സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ, ആ മനുഷ്യരുടെ നനഞ്ഞ കണ്ണുകളിലേക്ക്..?
text_fieldsമെഡിക്കല്‍ കോളജില്‍ മകനുമായി കഴിയവെ ഒരു ആദിവാസി കുടുംബം അവിടെയത്തെിപ്പെട്ട സംഭവം ഓര്‍ത്തുപോവുകയാണ്. നിറവയറുമായി നില്‍ക്കുന്ന അവളുടെ പേര് അമ്മിണിയെന്നായിരുന്നു. എളിയില്‍ ഒന്നര വയസ്സുകാരനും. ഒപ്പം അമ്മയും. അവളുടെ വേഷം മാക്സിയായിരുന്നുവെങ്കിലും കഴുത്തറ്റം പരന്നുകിടക്കുന്ന കറുത്തു ചരുണ്ട മുടിയും വെറ്റില മുറുക്കിയ ചുണ്ടും കഴുത്തിലൂടെ വലിച്ചുകെട്ടിയ ഒറ്റമുണ്ടും വലിയ തുളയുള്ള കാതും ആയി കണ്ണുരുട്ടി നില്‍ക്കുന്ന അമ്മയെ കണ്ടിട്ട് ആ ജനറല്‍ വാര്‍ഡിലെ സകല മനുഷ്യരും ഇവരെ അന്യഗ്രഹജീവികളെയെന്ന പോലെ തുറിച്ചുനോക്കിക്കൊണ്ടേയിരുന്നു.
മാനന്തവാടിയുടെ പരിസരത്തെവിടെയോ ഉള്ള ആദിവാസിക്കുടിയില്‍ നിന്നായിരുന്നു അവരുടെ വരവ്. മണ്ണെണ്ണ എടുത്ത് കുടിച്ചതായിരുന്നു കുഞ്ഞ്. താലൂക്ക് ആശുപത്രിയില്‍ മൂന്നു ദിവസം കിടന്ന കുട്ടിയെ തുടര്‍ ചികില്‍സക്ക് മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. ആണുങ്ങളാരും കൂടെയില്ളേ എന്ന ചോദ്യത്തിന് തേന്‍ എടുക്കാന്‍ അച്ഛനും ഭര്‍ത്താവും മല കയറിപ്പോയപ്പോഴാണ് ഡോക്ടര്‍ വന്ന് ഇങ്ങോട്ടു പറഞ്ഞയച്ചതെന്ന് മറുപടി. പുറം ലോകം ആദ്യമായി കാണുകയായിരുന്നു അവര്‍. രാവിലെ പതിനൊന്നു മണിയോടെ വാര്‍ഡില്‍ എത്തിയിട്ടും ബെഡില്‍ ഒന്നിരിക്കുക പോലും ചെയ്യാതെ ഒരേ നില്‍പായിരുന്നു ഉച്ചയായിട്ടും അമ്മയും മകളും. സത്യത്തില്‍ പേടിച്ചിട്ടായിരുന്നു അവര്‍ എല്ലാവരെയും തുറിച്ചുനോക്കിയത്. അടുത്ത് ചെന്ന് സംസാരിച്ചപ്പോള്‍ കുട്ടിയുടെ കയ്യില്‍ വലിയൊരു കെട്ടു കണ്ടു. മണ്ണെണ്ണ വിളക്കു മറിഞ്ഞ് പൊള്ളിയതാണത്രെ! ആ കുഞ്ഞു കയ്യില്‍ ഒരു വിരലും ഇല്ലായിരുന്നു! ഒടുവില്‍ ഒരു പൊതി ചോറും ഒരു കുപ്പി വെള്ളവും നല്‍കിയിട്ടും അത് കഴിക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ നിര്‍ബന്ധപൂര്‍വം കഴിപ്പിക്കുന്നത് കണ്ട അയല്‍ ബെഡുകാര്‍ പതുക്കെ അടുത്ത് വരാന്‍ തുടങ്ങി. എത്ര അടുത്തിട്ടും അവരെല്ലാവരും പേടിച്ചരണ്ട ആ പാവങ്ങളില്‍ നിന്ന് കൃത്യമായ ഒരു അകലം പാലിച്ചു. പിറ്റേ ദിവസം രാവിലെ ഡിസ്ചാര്‍ജ് ആയി പോരുന്നതിനുള്ളില്‍ വൈകിട്ടു വന്ന ഡോക്ടറോട് ഇവരുടെ കാര്യം സംസാരിക്കുകയും ആ വാര്‍ഡില്‍ ആദിവാസികള്‍ക്കു വേണ്ടി നിയുക്തയായ പ്രമോട്ടറെ വിളിച്ചു വരുത്തി അവരെ ഏല്‍പിക്കുകയും ചെയ്തതിനു ശേഷമാണ് ഞങ്ങള്‍ അവിടം വിട്ടത്. ഇതൊരു ഉദാഹരണമാണ്. ആദിവാസികളോടുളള നമ്മുടെ സമീപനത്തിന്‍റെ പച്ചയായ നേര്‍പകര്‍പ്പ്.
******************************************
കെ.ജയചന്ദ്രന്‍ എന്ന പ്രമുഖ പത്രപ്രവര്‍ത്തകന്‍ വയനാടന്‍ ചുരം കയറുമ്പോള്‍ അവിടെ നിന്ന് മറ്റു പത്രക്കാര്‍ പറഞ്ഞത് ‘ഓ.. ഇവിടെ നിന്ന് എന്ത് വാര്‍ത്തകള്‍’ എന്നായിരുന്നു. എന്നാല്‍, ആദിവാസിക്കുടികളില്‍ നിന്ന് തുരുതുരെ വാര്‍ത്തകള്‍ കൊണ്ട് വന്ന് ജയചന്ദ്രന്‍ പുറംലോകത്തെ ഞെട്ടിച്ചു. അതില്‍ ഒന്നായിരുന്നു അടിയാത്തി മാച്ചി. ഒട്ടേറെ നാടന്‍മാര്‍ ഉപയോഗിച്ചെറിഞ്ഞ അടിയാത്തി മാച്ചിയുടെ ഗര്‍ഭവും ഗര്‍ഭഛിദ്രവും ജയചന്ദ്രന്‍റെ തൂലികയില്‍ നിന്ന് അക്ഷരങ്ങളായി ഉതിര്‍ന്നു വീണപ്പോള്‍ ആദിവാസി ലോകത്തിന്‍്റെ പൊള്ളുന്ന നേര്‍സാക്ഷ്യങ്ങളായി അവ. മാച്ചിയുടെ വയറില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളായി മുഴച്ചുപൊങ്ങിയ അഞ്ചു ഗര്‍ഭങ്ങളും കാടന്‍ രീതിയില്‍ ഒപ്പമുള്ളവര്‍ കലക്കിക്കളയുകയായിരുന്നു. ചില പ്രത്യേകയിനം പച്ചിലകള്‍ വടികൊണ്ട് ഗര്‍ഭാശയത്തിലേക്ക് കുത്തിക്കയറ്റിയായിരുന്നു ഗര്‍ഭഛിദ്രം നടത്തിയതത്രെ. ഒടുവില്‍ ഗര്‍ഭപാത്രം പൊട്ടിത്തകര്‍ന്ന് ചോര വാര്‍ന്നായിരുന്നു മാച്ചിയുടെ മരണം. അതൊരു അടിയാത്തി മാച്ചിയുടെ മാത്രം കഥയായിരുന്നില്ല. വയനാട്ടിലെ മറ്റനേകം അടിയാത്തി മാച്ചിമാരുടെ ചോര കലര്‍ന്ന കണ്ണീരു കൂടിയായിരുന്നു.
ഇന്നും നാടന്‍മാര്‍ സമ്മാനിക്കുന്ന അവിഹിത ഗര്‍ഭങ്ങള്‍ വയനാടന്‍ കാടുകളിലെ പെണ്ണകങ്ങളില്‍ മുഴച്ചുപൊങ്ങിക്കൊണ്ടിരിക്കുന്നു. മാധ്യമലോകത്തിന്‍റെ സമവാക്യങ്ങള്‍ക്ക് ചേരാത്തതിനാല്‍ അടിയാത്തി മാച്ചിമാരെ നാമറിയുന്നില്ല. പട്ടിണിമൂലമോ മതിയായ ചികില്‍സ കിട്ടാതെയോ ഏതെങ്കിലും ഉടല്‍ പരലോകം പൂകിയാല്‍ ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സിന്‍്റെ ദൈര്‍ഘ്യം മാത്രം വിധിക്കപ്പെട്ട വാര്‍ത്തകള്‍ അല്ലാതെ മറ്റെന്താണിവര്‍. ഡോക്ടര്‍മാര്‍ മതിയായ ചികില്‍സയും പരിചരണവും നിഷേധിച്ചതിനാല്‍ ഒരു അമ്മക്ക് മൂന്നു ഓമനകള്‍ നഷ്ടപ്പെട്ട സംഭവം അതിലൊന്നു മാത്രം. പേറ്റുനോവിന്‍െറ കടലുകള്‍ നീന്തിക്കടന്നിട്ടും കണ്‍മണികളെ ഒന്നില്ലാതെ നഷ്ടപ്പെട്ട ആ ‘ആദിവാസിപ്പെണ്ണിനെ’ നമ്മള്‍ എപ്പെഴേ മറന്നു. ‘ആദിവാസി യുവതിക്ക് വഴി നീളെ പ്രസവം‘ എന്ന തലക്കെട്ടില്‍ പൊതിഞ്ഞ് എത്ര ക്രൂരമായാണ് ആ നോവുകളെ ആസ്വാദനത്തിന്‍റെ ലോകത്തിലേക്ക് നമ്മള്‍ കൂട്ടിക്കൊടുത്തത്.
വീണ്ടും പുതിയ രൂപ ഭാവങ്ങളോടെ നമ്മുടെ വാര്‍ത്താലോകത്തിന്‍റെ വിളുമ്പില്‍ ആദിവാസി ജീവിതങ്ങള്‍ തൂങ്ങിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് പാത്തിപ്പാറ കോളനിയില്‍ ആദിവാസി സ്ത്രീ പട്ടിണി കിടന്ന് മരണമുഖത്തൊടുങ്ങിയതും കഴിഞ്ഞ് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം നമ്മുടെ ചെവിലേക്കിരമ്പിയത്തെിയത്. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ കുട്ടികളില്ലാത്ത ആദിവാസി യുവാവിനെ തെറ്റിദ്ധരിപ്പിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന സംഭവം. ഭൂമുഖത്തുനിന്ന് ഉന്‍മൂലന ഭീഷണി നേരിടുന്ന ഈ വിഭാഗത്തിനുമേല്‍ നിര്‍ബന്ധിത വന്ധ്യംകരണം നടത്തുന്നതിനേക്കാള്‍ ക്രൂരത മറ്റെന്തുണ്ട്?
ഒരിക്കല്‍ കെ. ജയചന്ദ്രന്‍ ഇവരെക്കുറിച്ച് എഴുതിയത് ഓര്‍ത്തുപോവുകയാണ്. നിങ്ങള്‍ ആദിവാസികളുടെ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ? മീനിന്‍റെ കണ്ണുകള്‍ ആണ് അവര്‍ക്ക്. എപ്പോഴും നനഞ്ഞിരിക്കും. കണ്‍പോളകള്‍ ഉണ്ടാവില്ല. പേടിയോടെ നോക്കി നോക്കി കണ്‍പോളകള്‍ മറഞ്ഞുപോയിരിക്കുന്നു എന്ന്. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് നമ്മുടെ നീതിശാസ്ത്രം നോക്കി പല്ലിളിക്കുന്ന കാടിന്‍റെ മക്കളെ വിശേഷിപ്പിക്കാനാവുക?
************************************
ആദിവാസികളെ കാടന്‍മാരില്‍ നിന്ന് നാടന്‍മാരാക്കാനുള്ള ശ്രമത്തിന്‍റെ ഗുരുതരമായ പരിണിത ഫലങ്ങളല്ളേ വാസ്തവത്തില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്? കാടാവുന്ന സ്വന്തം വീട്ടില്‍ നിന്നും സംസ്കൃതിയില്‍ നിന്നും പറിച്ചെടുത്തപ്പോള്‍ മുതല്‍ ആ പാവങ്ങളുടെ കാലും മനസ്സും ഇടറിയിരുന്നു. ഒരിക്കല്‍ വയനാട്ടിലെ കുറുവ ദ്വീപിലേള്ള യാത്രക്കിടെ കണ്ട ഒരു കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. ഒരിക്കലും ചേരാത്ത ഒരു സമവാക്യത്തിലേക്കുള്ള കണ്‍നോട്ടമായിരുന്നു അത്. വെട്ടിവെടിപ്പാക്കിയ വെളിമ്പ്രദേശത്തെ സമചതുരത്തിലുള്ള കോണ്‍ക്രീറ്റ് വീടിന്‍റെ ഉമ്മറത്ത് ദൂരേയുള്ള കാടിന്‍റെ പച്ചപ്പിലേക്ക് കണ്ണെറിഞ്ഞ് എന്തോ ഓര്‍ത്തുകൊണ്ട് ഒരു ആദിവാസി അമ്മൂമ്മ നില്‍പുണ്ടായിരുന്നു. അകക്കണ്ണില്‍ അവര്‍ പഴയ ജീവിതത്തിന്‍റെ പച്ചിലക്കാടുകള്‍ തേടുകയായിരിക്കണം. ചേരാത്ത പ്രതലത്തില്‍ ഒരു ചിത്രം വരച്ച പോലെയുള്ള അഭംഗിയുണ്ടായിരുന്നു ആ കാഴ്ചക്ക്.
കാടിന്‍റെ മക്കള്‍ക്ക് കാട് തന്നെയായിരുന്നു എല്ലാം. അവര്‍ പിറന്നുവീണതും നിവര്‍ന്നു നടക്കാന്‍ പഠിച്ചതും ആ മണ്ണില്‍ ചവിട്ടി നിന്നും ആ വായു ശ്വസിച്ചുമായിരുന്നു. കാടിന്‍റെ നീരായിരുന്നു അവരുടെ ചോര. കാടിന്‍റെ കനിയായിരുന്നു അവരുടെ മാംസം. ആ മണ്ണിന്‍്റെ മണം വിട്ടൊരു ജീവിതം അവരെ സംബന്ധിച്ചിടത്തോളം പേക്കിനാവുകളാണ്. അതിലേക്ക് ഉണര്‍ത്തപ്പെടാന്‍ അവര്‍ സ്വയം ആഗ്രഹിക്കുന്നുപോലുമില്ല. ആദിമ നിവാസികളുടെ മണ്ണിലേക്കും അവരുടെ ജീവിതത്തിലേക്കും നാടന്‍മാര്‍ എപ്പോള്‍ മുതല്‍ കണ്ണും കയ്യും എറിഞ്ഞു തുടങ്ങിയോ അപ്പോള്‍ മുതല്‍ മഹോന്നതമായ ഒരു സംസ്കൃതിയുടെ മരണമണി മുഴങ്ങിയിരുന്നു. കാട്ടില്‍ അവശേഷിക്കുന്ന പച്ച മനുഷ്യരെ പോലും നരകസമാനമായ പുതിയ അന്തരീക്ഷത്തിലേക്ക് പറിച്ചു നടാന്‍ അനവധി നിരവധി പദ്ധതികളും ആസൂത്രണങ്ങളും കോടികള്‍ ചെലവിട്ട് എത്രയെത്ര നടത്തിക്കഴിഞ്ഞിരിക്കുന്നു. കാട്ടില്‍ നിന്ന് വലിച്ച് പുറത്തിടുകയും നാട്ടിലെ സൗകര്യങ്ങളിലേക്ക് എത്തിക്കാതിരിക്കുകയും ചെയ്തപ്പോള്‍ അന്തം വിട്ട് പെരുവഴിയില്‍ ഒരേ നില്‍പു തുടരുകയാണവര്‍. ആദിവാസിക്കുട്ടികള്‍ ഹോസ്റ്റലുകളില്‍ നിന്നും ചാടിപ്പോവുന്നുവെന്നും അവര്‍ക്ക് പഠിക്കാനല്ല, തിന്നാനാണ് താല്‍പര്യമെന്നും കുറ്റപത്രം നിരത്തുന്നവരുണ്ട്. യഥാര്‍ഥത്തില്‍ അതില്‍ എവിടെയാണ് കുറ്റം? മണ്ണിന് കൊടുത്തും മണ്ണില്‍ നിന്ന് എടുത്തും ജീവിച്ചു മരിക്കുന്നവര്‍ക്കെങ്ങനെ പൊടുന്നനെ ഒരു കാലത്ത് അതില്‍നിന്ന് മറിയൊരു ജീവിതം സാധ്യമാവും? അപ്പോള്‍ അവരെയാണോ കുറ്റപ്പെടുത്തേണ്ടത് അവരെ നമ്മെപോലെയാക്കാന്‍ ശ്രമിക്കുന്നവരെയോ?
*********************************
നാഗരികനെന്ന് അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന നാടന്‍മാരായ നമ്മള്‍ പലപ്പോഴും ഗതികെട്ട അവസ്ഥകളിലൂടെ കടന്നുപോവാറുണ്ട്. ജോലിയുടെയും പ്രശ്ന സങ്കീര്‍ണതകളുടെയും മടുപ്പില്‍ നിന്ന് രക്ഷതേടി ഒരു പുതിയ ഊര്‍ജ്ജം നിറക്കാന്‍ പച്ചപ്പുതേടി ഇടയോട്ടങ്ങള്‍ നടത്തേണ്ടി വരുന്നവരുടെ എണ്ണവും പെരുകുന്നു. അങ്ങനെയുള്ള യാത്രകളെ പ്രണയിക്കാത്തവരായി ആരുണ്ട്? നാഗരികന്‍റെ എത്ര കുപ്പായങ്ങള്‍ അണിഞ്ഞാലും അവന്‍റെ ഉള്ള് പച്ചപ്പിനെ തേടിക്കൊണ്ടിരിക്കും. അതാണല്ളോ നമ്മുടെ പൈതൃക ഗേഹം.
പ്രപിതാക്കളുടെ പരമ്പരകളില്‍ ഒന്ന് എപ്പോഴോ കാടിറങ്ങിവന്ന് വെളിമ്പ്രദേശങ്ങളില്‍ താമസമുറപ്പിച്ചവരുടെ പിന്‍മുറക്കാരെ ഉള്ളിന്‍റെ ഉള്ളില്‍ കാടിന്‍റെ മണം മാടി വിളിച്ചുകൊണ്ടിരിക്കും. കെട്ടിടങ്ങളുടെ ചൂട് പച്ചപ്പിന്‍റെ കുളിരില്‍ ഉരുകിയലിഞ്ഞില്ലാതാവുന്നത് അതിലേക്കുള്ള ഓരോ ചുവടിലും അനുഭവിച്ചറിയാന്‍ പറ്റും. ഉള്‍ക്കാടുകളിലേക്ക് കയറുമ്പോള്‍ തന്നെ ശരീരവും മനസ്സും പുതിയൊരു തരം ഊര്‍ജ്ജത്താല്‍ ഉത്തേജിതരാവും. പച്ചപ്പിലേക്കുള്ള ഓരോ യാത്രയും മനുഷ്യന്‍റെ ജൈവികതയിലേക്കുള്ള ഒരോ തീര്‍ഥാടനം തന്നെയാവുന്നത് അതുകൊണ്ടാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.