കണ്ടല്‍ ഒരു മരമല്ല, മനോഭാവം കൂടിയെന്ന് പഠിപ്പിച്ച മനുഷ്യന്‍
text_fieldsപുഴയോരങ്ങളിലും ചതുപ്പ് നിലങ്ങളിലും ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന കണ്ടല്‍ കാടുകളിലേക്ക് ഒരു തലമുറയുടെ നോട്ടത്തെ പതിപ്പിക്കാന്‍ പൊക്കുടന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്‍െറ പ്രസക്തി. കേരളത്തിലെ സാമ്പ്രദായികമായ 'കടലാസ് പരിസ്ഥിതി' പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായി മണ്ണില്‍ ഇറങ്ങിക്കൊണ്ട് തന്നെയുള്ള ഒരു പ്രവര്‍ത്തന രീതിയാണ് പൊക്കുടേട്ടന്‍ അവലംബിച്ചത്. അതിനാല്‍ തന്നെ മണ്ണില്‍ കാലുകുത്തിയ, ചെളിപുരണ്ട ഒരു മനുഷ്യന്‍െറ അനുഭവത്തിന്‍െറ കരുത്ത് പൊക്കുടേട്ടന്‍െറ വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരുന്നു.
ഇതിന് ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു ദലിത് ബോധ്യത്തിലൂടെ ജീവിച്ച് കീഴാളരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി തനിക്ക് കിട്ടിയ ഒരോ വേദിയിലും വാക്കുകള്‍ ഉച്ചരിച്ച ആളുമാണ് അദ്ദേഹം. ഇത്തരം കീഴാള ബോധത്തിന്‍െറ അനുഭവപരമായ ഒരു കരുത്താണ് പൊക്കുടനെ മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പാരിസ്ഥിതികമായ ഉണര്‍വിന്‍െറ പിന്നില്‍ തീര്‍ച്ചയായും ഈ മനുഷ്യന്‍െറ വിയര്‍ക്കുന്ന കൈകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ കണ്ടല്‍ ഒരു മരം മാത്രമല്ല, മനോഭാവം കൂടിയാണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞ് കൊണ്ടേയിരുന്നു.
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ അവയുടെ ആവിഷ്കാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പലപ്പോഴും അതൊരു ഗവേഷണ വിഷയമായി മാറി നില്‍ക്കുകയായിരുന്നു. ഉത്തര കേരളത്തില്‍ നിന്നുള്ള രണ്ട് പേരാണ് ഇത് ശ്രദ്ധേയമായ വിഷയമാക്കി മാറ്റിയത്. പരേതനായ ജോണ്‍ സി. ജേക്കബിന്‍െറ പങ്കും എടുത്ത് പറയേണ്ടതാണ്. അദ്ദേഹവും പരിസ്ഥിതിയെകുറിച്ചും മരങ്ങളെകുറിച്ചുമാണ് സംസാരിച്ചതെങ്കിലും അവരുടെ ഭാഷയും പ്രവര്‍ത്തനശൈലിയും രണ്ട് തരത്തിലുള്ളതായിരുന്നു.
പൊക്കുടേട്ടന്‍ ദലിത് ബോധത്തോട് കൂടി മണ്ണിനെയും മരത്തിനെയും ചേര്‍ത്ത് നിര്‍ത്തുന്ന ജൈവികമായ ഒരു ഘടകമായി തന്‍െറ കീഴാള അനുഭവം കൂടി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍െറ പരിസ്ഥിതി പ്രവര്‍ത്തനം സാമ്പ്രദായികമായ നമ്മുടെ പാരിസ്ഥിതിക കാഴ്ചപ്പാടുകളോടും അതിന്‍െറ ആവിഷ്കാരങ്ങളോടും കൂടിയുള്ള കലഹം കൂടിയായിരുന്നു. ഉച്ചരിക്കപ്പെടുന്ന വാക്കുകളെല്ലാം തന്നെ അതാത് ജനതയുടെ സ്വത്വത്തെകൂടി പുറത്ത് കൊണ്ടു വരുന്നതാണ് എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാല്‍, പരിസ്ഥിതി പ്രവര്‍ത്തകനാണെന്ന ആചാര്യഭാവം സ്വന്തം ജീവതത്തില്‍ കൊണ്ടുവരാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വാക്കിലും ശൈലിയിലും ഒരു പച്ച മനുഷ്യനായിരുന്നു പൊക്കുടന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.