പെണ്ണുങ്ങളെ പീഡിപ്പിക്കുന്ന സ്വാമിത്വവും പെണ്ണുങ്ങള്‍ക്ക് അയിത്തം കല്‍പിക്കുന്ന സ്വാമിത്വവും
text_fieldsആധ്യാത്മികതയുടെ മറവില്‍ പെണ്ണുങ്ങളെ അടുപ്പിച്ച് അവരുമായി കിടക്ക പങ്കിടുവാന്‍ ബലാത്കാരമായി ശ്രമിച്ചതിനു ജയിലഴിയെണ്ണുന്ന ‘സ്വാമി’മാര്‍ ധാരാളമുള്ള നാടാണ് ഭാരതം! അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്‍ മുതല്‍ ആശാറാം ബാപ്പു വരെയുള്ളവര്‍ ഈ ഗണത്തില്‍ പെട്ടവരാണ്. ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളുമായി വേദി പങ്കിടില്ല എന്ന നിലപാടുള്ള ‘സ്വമി’മാര്‍ അല്‍പം ഭേദപ്പെട്ടവരാണ് എന്നു തോന്നാം!
പക്ഷേ, സ്ത്രീകളെ പീഡിപ്പിക്കുവാനുള്ള ചരക്കായി കാണുന്ന സന്തോഷ് മാധവന്‍ സമീപനവും സ്ത്രീകളെ അയിത്തം കല്‍പിച്ച് അകറ്റി നിര്‍ത്തേണ്ടുന്ന ‘അശുദ്ധ വസ്തു’വായി കാണുന്ന ഗുജറാത്തിലെ നാരായണന്‍ സന്‍സ്ഥാ എന്ന സന്ന്യാസാശ്രമക്കാരുടെ സമീപനവും അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധവും കുറ്റകരവുമാണ്. സ്ത്രീപീഡനവും അയിത്താചരണവും ശിക്ഷാര്‍ഹമായ കുറ്റമാണല്ളോ! പെണ്ണു പെറ്റുണ്ടായ മക്കള്‍ തന്നെയാണ് എല്ലാ മനുഷ്യരും എന്നതിനാല്‍ സ്ത്രീയുമായി വേദി പങ്കിടാത്ത നിലപാടും സ്ത്രീകള അയിത്തം കല്‍പിച്ച് അകറ്റി നിര്‍ത്തുന്ന നിലപാടും ജൈവശാസ്ത്രപരമായ തെറ്റുമാണ്.
പാര്‍വതി പരമേശ്വരന്‍, സീതാരാമന്‍, രാധാകൃഷ്ണന്‍ എന്നിങ്ങനെ ഈശ്വര മൂര്‍ത്തികളെപ്പോലും സ്ത്രീ പ്രധാനമാക്കി ആദരിച്ചു വരുന്ന സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യയില്‍ സ്ത്രീകളെ വേദിയില്‍ ഇരുത്താന്‍ തയാറല്ലാത്ത സന്ന്യാസിമാര്‍ കൊണ്ടാടുന്നത് അഭാരതീയമായ ആധ്യാത്മികതയാണെന്നു തന്നെ പറയാം. പ്രമുഖ് സ്വാമിജിയുമായി ബന്ധപ്പെട്ട ആധ്യാത്മകാനുഭവങ്ങള്‍ പങ്കിടുന്ന എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ഗ്രന്ഥം ‘കാലാതീതം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ്. കര്‍ത്താ എന്ന എഴുത്തുകാരിയെ ഗ്രന്ഥ പ്രകാശന വേദിയില്‍ കൂടെയിരുത്തില്ല എന്ന നിലപാടു സ്വീകരിച്ച വിഹാരി ദാസ് സ്വാമികളുടെ നിലപാട് അഭാരതീയവും ജൈവശാസ്ത്ര വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും പ്രതിഭാപാട്ടീല്‍ രാഷ്ട്രപതിയും ഒക്കെയായിരുന്ന ജനാധിപത്യ ഭാരതത്തില്‍ സ്ത്രീകളെ പീഡിപ്പിക്കുന്ന സ്വാമിമാരോളം അപകടകാരികളാണ് സ്ത്രീകളെ വേദിയില്‍ ഇരുത്താത്ത സ്വാമിമാരും എന്നു പറഞ്ഞേ പറ്റൂ. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ദൈവഭക്തരും ഇത്തരം അധ്യാത്മികാശ്ളീലങ്ങള്‍ക്കെതിരെ രംഗത്തു വരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.