാണ് പീറ്റര്‍ മുഖര്‍ജിയുമായി വിവാഹം. അന്ന് മകള്‍ വിധിയെ പീറ്റര്‍ മകളായി ദത്തെടുക്കുകയും ചെയ്തു. പീറ്ററുമായുള്ള വിവാഹത്തോടെ ഇന്ദ്രാണി മുഖ്യധാരയിലേക്ക് ഉയര്‍ന്നു. പിന്നീട്, അവരുടെ അഭിലാഷങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ മിടുക്കുകാട്ടി. അങ്ങനെ പ്രബലയായി അവര്‍ വളര്‍ന്നു. ഇതിനിടയില്‍, തന്‍െറ രണ്ടാനഛനില്‍ അമ്മക്കുള്ള മക്കളായ ശീനയെയും മിഖായേലിനയെും പറ്റി ഇന്ദ്രാണി തന്ത്രപൂര്‍വ്വം പീറ്ററോട് പറഞ്ഞു. അവരെ സഹായിക്കാനാണത്രെ പീറ്റര്‍ നിര്‍ദേശിച്ചത്. അങ്ങിനെ 2004ല്‍ ഇന്ദ്രാണി തന്‍െറ മക്കളുടെ അടുത്തേക്ക് മടങ്ങി. നിങ്ങളിനി തന്‍െറ മക്കളല്ല, സഹോദരങ്ങളാണെന്ന് ഇന്ദ്രാണി മക്കളോട് പറഞ്ഞു. ഈ സംഭവം മിഖായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ സഹായിക്കാമെന്നാണ് കരാര്‍. അങ്ങിനെ ശീനയെ കോളജ് പഠനത്തിനായി മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു.
മുംബൈയിലത്തെിയ ശീന പീറ്റര്‍ പമുഖര്‍ജിക്ക് ആദ്യ ഭാര്യ ശബ്നത്തിലുള്ള മകന്‍ രാഹുലുമായി അടുത്തു. ശീനക്ക് സഹോദരിയുടെ സ്ഥാനമാണെന്ന് രാഹുലിനും മകളുടെ സ്ഥാനമാണെന്ന് പീറ്ററിനും അറിയില്ലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നീണ്ട സംഭവങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പൊലീസിന്‍െറ നിഗമനം. ശീനയും രാഹുലും ഇന്ദ്രാണിയെ ധിക്കരിച്ച് ഒരുമിച്ച് താമസിച്ചു തുടങ്ങിയതോടെയാണ് മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുമായി ചേര്‍ന്ന് കൊല ആസൂത്രണം ചെയ്യുന്നത്. ശീനക്കൊപ്പം മിഖായേലിനെയും ഇല്ലാതാക്കുകയായിരുന്നു പദ്ധതി.
ഇന്ദ്രാണിയുടെ പൂര്‍വ്വകാല ജീവിതത്തിലേക്കുള്ള പിടിവള്ളിയായിരുന്നു ശീനയും മിഖായേലും. അത് ഇല്ലാതാക്കുകയാകാം ഇന്ദ്രാണിയുടെ ലക്ഷ്യമെന്ന് കരുതുന്നു. ഒപ്പം, ഇവരെ ഇല്ലാതാക്കുന്നതോടെ സ്വത്തിന്‍െറ പിന്തുടര്‍ച്ചാവകാശം പീറ്റര്‍ ദത്തെടുത്ത തന്‍െറ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്നയിലുണ്ടായ മകള്‍ വിധിക്ക് മാത്രമാകുമെന്ന കണക്കുകൂട്ടലും സംശയിക്കപ്പെടുന്നു. വഴി പിരിഞ്ഞിട്ടും സഞ്ജീവ് ഖന്ന ഇന്ദ്രാണിയുമായി ബന്ധം തുടര്‍ന്നതും കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായതും ദുരൂഹത വര്‍ധിപ്പിക്കുന്നു. രണ്ട് മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിനൊടുവിലാണ് മുംബൈ പൊലീസ് ഡ്രൈവര്‍ ശ്യാം മനോഹറിനെയും പിന്നീട് ഇന്ദ്രാണിയെയും അറസ്റ്റ് ചെയ്യുന്നത്. മുംബൈ പൊലീസില്‍ ചാരന്മാര്‍ ധാരാളമുള്ള ഉദ്യോഗസ്ഥനാണ് മുംബൈ പൊലീസ് കമീഷണര്‍ രാകേഷ് മാരിയ. അദ്ദേഹത്തിനു ലഭിച്ച രഹസ്യ വിവരമാണ് കൊലപാതകത്തിന്‍െറ ചുരുളഴിക്കലിന് വഴിതുറന്നത്. കമീഷണര്‍ പദവിയില്‍ നിന്ന് വിടപറയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മാരിയക്കു കിട്ടിയ ഹൈ പ്രൊഫൈല്‍ കേസാണിത്. രണ്ട് മാസത്തോളം തന്‍െറ വിശ്വസ്ഥനായ ഇന്‍സ്പെക്ടറെ ഡ്രൈവര്‍ക്കും ഇന്ദ്രാണിക്കും പിന്നാലെ വിട്ടതിന് ശേഷമാണ് കഴിഞ്ഞാഴ്ച അറസ്റ്റുകളിലേക്ക് കടന്നത്. കേസന്വേഷണവും അതിവേഗം പുരോഗമിക്കുകയാണ്. തന്‍െറ കാലാവധി പൂര്‍ത്തിയാകും മുമ്പ് മാരിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.