അന്താരാഷ്ട്ര പുഷ്പ മാർക്കറ്റിനായി വെട്ടിനീക്കുക 900 മരങ്ങൾ
text_fieldsബംഗളൂരു: യെലഹങ്കയിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ (ജി.കെ.വി.കെ) സ്ഥിതി ചെയ്യുന്ന 900ലധികം മരങ്ങൾ വെട്ടിനീക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. 300 കടകളോടുകൂടിയ അന്താരാഷ്ട്ര പുഷ്പ മാർക്കറ്റ് നിർമാണത്തിന് വേണ്ടിയാണ് ഉദ്യാന നഗരത്തിലെ ശേഷിക്കുന്ന ഹരിതാഭക്ക് കോടാലി വെക്കുന്നത്.
2024-25 സംസ്ഥാന ബജറ്റിലാണ് പുഷ്പ മാർക്കറ്റ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജി.കെ.വി.കെ കാമ്പസിലെ 125 ഏക്കർ ഭൂമിയിൽനിന്നും അഞ്ച് ഏക്കർ ഭൂമി ഹോർട്ടികൾച്ചർ വകുപ്പിന് 99 വർഷത്തെ പാട്ടത്തിന് കൈമാറാൻ നിർദേശം നൽകുകയും ചെയ്തു.
ഭൂമി കൈമാറുമ്പോൾ മരങ്ങൾ സംരക്ഷിക്കണം, വരുമാനത്തിന്റെ 50ശതമാനം പങ്കിടണം എന്നിങ്ങനെയുള്ള കർശന നിബന്ധനകൾ സർവകലാശാല മുന്നോട്ടുവെച്ചിരുന്നുവെങ്കിലും പദ്ധതി പൂർത്തിയാക്കാൻ സമീപിക്കുമ്പോൾ ഈ നിബന്ധനകൾ ലംഘിക്കപ്പെടുന്നതായി സർവകലാശാലാ വൃത്തങ്ങൾ പറയുന്നു.
കശുവണ്ടി, ചക്ക, മാവ്, തെങ്ങ് എന്നിവ ഉൾപ്പെടെ വിവിധ ഇനങ്ങളിലായി 10-15 വർഷം പ്രായമുള്ള 924 മരങ്ങൾ പദ്ധതിയുടെ നടത്തിപ്പിനായി വെട്ടിമാറ്റേണ്ടിവരും. ഗവേഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും സർവകലാശാല നട്ടു വളർത്തിയവയാണ് ഇവ. മരങ്ങള്‍ വെട്ടിമാറ്റുന്നത് വിദ്യാർഥികളുടെ പഠന-ഗവേഷണ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും മരങ്ങൾ മാറ്റിനടാന്‍ വേണ്ട ചെലവും പകരം ഭൂമിയും സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർവകലാശാലാ വൈസ് ചാൻസലർ വിഷ്ണുവർധന പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശമായതിനാല്‍ അവിടെ അന്താരാഷ്ട്ര പുഷ്പ മാർക്കറ്റ് സ്ഥാപിക്കരുതെന്ന് യെലഹങ്ക എം.എൽ.എ എസ്.ആർ. വിശ്വനാഥ് സർവകലാശാലയോട് ആവശ്യപ്പെട്ടു. തിരക്കേറിയ ബെല്ലാരി റോഡില്‍ മാര്‍ക്കറ്റ് സ്ഥാപിച്ചാല്‍ ട്രാഫിക് നിമിത്തം ജനജീവിതം ദുസ്സഹമാവുമെന്ന് യെലഹങ്കയിലെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ(ആര്.ഡബ്ല്യു.എ) പറഞ്ഞു.
പുഷ്പ വിപണി മാറ്റം: എതിര്‍പ്പുമായി ആനേക്കലിലെ കര്‍ഷകര്‍
കെ.ആര് മാര്‍ക്കറ്റിലെ വിപണി ജി.കെ.വി.കെ പരിസരത്തേക്കു മാറ്റുന്നത് ഉപേക്ഷിക്കണമെന്ന് ആനേക്കലിലെ പുഷ്പ കര്‍ഷകര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജി.കെ.വി.കെ കാമ്പസിനേക്കാൾ സൗകര്യപ്രദമാണ് കെ.ആര് മാര്‍ക്കറ്റ്. ജി.കെ.വി.കെയിലേക്കുള്ള ദൂരക്കൂടുതല്‍ യാത്രക്കും ചരക്കുനീക്കത്തിനുമുള്ള ചെലവുകള്‍ അധികമാക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
ആനേക്കല്‍ താലൂക്കിലെ അത്തിബെലെക്കുസമീപം ആര്.ടി ഓഫിസിനടുത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ പുഷ്പ വിപണി തുറക്കണമെന്ന് ഗ്രീന്‍ ഹൗസ് ഗ്രോവേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് കൂനമടിവാള വൈ. സോമണ്ണ പറഞ്ഞു. ഇതുസംബന്ധിച്ച നിവേദനം മന്ത്രി രാമലിംഗ റെഡ്ഡിക്കു വൈകാതെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അത്തിബെലെയില്‍ പുഷ്പ മാര്‍ക്കറ്റ് ആരംഭിക്കുന്നത് ആനേക്കല്‍, മാലൂര്‍, ഹൊസ്കോട്ടെ, ദേവനഹള്ളി, ദൊഡ്ഡബെല്ലാപുര തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പ്രയോജനകരമാകും.
ചിക്കബെല്ലാപുര, കോലാര്‍, ബംഗളൂരു റൂറല്‍ എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്ക് യാത്രാ ചെലവുകള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.നൈസ്റോഡ്, എസ്.ടി.ആര്.ആര് റോഡ്, മെട്രോ, നാഷനല്‍ ഹൈവേ, വിമാനത്താവളം, റെയില്‍വേ തുടങ്ങി യാത്രാസൗകര്യങ്ങളെല്ലാം ഈ പ്രദേശത്ത് ലഭ്യമാണ് എന്നതിനാല്‍ അത്തിബെലെയില്‍ പുഷ്പ മാര്‍ക്കറ്റ് ആരംഭിക്കണമെന്ന് അസോസിയേഷന് വൈസ് പ്രസിഡന്റ് ലോകേഷ് പറഞ്ഞു.
ആശങ്കയുമായി വഴിയോര പൂക്കച്ചവടക്കാര്‍
ബംഗളൂരുവില്‍ 20 വര്‍ഷമായി പൂക്കച്ചവടം തകൃതിയായി നടക്കുന്നത് കെ.ആര് മാര്‍ക്കറ്റിലാണ്. ഒരു വിഭാഗം കര്‍ഷകരും എക്സ്പോര്‍ട്ട് വ്യാപാരികളും മാറ്റത്തെ സ്വാഗതം ചെയ്യുമ്പോള്‍ ആശങ്കയിലാണ് ചില്ലറ വ്യാപാരികള്‍. ദിവസവും രണ്ടുനേരം പൂക്കള്‍ വാങ്ങാനായി കെ.ആര് മാര്‍ക്കറ്റില്‍ വരുന്നു.
ജി.കെ.വി.കെയിലേക്ക് മാറ്റിയാല്‍ അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പത്മനാഭനഗറിലെ വഴിയോര പൂക്കച്ചവടക്കാരിയായ രാമവതി പറയുന്നു. ജി.കെ.വി.കെ നഗരത്തില്‍നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണെന്നും നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെ.ആര് മാര്‍ക്കറ്റിന് പകരംവെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല. സ്ഥലം മാറ്റുന്നതിന് മുമ്പ് സര്‍വേ നടത്തണമെന്നും ലൂസ് ഫ്ലവര്‍ മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ദിവാകര്‍ പറഞ്ഞു.
ചില്ലറ വ്യാപാരത്തിൽ മാറ്റമുണ്ടാവില്ല
ദൈനംദിന ഉപയോഗത്തിനുള്ള ചില്ലറ വ്യാപാരം കെ.ആര് മാർക്കറ്റിലും ബിന്നി മില്ലിലും തുടരും. മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്ന മൊത്ത പൂക്കച്ചവടം ജി.കെ.വി.കെയിലേക്ക് മാറ്റുമെന്നും സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സൗത്ത് ഇന്ത്യ ഫ്ലവര്‍ അസോസിയേഷന് പ്രസിഡന്റ് ടി.എം. അരവിന്ദ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍, ഹോര്‍ട്ടികൾചറല്‍ യൂനിവേഴ്സിറ്റി, അഗ്രികൾചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി) എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര പുഷ്പ വിപണിയുടെ മാതൃകയിലാണ് പദ്ധതിയുടെ നിർമാണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.