പെരിയാറിലെ മത്സ്യങ്ങള്‍ ആത്മഹത്യ ചെയ്യുന്നുവോ?
text_fieldsമരണത്തിന്‍റെ വക്കിലൂടെ കടന്നുപോവുകയാണ് കേരളത്തിന്‍റെ ജീവനാഡികള്‍ ആയ ഓരോ പുഴയും. എല്ലാതരം മാലിന്യങ്ങളും തള്ളിവിടാനുള്ള അഴുക്കുചാലുകള്‍ ആണ് നമുക്കിന്ന് പുഴകള്‍. ജനങ്ങളെ പോലെ തന്നെ പുഴകളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും കൈകള്‍ അവയുടെ മരണത്തിന് ആക്കമേറ്റുന്നു. ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചുമതലപ്പെടുത്തിയ കൊച്ചി യൂണിവേഴ്സിറ്റിയിലെ ഡോ. ബിജോയ് നന്ദന്‍ നടത്തിയ പഠനവും അനുബന്ധ കാര്യങ്ങളും. സത്യത്തില്‍ പുഴയെയും പ്രകൃതിയെയും നെഞ്ചേറ്റുന്നവരുടെ ഉള്ളിലേക്ക് പതിച്ച വെടിയുണ്ടയാണത്.
പ്രകൃതിയെ മലിനീകരിക്കുന്ന കമ്പനികളെ സഹായിക്കുന്നതിന് തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് പെരിയാര്‍ തീരത്തെ സംയുക്ത സമരസമിതി എറണാകുളം കലക്ട്രേറ്റിലേക്ക് കഴിഞ്ഞ മാസം നാലിന് പ്രതിഷേധ മാര്‍ച്ചും റിപ്പോര്‍ട്ട് കത്തിക്കലും നടത്തിയിരുന്നു. എന്നാല്‍, അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ജനങ്ങളെ പരിഹസിച്ച് വ്യവസായശാലകള്‍ തുടര്‍ച്ചയായി രാസമാലിന്യം ഒഴുക്കി. പെരിയാര്‍ അങ്ങനെ വീണ്ടും ചുവന്ന് ഒഴുകി. വെളുപ്പിന് മത്സ്യം പിടിക്കാന്‍ പോയ തൊഴിലാളികളിലൂടെ ആണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. നാട്ടുകാരുടെ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ് പെരിയാറിനെ പലവര്‍ണത്തില്‍ മുക്കികൊണ്ട് വ്യവസായ മുതലാളിമാര്‍ പരസ്യമായി ഒരു സമൂഹത്തെ വെല്ലുവിളിച്ചൂ. പതിവ് പോലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന സൂചിക (വെള്ളത്തിന്‍റെ ഗുണനിലവാരം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ്) എല്ലാം കൃത്യം ആണ് എന്ന് എഴുതി കമ്പനികളോടുള്ള വിധേയത്വം പ്രകടിപ്പിച്ചു. പിറ്റേദിവസത്തെ പത്രത്തില്‍ മാലിന്യങ്ങള്‍ ഒന്നുംതന്നെ കണ്ടത്തൊന്‍ കഴിഞ്ഞില്ല എന്ന് വാര്‍ത്തകളും വന്നു. മത്സ്യം കിട്ടാതായ തൊഴിലാളികളും പുഴയെ നേരിട്ട് ആശ്രയിക്കുന്നവരും ഇനി ആരോട് പരാതി പറയാന്‍? അവര്‍ക്ക് അറിയേണ്ടത് പെരിയാറിലെ അപകടകരമായ മലിനജലം കുടിക്കാന്‍ വിധിക്കപ്പെട്ട പെരിയാറിന്‍റെ ഗുണഭോക്താക്കള്‍ ആയിട്ടുള്ള കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ മൗനത്തെക്കുറിച്ച് ആണ്.
പെരിയാര്‍ മലിനീകരണത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും
കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം ആയ കൊച്ചിയിലെ പെരിയാറിന്‍റെ തീരത്തുള്ള ഏലൂര്‍ ഇടയാര്‍ മേഖലയില്‍ കഴിഞ്ഞ 70 വര്‍ഷത്തിലധികമായി നടക്കുന്ന വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മൂലം പെരിയാര്‍ നദിയും, കൊച്ചി കായലും, അതിന്‍റെ തീരപ്രദേശങ്ങളും വലിയതോതില്‍ വിഷമയമായിക്കഴിഞ്ഞു. പെരിയാര്‍ നദിയുടെയും ഈ മേഖലയിലെ വ്യവസായശാലകളുടെ മലിനീകരണവും ആയി ബന്ധപ്പെട്ട ജനകീയ സമരങ്ങള്‍ക്ക് തന്നെ മൂന്ന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍, 2003ലെ സുപ്രീംകോടതി വിധിയുമായി ബന്ധപെട്ട പഠനം, അപകടകരങ്ങളായ മാലിന്യങ്ങളെക്കുറിച്ചുള്ള 15ഓളം വരുന്ന വിവിധ ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകള്‍ ഇവയെയെല്ലാം നോക്കുകുത്തികള്‍ ആക്കി കൊണ്ടാണ് വ്യവസായശാലകള്‍ മാലിന്യങ്ങള്‍ വലിയ രീതിയില്‍ തള്ളിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യക്കുരുതിക്കും നിറംമാറ്റത്തിനും കാരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ പെരിയാറില്‍ വിഷം കലക്കുന്നതാണെന്നുവരെ കേരള പോല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും വ്യവസായശാലകളും ചേര്‍ന്നു വ്യാജ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
2014ല്‍ മാത്രം പെരിയാര്‍ 44ഓളം തവണ നിറംമാറി ഒഴുകുകയും 23ഓളം തവണ മത്സ്യങ്ങള്‍ ചത്ത് പൊങ്ങുകയും ചെയ്ത സാഹചര്യം ഉണ്ടായെന്ന് പറയുമ്പോള്‍ അതിന്‍റെ ഭീകരാവസ്ഥ ഒന്നാലോചിച്ചുനോക്കുക. ഇതിന്‍റെ പശ്ചാത്തലത്തില്‍ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരികയുണ്ടായി. ഇതേ തുടര്‍ന്ന് ഉരുത്തിരിഞ്ഞ അനുരഞ്ജന പ്രക്രിയയില്‍, മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആണ് ആരോപണവിധേയരായ സംസ്ഥാന സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു (PCB)പുറത്ത് വിശ്വാസയോഗ്യം ആയ ഒരു വിദഗ്ധ സമിതിയെ പഠനത്തിനായി നിയോഗിക്കാന്‍ തീരുമാനിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഡോ.ബിജോയ് നന്ദനെയാണ് ഇതിനായി PCB നിയോഗിച്ചത്. എന്നാല്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും രാസമാലിന്യങ്ങള്‍ തള്ളുന്ന കമ്പനികളെയും പൂര്‍ണ്ണമായി വെള്ള പൂശുന്ന ഒരു റിപ്പോര്‍ട്ട് സര്‍ക്കാറിനു സമര്‍പ്പിച്ച ബിജോയ് നന്ദന്‍, 2011 മുതല്‍ 2014വരെയുള്ള കാലയളവില്‍ ഇതേ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗവും വര്‍ഷാവര്‍ഷം ബോര്‍ഡ് വിവിധ കമ്പനികള്‍ക്ക് നല്‍കുന്ന അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ വിദഗ്ധ അംഗമായി ചുമതല വഹിച്ചുകൊണ്ടിരിക്കുന്ന ആളുമാണ്. പെരിയാര്‍ മലിനീകരണം തടയാനുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ എന്നും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു വേണ്ടിയും, കാലാകാലങ്ങളായി ജലവായു മലിനീകരണം നടത്തി ലക്ഷക്കണക്കിന് ആളുകളെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയും വിടുപണി ചെയ്യുകയായിരുന്നു ബിജോയ് നന്ദന്‍ എന്നതായിരുന്നു വാസ്തവം.
ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?
ഓരോ മണിക്കൂറിലും വലിയ രീതിയില്‍ രാസ -ജൈവിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പെരിയാര്‍ നദിയില്‍ ആകെ രണ്ടു മാസത്തില്‍ വെറും എട്ടു തവണ മാത്രം ആണ് ഗവേഷകന്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത്. ഇത്തരത്തില്‍ ഉള്ള പഠനത്തില്‍നിന്ന് ഗവേഷകന്‍ കണ്ടത്തെിയ മത്സ്യക്കുരുതിക്കുള്ള പ്രധാന കാരണം പാതാളം ബണ്ടില്‍ അടിഞ്ഞുകൂടുന്ന ജൈവിക മാലിന്യങ്ങള്‍ ബണ്ട് തുറന്നപ്പോള്‍ വ്യവസായ മേഖലക്ക് സമീപം വന്ന് പതിച്ചത് മൂലം ഉള്ള ‘അനോക്സ്യ’ (ഓക്സിജന്‍്റെക അളവ് പൂജ്യം എന്ന അവസ്ഥ) രൂപപ്പെട്ടത് കൊണ്ടാണ് എന്നാണ്. ഈ റിപോര്‍ട്ട് ആണ് അദ്ദേഹം സംസ്ഥാന സര്‍ക്കാറിന് സമര്‍പിച്ചത്. ഈ സാഹചര്യത്തില്‍ ചില ചോദ്യങ്ങള്‍ക്ക് ബോര്‍ഡും ഡോ.ബിജോയ് നന്ദനും ഉത്തരം നല്‍കേണ്ടതുണ്ട്.
1. മത്സ്യക്കുരുതി ഉണ്ടാകുന്നതിന് പ്രധാന കാരണമായി കണ്ടത്തെപ്പെട്ടിരിക്കുന്നത് പെരിയാറില്‍ പാതാളം ബണ്ടിനു തെക്കുവശം രൂപപ്പെടുന്ന ‘അനോക്സ്യ’ ആണ് എന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ പഠന റിപ്പോര്‍ട്ടി ല്‍ വിശകലനം നടത്തിയ ഡാറ്റയില്‍ എവിടെയും ഓക്സിജന്‍റെ അളവ് പൂജ്യം ആയി കാണപ്പെടുന്നില്ല. അപ്പോള്‍ പിന്നെ ഏതു സാഹചര്യത്തില്‍ ആണ് ഗവേഷകന്‍ ‘അനോക്സ്യ’ എന്ന നിഗമനത്തില്‍ എത്തിചേര്‍ന്നത്?
2. പെരിയാര്‍ നദിയിലെ കുടിവെള്ള പമ്പിങ്ങ് സ്റ്റേഷന് സമീപം പാതാളം ബണ്ടിനു വടക്കു ഭാഗത്ത് പെരിയാറില്‍ വലിയ തോതില്‍ അടിഞ്ഞു കൂടുന്നൂ എന്ന് പറയപ്പെടുന്ന ജൈവിക മാലിന്യങ്ങളുടെ സ്രോതസ്സ് എവിടെ നിന്നാണ് എന്ന് കൃത്യമായി ബോര്‍ഡും ഗവേഷകനും പറയേണ്ടത് ഒരു അനിവാര്യതയാണ്? ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന് വിശദീകരണം നല്‍കേണ്ട ബാധ്യത ഗവേഷകനുണ്ട്.
3. പാതാളം ബണ്ട് തുറന്നു വിടുകയും വ്യവസായ മേഖലക്ക് സമീപം മത്സ്യക്കുരുതി ഉണ്ടാവുകയും ചെയ്തത് 2014 ഏപ്രില്‍ 5നാണ്. അതിന് മുമ്പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ടി ല്‍ സൂചിപ്പിക്കുന്നതുപോലുള്ള ജൈവമാലിന്യം അടിഞ്ഞുകിടന്നിരുന്ന പാതാളം ബണ്ട് ഭാഗത്ത് എന്തുകൊണ്ടാണ് ഓക്സിജന്‍്റെ ശോഷണം മൂലമുള്ള മത്സ്യക്കുരുതി ഉണ്ടാകാതിരുന്നത്?
4. പാതാളം ബണ്ട് തുറക്കുമ്പോള്‍ വ്യവസായ ശാലകളില്‍ ശേഖരിച്ച് വെച്ചിരിക്കുന്നതായി പറയപ്പെടുന്ന മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കുന്നതായി പല വാര്‍ത്തകളും ഗവേഷണ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നിട്ടും തുടര്‍ച്ചയായുള്ള water qualtiy analysis പോലുള്ള പഠനം നടത്താതിരുന്നത് എന്തു കൊണ്ടാണ്?
മറ്റൊരു പ്രധാന വസ്തുത കൂടി വിവരിക്കേണ്ടതുണ്ട്. വ്യവസായ മാലിന്യങ്ങളുടെ സാന്നിധ്യം കാണപ്പെടുന്നില്ല എന്ന് റിപ്പോര്‍ട്ടി ല്‍ പറയുന്നു. എങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്കുകൂടി ബോര്‍ഡും ഗവേഷകനും മറുപടി പറയേണ്ടതാണ്
1.വ്യവസായ മേഖലയില്‍ നിന്നും പുറന്തള്ളപ്പെടുന്ന വെള്ളത്തിന്‍റെ ഡിസ്ചാര്‍ജ് പോയിന്‍റ് പെരിയാറില്‍ എവിടെയാണ്?
2.വ്യവസായ മേഖലയിലെ എല്ലാ കമ്പനികളും നൂറു ശതമാനവും ബോര്‍ഡിന്‍റെ നിബന്ധനകള്‍ പാലിച്ചാണോ പ്രവര്‍ത്തിക്കുന്നത്?
3.ഇത്തരത്തില്‍ വ്യവസായ മാലിന്യങ്ങളെപ്പറ്റി പരാമര്‍ശങ്ങള്‍ ഒന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ കാണപ്പെടാത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്‍്റെ അവസാന ഭാഗത്ത് വ്യവസായ മാലിന്യങ്ങള്‍ സംസ്കരിക്കപ്പെടണം എന്നെഴുതിയിരിക്കുന്നതിന്‍റെ ഉദ്ദേശ്യ ശുദ്ധി വിശദീകരിക്കപ്പെടേണ്ടതാണ്?
തെറ്റായ ശാസ്ത്രീയ നിഗമനത്തില്‍ കൂടിയും ശാസ്ത്രീയ ഗവേഷണ പൂര്‍ണത ഇല്ലാതെയും സാധാരണ ജനത്തിന്‍്റെ കണ്ണില്‍ പൊടിയിടാനുള്ള ഒരു റിപ്പോര്‍ട്ടാണ് ഇത്. തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മത്സ്യക്കുരുതി നിയന്ത്രിക്കാന്‍ ആവശ്യമായ ശാസ്ത്രീയമായ മുന്‍കരുതലുകളോ, പൊതുജനക്ഷേമം മുന്‍നിര്‍ത്തിയുള്ള എന്തെങ്കിലും ശുപാര്‍ശകളോ ഒന്നും തന്നെ റിപ്പോര്‍ട്ടില്‍ ഇല്ല. അതുകൊണ്ടുതന്നെ കേവലം സ്ഥാപിത താല്‍പര്യങ്ങളുള്ള ഒരാളുടെ ഭാവനാസൃഷ്ടി എന്നു മാത്രമേ കണക്കാക്കാന്‍ കഴിയൂ. നാളിതുവരെ പെരിയാര്‍ മലിനീകരണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളില്‍ നിന്ന് വിഭിന്നം ആയി ഈ റിപ്പോര്‍ട്ട് വ്യവസായശാലകളെ പൂര്‍ണമായും വെള്ളപൂശികൊണ്ട് പെരിയാര്‍ എവിടെ നിന്നോ ഒഴുക്കിക്കൊണ്ട് വരുന്ന മാലിന്യങ്ങള്‍ (ഉറവിടം വ്യക്തം അല്ല) ആണ് ഏലൂര്‍ ഇടയാര്‍ മേഖലയില്‍ മത്സ്യക്കുരുതിക്ക് കാരണം ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രകൃതിയുടെ ഒറ്റുകാര്‍
240ഓളം വ്യവസായശാലകള്‍ക്ക് മാലിന്യം പുറന്തള്ളുന്നതിന് 33ഓളം അംഗീകൃത ഭൂഗര്‍ഭ പൈപ്പുകളാണ് പെരിയാറില്‍ ഏലൂര്‍ ഇടയാര്‍ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് വിവിധ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. (70ഓളം അനധികൃത പൈപ്പുകള്‍ ഉണ്ടെന്നു നാട്ടുകാര്‍ പറയുന്നൂ). എന്നാല്‍ ഈ ഡിസ്ചാര്‍ജ് പോയിന്‍റുകളില്‍ എന്നും ഉയര്‍ന്ന അളവില്‍ കാണപ്പെട്ടിട്ടുള്ള അമോണിയയും ഫോസ്ഫേറ്റും ബിജോയ് നന്ദന്‍ റിപ്പോര്‍ട്ടില്‍ താരതമ്യേന ചെറിയ അളവില്‍ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അപ്രകാരമാണെങ്കില്‍ വ്യവസായശാലകള്‍ എല്ലാംതന്നെ നൂറ് ശതമാനവും PCB യുടെ നിബന്ധനകള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയേണ്ടി വരും. ഒരിക്കലും ന്യായീകരിക്കാനോ നീതീകരിക്കാനോ പറ്റാത്ത രീതിയില്‍ വളരെ ചുരുങ്ങിയ സമയംകൊണ്ട് പഠനം പൂര്‍ത്തിയാക്കി തെറ്റായ ശാസ്ത്രീയ നിഗമനങ്ങള്‍ റിപ്പോര്‍ട്ടിന്‍്റെ പല ഭാഗങ്ങളില്‍ ആവര്‍ത്തിച്ചു നിരത്തി അസത്യങ്ങളായ വസ്തുതകളെ സത്യമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. റിപ്പോര്‍ട്ടി ന്‍്റെ അവസാന ഭാഗത്തില്‍ KPCB നാളിതുവരെ മലിനീകരണ വിഷയങ്ങളിലും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മത്സ്യക്കുരുതിക്ക് പരിഹാരം കണ്ടത്തെുന്നതിനും അഭിനന്ദനം അര്‍ഹിക്കുന്ന സ്തുത്യര്‍ഹ്യമായ സേവനം ആണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ഗവേഷകന്‍ തന്‍്റെ കടമ പൂര്‍ണമായി നിറവേറ്റുകയാണ് ചെയ്തത്.
ഈ റിപ്പോര്‍ട്ട് ജനകീയമായി ചര്‍ച്ച ചെയ്താണ് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് സര്‍ക്കാറിനെയും, കോടതിയെയും ബോധിപ്പിക്കാന്‍ കേരള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ജനങ്ങളുടെ അഭിപ്രായം തേടിയെന്ന വാര്‍ത്ത കൊടുക്കുകയുണ്ടായി. എന്നാല്‍, പഠനം നടത്തിയ ഏലൂര്‍ ഇടയാര്‍ മേഖലയില്‍ ഇരകള്‍ ആയിട്ടുള്ളവരുടെ ഇടയില്‍ പോലും റിപ്പോര്‍ട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ച് നല്‍കാനോ ചര്‍ച്ചക്ക് വിധേയമാക്കാനോ ചെയ്യാതെ കേവലം പ്രഹസനം ആക്കി മാറ്റുകയാണ് KPCB ചെയ്തത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് നാളിതുവരെ ആയിട്ടും ഗവേഷകരും, പരിസ്ഥിതി മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തകരും നല്‍കിയ അഭിപ്രായങ്ങള്‍ KPCB ചര്‍ച്ച ചെയ്യാനോ തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനോ തയ്യാര്‍ ആയിട്ടില്ല. സെപ്റ്റംബര്‍ 12നു പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി നടത്തിയ സെമിനാറില്‍ പോലും ബിജോയ് നന്ദനോ KPCBയോ തങ്ങളുടെ ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ തയ്യാര്‍ ആയില്ല.
പെരിയാര്‍ മലിനീകരണത്തിനെതിരായി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ ഫയല്‍ ചെയ്തിട്ടുള്ള നിലവിലുള്ള കേസിനെ ദുര്‍ബലപ്പെടുത്താനും അതുവഴി പെരിയാറിലെ വെള്ളം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെ വഞ്ചിക്കുവാനുമുള്ള ഒരു കുത്സിത ശ്രമമാണ് ഇത്. ഏലൂര്‍ സ്വദേശി ഷിബു മാനുവല്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍്റര്‍ ഡിസിപ്ളിനറി സയന്‍സ് ആന്‍റ് ടെക്നോളജി പെരിയാറിന്‍റെ വിവിധ ഭാഗങ്ങളിലും കുഴിക്കണ്ടം തുടങ്ങിയ അനുബന്ധ തോടുകളിലും നടത്തിയ പരിശോധനാഫലം ഞെട്ടിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്‍.ഐ.ഐ.എസ്.റ്റി യുടെ പരിശോധനാഫലത്തില്‍ പലമടങ്ങ് അധികരിച്ചു കണ്ട രാസവസ്തുക്കള്‍, അതേ സാമ്പിള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ചപ്പോള്‍ പലതും കണ്ടുപിടിക്കാവുന്ന അളവില്‍ പോലും കാണുന്നില്ല എന്നത് ആശ്ചര്യജനകമെന്നും കോടതി പറഞ്ഞൂ. ഈ സാഹചര്യത്തില്‍ ആണ് ഡോ.ബിജോയ് നന്ദന്‍ റിപ്പോര്‍ട്ട് കൂടുതല്‍ അപകടകാരി ആയി മാറുന്നത് അല്ളെങ്കില്‍ മാറ്റപ്പെടുന്നത്. കൊച്ചിന്‍ യൂണിവേഴ്സിറ്റി പോലുള്ള കേരളത്തിലെ പ്രമുഖ ഗവേഷണ കേന്ദ്രത്തിലെ ഒരു പ്രൊഫസര്‍ നല്കുന്ന റിപ്പോര്‍ട്ട് വലിയ രീതിയില്‍ പെരിയാര്‍ മലിനീകരണ വിഷയത്തില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ലാഭക്കൊതിമൂലം മണ്ണിനെയും ജലത്തെയും വായുവിനെയും വിഷലിപ്തമാക്കുന്ന കമ്പനികളേക്കാള്‍ എത്രയോ അപകടകാരികളാണ് ശാസ്ത്ര ഗവേഷകര്‍ എന്നു നടിക്കുന്ന ഇക്കൂട്ടര്‍. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുപോലും സാധാരണക്കാരന്‍റെ നികുതിപ്പണം പ്രതിഫലമായി കൈപ്പറ്റുന്നവര്‍ ഒരേസമയം പ്രകൃതിയുടെയും മനുഷ്യരുടെയും ഒറ്റുകാര്‍ കൂടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.