‘‘പാകിസ്താൻ സിന്ദാബാദ് വിളിച്ച അവനെ അടിച്ചുകൊല്ലെടാ, ഞാനേറ്റു’’; മംഗളൂരു ആൾക്കൂട്ട ആക്രമണത്തിന് ബി.ജെ.പി നേതാവ് പ്രേരിപ്പിച്ചതായി കുറ്റപത്രം
text_fieldsfile photo
മംഗളൂരു: കഴിഞ്ഞ ഏപ്രിൽ 27ന് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അഷ്റഫ് (38) മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ പൊലീസ് തയാറാക്കിയ വിശദ കുറ്റപത്രത്തിൽ ബി.ജെ.പി നേതാവിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ.
മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസ്സിലായതിനെത്തുടർന്ന് മർദനത്തിൽനിന്ന് പിന്മാറാൻ തുനിഞ്ഞ അനുയായികളോട് ‘‘പാകിസ്താൻ സിന്ദാബാദ് വിളിച്ച അവനെ അടിച്ചുകൊല്ലെടാ, ഞാനേറ്റു’’ എന്നുപറഞ്ഞ് രവീന്ദ്ര നായ്ക് എന്ന നേതാവ് നൽകിയ പ്രചോദനത്തിലാണ് ആക്രമണം തുടർന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. കേസിലെ 21 പ്രതികളിൽ പലരും പൊലീസിനോട് പറഞ്ഞ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയത്. മംഗളൂരു കോർപറേഷൻ മുൻ കൗൺസിലറുടെ ഭർത്താവായ ബി.ജെ.പി നേതാവിനെതിരെ ഈ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പഴുത് തേടുകയാണിപ്പോൾ പൊലീസ്.
അഷ്റഫ്, സുഹാസ് ഷെട്ടി, അബ്ദുറഹ്മാൻ വധങ്ങളെത്തുടർന്ന് കർണാടക സർക്കാർ കൂട്ടത്തോടെ സ്ഥലംമാറ്റിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ അനുപം അഗർവാളായിരുന്നു അന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ. ഈ ബി.ജെ.പി നേതാവിനെതിരെ ആരും പരാതിപ്പെട്ടില്ലെന്നായിരുന്നു മംഗളൂരു കുഡുപുവിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ നടന്ന ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 30ന് മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കമീഷണർ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, ഏപ്രിൽ 29ന് നടന്ന ചോദ്യംചെയ്യലിൽ പ്രതികൾ ബി.ജെ.പി നേതാവിന്റെ പങ്കാളിത്തത്തെക്കുറിച്ച് വിശദമായി മൊഴിനൽകിയിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ആക്രമണ സമയത്ത് ബി.ജെ.പി നേതാവ് അവിടെ ഉണ്ടായിരുന്നു എന്നത് തെളിയിക്കുന്നതാണ് മൊഴി. അഷ്റഫിനെ മർദിക്കുന്നത് തടയാനുള്ള ക്രിക്കറ്റ് കളിക്കാരിൽ ചിലരുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ നേതാവ് അഷ്റഫ് പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതായി ആരോപിച്ച് ‘അവനെ അടിച്ചുകൊല്ലാൻ’ ജനക്കൂട്ടത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയായിരുന്നു.
അഷ്‌റഫിനെ ആദ്യം ആക്രമിച്ചതിന് ശേഷം ദീപക് ഉൾപ്പെടെ കേസിൽ പ്രതികളായ കൊങ്കുരു ക്രിക്കറ്റ് ടീമിലെ ചില അംഗങ്ങൾ മറ്റുള്ളവരെ ആക്രമണം നിർത്താൻ പ്രേരിപ്പിച്ചതായി നിരവധി പ്രതികളുടെ മൊഴിയിലുണ്ട്. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് തോന്നുന്നുണ്ടെന്നും ഇതിനകംതന്നെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അതിനാൽ പ്രശ്‌നം ഒഴിവാക്കാൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും അവർ നിർദേശിച്ചു.
എന്നാൽ, അനുയായികൾ ‘അണ്ണ’ ചേർത്ത് വിളിക്കുന്ന നേതാവ് അത് ചെവിക്കൊള്ളാതെ ‘‘നമ്മുടെ പ്രദേശത്ത് പാകിസ്താൻ, പാകിസ്താൻ എന്ന് വിളിച്ചുപറയുന്ന ഒരാളെ വെറുതെവിട്ടാൽ, നാളെ കൂടുതൽ ആളുകൾ വന്ന് അത് ചെയ്യും. ഞങ്ങൾ അയാളെ ശരിയായി ചോദ്യം ചെയ്യും, തുടർന്ന് പൊലീസിനെ അറിയിക്കും, നമ്മളാരും കുഴപ്പത്തിൽ അകപ്പെടാതിരിക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്യും’’ എന്നുപറഞ്ഞ് ആവേശം പകരുകയായിരുന്നു.
ആ വാക്കുകൾ തങ്ങൾക്ക് ധൈര്യം നൽകിയെന്ന് പ്രതികൾ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. കിഷോർ കുമാർ, അനിൽ കുഡുപു ഉൾപ്പെടെ പ്രതികൾ നേതാവിനെ പിന്തുണച്ചതായും ആക്രമണത്തിന് ശേഷം നേതാവ് സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതായും വെളിപ്പെടുത്തുന്നു.
‘‘ചെയ്തത് കഴിഞ്ഞു. ഇനി, നമ്മളെല്ലാവരും ഒന്നും അറിയാത്തതുപോലെ പെരുമാറണം. സംഭവിച്ചതിനെക്കുറിച്ച് ആരോടും പറയരുത്. പൊലീസ് വന്നാൽ ഒന്നും അറിയില്ലെന്ന് പറഞ്ഞാൽ മതി. ആരെങ്കിലും വായ തുറന്നാൽ നമ്മളെല്ലാവരും കുഴപ്പത്തിലാകും. പൊലീസ് അന്വേഷണത്തിന് വിളിച്ചാൽ, നമ്മളെല്ലാവരും ഒരുമിച്ചുപോകുമെന്ന് അറിയിക്കുക. സ്റ്റേഷനിൽ മറ്റാരും സംസാരിക്കരുത്, ഞാൻ സംസാരിക്കും. എന്താണ് സംഭവിച്ചതെന്ന് ആരും വെളിപ്പെടുത്തിയില്ലെങ്കിൽ പൊലീസ് ഒരു സി റിപ്പോർട്ട് ഫയൽ ചെയ്ത് കേസ് അവസാനിപ്പിക്കും’’ -നേതാവ് അങ്ങനെയാണ് പറഞ്ഞത്.
കൊലപാതകത്തിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ മിണ്ടാതിരിക്കാൻ ഈ ഉറപ്പ് പ്രതികൾക്ക് ആത്മവിശ്വാസം നൽകി. തുടക്കത്തിൽ, പൊലീസ് കേസ് ‘അസ്വാഭാവിക മരണം’ ആയി രജിസ്റ്റർ ചെയ്യുകയും അഷ്‌റഫ് മദ്യപിച്ചിരിക്കുമ്പോൾ വീണു എന്ന് അവകാശപ്പെടുകയും ചെയ്തു. പൊതുജനങ്ങളുടെ പ്രതിഷേധം, മാധ്യമ വാർത്തകൾ, മനുഷ്യാവകാശ സംഘടനകളുടെ സമ്മർദം എന്നിവക്ക് ശേഷമാണ് ഇത് കൊലപാതകക്കേസായി രജിസ്റ്റർ ചെയ്തത്. ജൂലൈ 25ന് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ 35 ബാഹ്യ പരിക്കുകൾ സ്ഥിരീകരിച്ചു. എല്ലാം ബലപ്രയോഗത്തിലൂടെ ഉണ്ടായതാണ്. അഷ്‌റഫിന്റെ തലയിലും ജനനേന്ദ്രിയം ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചതവുകൾ, മുറിവുകൾ, ആന്തരിക രക്തസ്രാവം എന്നിവ ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.