ചാമരാജ നഗർ വെടിവെപ്പ്: വനം വകുപ്പ് വാദങ്ങൾ പൊളിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
text_fieldsമൈസൂരു: ചാമരാജ നഗർ ജില്ലയിലെ ചിക്കല്ലൂർ സംരക്ഷിത വനമേഖലയിൽ വേട്ടക്കാരാണെന്ന് ആരോപിച്ച് കർണാടക വനം ഉദ്യോഗസ്ഥർ മൂന്ന് പേരെ വെടിവെച്ചുകൊന്നത് ആത്മരക്ഷാർഥമാണെന്ന വാദങ്ങൾ വിശദ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിയുന്നു.
വളരെ അടുത്ത് നിന്നാണ് വെടിവെച്ചത് എന്നാണ് മൂന്ന് പേരിൽ രണ്ടുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 15ന് പുലർച്ചെയാണ് ഹനൂർ താലൂക്കിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ ചിക്കല്ലൂരിൽ ആന്റണി സ്വാമി (50), ജോൺ റോസ് പീറ്റർ (43), സെബാസ്റ്റ്യൻ ഡേവിഡ് കുമാർ (35) എന്നിവർ കൊല്ലപ്പെട്ടത്.
വേട്ടക്കാരുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ആത്മരക്ഷാർഥം വെടിവെപ്പ് നടത്തി എന്നായിരുന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വാർത്താക്കുറിപ്പിലും വനം മന്ത്രി രാമലിംഗ റെഡ്ഡി നിയമസഭയിലും അവകാശപ്പെട്ടിരുന്നത്.
ഒരു അടിയിൽ താഴെയോ രണ്ട് അടി വരെ അകലത്തിലോ നിന്നാണ് വെടിയേറ്റത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. ഷോട്ട്ഗൺ ഉപയോഗിച്ചാണ് വെടിവെച്ചത്.
മുറിവിലെ ബാലിസ്റ്റിക്സും ഉപയോഗിച്ച ആയുധങ്ങൾ ഷോട്ട്ഗൺ ആയിരുന്നു എന്ന വസ്തുതയും സ്വയം പ്രതിരോധത്തിനായിട്ടാണ് വെടിയുതിർത്തതെന്ന വനം വകുപ്പിന്റെ വാദവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഫോറൻസിക് ഡോക്ടർ പറഞ്ഞത്.
സെബാസ്റ്റ്യന് രണ്ടുതവണ വെടിയേറ്റു. ഒരു തവണ നെഞ്ചിന്റെ ഇടതുവശത്ത് ഇടത് കോളർബോണിന് അല്പം താഴെയായും ഒരു തവണ വലതു തുടയിലും കാൽമുട്ടിന് ഏതാനും ഇഞ്ച് മുകളിലായും. ആന്റണിയുടെ നെഞ്ചിന്റെ വലതുവശത്താണ് വെടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

