പട്ടികജാതി ആഭ്യന്തര സംവരണത്തിന് മന്ത്രിസഭ അനുമതി
text_fieldsപട്ടിക ജാതി സംവരണ ഘടനയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാടോടി സമുദായത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധം
ബംഗളൂരു: കർണാടകയിലെ പട്ടികജാതി വിഭാഗങ്ങൾക്കിടയിലെ സംവരണം സംബന്ധിച്ച റിപ്പോർട്ടിന് അനുമതി നൽകി സിദ്ധരാമയ്യ മന്ത്രിസഭ. നിലവിലുള്ള 17ശതമാനം സംവരണത്തെ പ്രധാനമായും മൂന്ന് കാറ്റഗറിയായി തരംതിരിച്ചുള്ളതാണ് മന്ത്രിസഭ അനുമതി നൽകിയ സംവരണ ഘടന. എന്നാൽ, ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് കമീഷൻ സമർപ്പിച്ച സർവേ റിപ്പോർട്ടിൽനിന്നും ഭേദഗതി വരുത്തിയതാണെന്നാണ് വിവരം.
ഇതുപ്രകാരം, ചില പിന്നാക്ക ദലിത് സമുദായങ്ങളെ പട്ടികജാതിക്കാർക്കിടയിലെ മുന്നാക്കക്കാരുടെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതായി ആക്ഷേപമുയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സംവരണ ഘടന തീരുമാനമായത്.
എസ്.സി വലത് (ഹൊളയ), എസ്.സി ഇടത് (മഡിഗ) എന്നിവർക്ക് ആറുശതമാനം വീതവും ലംബാനി, കൊറമ, കൊറച്ച, ബോവി തുടങ്ങിയ സമുദായങ്ങൾക്കും 59 മറ്റു ചെറുസമുദായങ്ങൾക്കുംകൂടി അഞ്ചു ശതമാനവുമാണ് സംവരണം നിശ്ചയിച്ചത്. ഇതു നിയമമാക്കാൻ നടപ്പു വർഷകാല നിയമസഭ സമ്മേളനത്തിൽ ഓർഡിനൻസ് കൊണ്ടുവരാനാണ് സിദ്ധരാമയ്യ സർക്കാർ ലക്ഷ്യമിടുന്നത്.
ഓർഡിനൻസ് നിലവിൽവന്നാൽ, കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി വിധിയെ തുടർന്ന് പട്ടികജാതി സംവരണം നടപ്പാക്കുന്ന നാലാമത്തെ സംസ്ഥാനമാകും കർണാടക. തെലങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ നേരത്തേ പട്ടികജാതി സംവരണം നടപ്പാക്കിയിരുന്നു. ആഗസ്റ്റ് നാലിനാണ് എച്ച്.എൻ. നാഗമോഹൻദാസ് കമീഷൻ പട്ടികജാതി സർവേ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്.
സാമൂഹികവും വിദ്യാഭ്യാസപരവും ജനസംഖ്യാപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പട്ടികജാതി വിഭാഗങ്ങളെ അഞ്ച് കാറ്റഗറികളിലായി തരംതിരിച്ചാണ് റിപ്പോർട്ട് നൽകിയത്. ഇടതു ദലിതർക്ക് ആറും വലതു ദലിതർക്ക് അഞ്ചും ലംബാനി, കൊറമ, കൊറച്ച, ബോവി തുടങ്ങിയ സമുദായങ്ങൾക്ക് നാലും നാടോടി വിഭാഗത്തിന് ഒരു ശതമാനവും ആദി കർണാടക, ആദി ദ്രാവിഡ, ആദി ആന്ധ്ര വിഭാഗങ്ങൾക്ക് ഒരു ശതമാനവും സംവരണമായിരുന്നു എച്ച്.എൻ. നാഗമോഹൻദാസ് കമ്മീഷൻ ശിപാർശ ചെയ്തത്. എന്നാൽ, അഞ്ച് വിഭാഗങ്ങളെ മൂന്ന് വിഭാഗങ്ങളിലേക്ക് ചുരുക്കിയാണ് മന്ത്രിസഭ റിപ്പോർട്ട് അംഗീകരിച്ചത്.
ഇതിന് പുറമെ, ആദി കർണാടക, ആദി ദ്രാവിഡ, ആദി ആന്ധ്ര വിഭാഗങ്ങളെ വലത് എസ്.സി വിഭാഗത്തിലേക്ക് ചേർക്കുകയും ചെയ്തു. നാടോടി സമുദായത്ത ചെറുസമുദായങ്ങളുടെ ഗണത്തിലും ഉൾപ്പെടുത്തി. കഴിഞ്ഞദിവസം മന്ത്രിസഭ യോഗത്തിന് പിന്നാലെ മുൻ മന്ത്രി എച്ച്. ആഞ്ജനേയയുടെ നേതൃത്വത്തിൽ പട്ടിക ജാതി നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പൂമാലയണിയിക്കുകയും വിധാൻ സൗധ പരിസരത്ത് മധുര വിതരണം നടത്തുകയും ചെയ്തിരുന്നു. അതേസമയം, നാടോടി സമുദായത്തിൽപെട്ടവരും ആദി ദ്രാവിഡ സമുദായവും ബുധനാഴ്ച ബംഗളൂരു ഫ്രീഡംപാർക്കിൽ പ്രതിഷേധവുമായി രംഗത്തുവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.