സംഭവിച്ചത് കേരളവര്‍മ്മയിലോ കേരളത്തിലോ?
text_fieldsപറയുന്നത് കേരളത്തിന്‍െറ ‘സാംസ്കാരിക തലസ്ഥാന’ത്തെ ചില വിശേഷങ്ങളാണ്. പുതിയ കാലത്ത് തൃശൂരിന് ഈ വിശേഷണം എങ്ങനെയൊക്കെ ചേരും എന്ന് പുനരാലോചിക്കേണ്ട ചില സൂചനകള്‍ കൂടിയാണത്.
നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന്‍െറ പിന്നാലെ തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിലുള്ള ഒരു കലാലയത്തിലുണ്ടായ സാംസ്കാരിക വിശേഷമാണ് അതില്‍ ആദ്യം. ഗുരുവായൂര്‍ ദേവസ്വം നടത്തുന്ന കോളജാണ് ശ്രീകൃഷ്ണ. മോദിയെക്കുറിച്ച് ചില ചോദ്യങ്ങളും അതിന് ചേരുംപടി ചേര്‍ക്കാനുള്ള ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന മാഗസിന്‍ കോളജ് യൂണിയന്‍ അച്ചടിച്ചു. എന്നാല്‍, മാഗസിന്‍ അച്ചടിക്ക് മാനേജ്മെന്‍റ് ഫണ്ട് കൊടുത്തില്ല. അവിടെയും തീര്‍ന്നില്ല; യൂണിയന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്ത് കേസുമെടുത്തു.
ഏതാണ്ട് അതേസമയത്താണ് കുന്നംകുളത്തെ ഗവ. പോളിടെക്നിക്കില്‍ മാഗസിനിലെ ഒരു പേജിനെച്ചൊല്ലി പ്രശ്നമുണ്ടായത്. ഭരണം എ.ബി.വി.പിക്ക് ആയിരുന്നെങ്കിലും മാഗസിന്‍െറ ചുമതല എസ്.എഫ്.ഐക്കായിരുന്നു. ലോകത്ത് ഏറ്റവും വെറുക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മോദിയുടെ ചിത്രം കൂടി ഉള്‍പ്പെട്ട ആ മാഗസിന്‍െറ പ്രത്യാഘാതം പ്രിന്‍സിപ്പലും മാഗസിന്‍ ഉപദേശകനായ അധ്യാപകനും സ്റ്റുഡന്‍റ് എഡിറ്ററും അറസ്റ്റ് ചെയ്യപ്പെട്ടു എന്ന നടുക്കമുളവാക്കുന്ന സംഭവമായിരുന്നു.
2015 പിറന്നപ്പോള്‍ തൃശൂരിലെ ഗവ. മാഹാരാജാസ് പോളിടെക്നിക്കിലാണ് അടുത്ത സാംസ്കാരിക സംഭവമുണ്ടായത്. ഏതാണ്ട് കുന്നംകുളത്തിന്‍െറ മാതൃകയില്‍ ഒരു മാഗസിന്‍ അച്ചടിക്കാന്‍ കൊടുത്തു. മുന്‍കൂറായി പണവും കൊടുത്തു. നാടിന്‍െറ ഗതി അറിയാനുള്ള വിശേഷ ബുദ്ധി സ്വകാര്യ പ്രസ്സുകാര്‍ക്കു തന്നെ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ മാഗസിന്‍ അച്ചടിച്ചതേയില്ല. ഏറ്റവും ഒടുവില്‍ തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ ഒരു പ്രതിഷേധ സമരത്തിന്‍െറ പേരില്‍ വിവാദം അലയടിക്കുമ്പോള്‍, കേരളത്തെ അടുത്ത ലക്ഷ്യസ്ഥാനമാക്കാന്‍ ചിലര്‍ക്ക് പ്രേരകമാകുന്നത് എന്തെല്ലാമെന്നതിന്‍െറ ഉത്തരംകൂടി അതില്‍ ഒളിഞ്ഞു കിടപ്പുണ്ട്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ് കേരളവര്‍മ്മ കോളജിന്‍െറ ഉടമ. പതിറ്റാണ്ടുകളുടെ പാരമ്പര്യം. മഹാരഥന്മാരായ പലരും അധ്യാപകരായിരുന്നു. പഠിച്ചവര്‍ പലരും പിന്നീട് മഹാന്മാരായി. ദേവസ്വം ബോര്‍ഡിന് പണമുണ്ടെങ്കിലും കോളജിലെ ക്ളാസ് മുറികള്‍ നന്നാക്കാനോ ഒരു ലൈറ്റോ ഫാനോ പിടിപ്പിക്കാനോ ഇതുവരെ തോന്നിയിട്ടില്ല. ആ മാനേജ്മെന്‍റാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പണിയൊപ്പിച്ചത്. കോളജില്‍ ഓഡിറ്റോറിയം നിര്‍മിച്ച കൂട്ടത്തില്‍ ആല്‍ത്തറ പുതുക്കി പണിതു. ‘ദീര്‍ഘദര്‍ശിയായ’ ഏതോ ഒരാള്‍ ആല്‍ത്തറയിലെ കല്ളെടുത്ത് നിവര്‍ത്തി നിര്‍ത്തി. നാളുകള്‍ കഴിഞ്ഞപ്പോള്‍ അതിനു മുന്നില്‍ വിളക്ക് കത്തിത്തുടങ്ങി. കെടാവിളക്ക് പോലെ അതിപ്പോള്‍ കത്തിനില്‍ക്കുന്നു. അതൊരു തുടക്കമായിരുന്നു. ലക്ഷ്യം എവിടേക്കായിരുന്നുവെന്ന് ഇപ്പോള്‍ ഏതാണ്ട് മനസ്സിലാവും.
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ച് ഒരു ഗൃഹനാഥനെ തല്ലിക്കൊന്നതിലുള്ള പ്രതിഷേധം കേരളവര്‍മ്മ കാമ്പസിലെ എസ്.എഫ്.ഐക്കാര്‍ ബീഫ്ഫെസ്റ്റ് നടത്തിയാണ് പ്രകടിപ്പിച്ചത്. അതിനെ തടയാന്‍ എ.ബി.വി.പി രംഗത്തത്തെി. കേരളവര്‍മ്മ കാമ്പസിലൊരു ക്ഷേത്രമുണ്ടെന്നും അവിടെ മാംസാഹാരം നിഷിദ്ധമാണെന്നുമാണ് വാദം. അതുകേട്ട പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടിപ്പോയി. നിഷിദ്ധമായത് എന്നു മുതലാണെന്ന് അവരില്‍ പലരും പരസ്പരം ചോദിച്ചു. തങ്ങള്‍ പഠിച്ച കാലത്ത് പങ്കിട്ടു കഴിച്ച ഉച്ചഭക്ഷണത്തില്‍ മാംസാഹാരവും ഉണ്ടായിരുന്നല്ളോ എന്ന് അവര്‍ മനസ്സു തുറന്നു. അതിനേക്കാള്‍ വലിയ ആശ്ചര്യം ക്ഷേത്രത്തിന്‍െറ കാര്യത്തിലായിരുന്നു. ‘ഏത് ക്ഷേത്രം?’ എന്നാണ് ചോദ്യം. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ പണ്ട് ഒഴിവു വേളകളില്‍ കാറ്റുകൊണ്ടിരുന്ന ആല്‍ത്തറയല്ല കേരളവര്‍മ്മയിലെ ഇന്നത്തെ ആല്‍ത്തറ. അതൊന്ന് കാണണം. നാളെയൊരുനാള്‍ നിത്യപൂജ നടത്താവുന്ന അവസ്ഥയില്‍ ഒരു ‘ക്ഷേത്രം’ വളരുന്നുണ്ട്!
ബീഫ് ഫെസ്റ്റിന്‍െറ പേരില്‍ തല്ലുണ്ടായതിന് തെറ്റ് പറയാനില്ല. വിദ്യാര്‍ഥി സംഘടനകളാവുമ്പോള്‍ എന്തെങ്കിലുമൊരു ഫെസ്റ്റിന്‍െറ പേരില്‍ തല്ലുണ്ടാക്കണം. എന്നാല്‍ അതിനൊരു ക്ഷേത്രത്തിന്‍െറ പശ്ചാത്തലമുണ്ടാകുക, കോളജ് മാനേജ്മെന്‍റും ‘പ്രബുദ്ധരായ(?)’ ഒരു വിഭാഗം അധ്യാപകരും അതിനെ ന്യായീകരിക്കുക! മോദിയും അമിത്ഷായും കേരളത്തിലേക്കു നോക്കി വെള്ളമിറക്കുന്നത് വെറുതെയല്ളെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.
വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളല്ളെന്നും കലാലയങ്ങളില്‍ പിന്തുടരേണ്ടത് ക്ഷേത്രാചാരമല്ളെന്നും പറഞ്ഞ് കേരളവര്‍മ്മയില്‍ മലയാളം പഠിപ്പിക്കുന്ന ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് വിഷയത്തിന്‍െറ രഷ്ട്രീയമാനം പുറംലോകത്തേക്ക് എത്തിയത്. കലാ‘ക്ഷേത്ര’ത്തിലേക്ക് ബീഫ് കടത്തേണ്ടെന്ന് പറയുന്നവര്‍ ക്ഷേത്രത്തില്‍ അശുദ്ധി സമയത്ത് സ്ത്രീകള്‍ കയറരുതെന്ന് നാളെ പറഞ്ഞേക്കാം’ എന്ന ദീപയുടെ ആധി തള്ളാനാവുമോ? കേരളവര്‍മ്മയില്‍ ക്ഷേത്രമുള്ളതു കൊണ്ട് വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കേണ്ടെന്നും നാളെ പറഞ്ഞേക്കാം. എ.ബി.വി.പിയുടെ പരാതിയില്‍ ദീപക്കെതിരെ അന്വേഷണം നടത്താന്‍ മാത്രം ‘ധര്‍മ്മ സംസ്ഥാപനം’ നടത്തുന്നവരാണ് കോണ്‍ഗ്രസ് ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എന്നുകൂടി അറിയുമ്പോഴാണ് ഫാഷിസം എത്രത്തോളം പിടിമുറുക്കി കഴിഞ്ഞുവെന്ന് മനസ്സിലാവുക.
എസ്.എഫ്.ഐ അടിമുടി കറതീര്‍ന്ന വിദ്യാര്‍ഥി സംഘടനയാണെന്ന വാദമൊന്നും നിരത്തുന്നില്ല. കൈയിലിരിപ്പ് കുറേ കുഴപ്പം പിടിച്ചതാണെന്ന് പറയുന്നവരുടെ പക്ഷം ചേരാന്‍ മടിയുമില്ല. പക്ഷെ, ഇവിടെ ബീഫ് ഫെസ്റ്റിന്‍െറ സംഘാടകര്‍ എസ്.എഫ്.ഐ ആയി എന്നതുകൊണ്ട് തള്ളിപ്പറയാമോ എന്ന ചോദ്യം അവരുടെ സഹ വിദ്യാര്‍ഥി സംഘടനക്കാരോടു കൂടി ചോദിക്കേണ്ടി വരുന്നു.
കേരളവര്‍മ്മയില്‍ ഈ വിവാദം കത്തിപ്പടരുമ്പോഴാണ് ശ്രീശങ്കരന്‍െറ പേരില്‍ സംസ്കൃത ചിത്തരുടേതായി കാലടിയിലുള്ള സര്‍വകലാശാലയില്‍ വര്‍ഗീയ വിരുദ്ധ സെമിനാര്‍ നടത്താന്‍ അധികൃതര്‍ അനുമതി നിഷേധിക്കുന്നത്. യജമാനന്‍ എന്ത് ആഗ്രഹിക്കുന്നുവെന്ന് മനസ്സില്‍ കാണുന്നവരുടെ കാലത്ത് ഇതിലപ്പുറവും സംഭവിക്കും.
കേരളവര്‍മ്മയിലെ പ്രശ്നം നാടിന്‍െറ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ് ഒരുമിച്ച് നേരിടാന്‍ പലരും ഇനിയും തയാറായിട്ടില്ല. ഗോമാംസം കഴിക്കുന്നതിന് കോളജില്‍ മുന്‍പ് ഒരുവിധ വിലക്കും ഇല്ലായിരുന്നുവെന്നും ലേഡീസ് ഹോസ്റ്റലില്‍ അടക്കം മാംസംഹാരം ഉപയോഗിച്ചിരുന്നുവെന്നും സാക്ഷ്യപ്പെടുത്തി പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും പ്രമുഖ കവിയുമായ വി.ജി തമ്പി രംഗത്തത്തെിയെന്നതൊഴിച്ചാല്‍ മഹാമൗനത്തിലാണ്ട കേരളത്തിലെ സാംസ്കാരിക നായകന്മാരോടും ബുദ്ധിജീവികളോടുമാണ് (അങ്ങനെയൊന്ന് അവശേഷിക്കുന്നുണ്ടോ ആവോ) ഈ ചോദ്യം. നരേന്ദ്ര ധബോല്‍ക്കറേയും ഗോവിന്ദ് പന്‍സാരെയേയും ഡോ. എം.എം. കല്‍ബുര്‍ഗിയേയും വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്മാര്‍ നടത്തിയ കൊലയല്ല എന്നെങ്കിലും നിങ്ങളൊക്കെ മനസ്സിലാക്കി വച്ചിരിക്കുമല്ളോ അല്ളേ? ആ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചു കൊടുക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യത്തെ പേരുകാര്‍ മലയാളത്തില്‍നിന്നുള്ള നിങ്ങള്‍ ആരെങ്കിലും ആയിരിക്കണമെന്ന് ആശിച്ചു പോയി.
ഏറ്റവുമൊടുവില്‍, നെഹ്റുവിന്‍െറ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്‍െറ മകള്‍ നയന്‍താര സെഹ്ഗലും കേന്ദ്ര സാഹിത്യ അക്കാദമിക്ക് പുരസ്കാരം തിരിച്ചു കൊടുത്തിരിക്കുന്നു. നിങ്ങളോ? സംഘ്പരിവാറിന് ചൂട്ടുപിടിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷി രൂപം കൊള്ളുമ്പോള്‍ അതിന്‍െറ രക്ഷാധികാരിയാകാന്‍ ഒരുങ്ങുന്ന കേരളത്തിന്‍െറ ‘ശാസ്ത്രമുത്തുകള്‍’ ഈ വയസ്സാംകാലത്ത് എന്ത് ലാഭമാണ് ഉന്നം വെക്കുന്നത്?
നമ്മള്‍ പറയാറുണ്ടല്ളോ, അദ്ദേഹത്തിന്‍െറ മരണം കനത്ത നഷ്ടവും നികത്താനാവാത്ത വിടവുമാണെന്ന്. അതിപ്പോള്‍ കേരളം ശരിക്കും അനുഭവിക്കുന്നു. സുകുമാര്‍ അഴീക്കോടും എം.എന്‍. വിജയനും ശേഷം നട്ടെല്ലുള്ളവരുടെ കുറ്റിയറ്റെന്ന് നിങ്ങള്‍ ഞങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ‘എന്നെയല്ല,എന്നോടല്ല’ എന്നു പറഞ്ഞ് ഒഴിഞ്ഞു മാറുന്നതുവരെ നിങ്ങള്‍ക്കെല്ലാം ‘നല്ല ദിവസം‘ വരട്ടെ എന്നാശംസിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.