ധർമസ്ഥല അന്വേഷണത്തിൽ വിശ്വാസം- വീരേന്ദ്ര ഹെഗ്ഡെ എം.പി
text_fieldsഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെ
മംഗളൂരു: ധർമസ്ഥലയിലെ ശവസംസ്കാരം സംബന്ധിച്ച വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപവത്കരിച്ച പ്രത്യേക സംഘത്തിൽ (എസ്.ഐ.ടി) വിശ്വാസവും പ്രതീക്ഷയുമുണ്ടെന്ന് ധർമസ്ഥല ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ എം.പി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇത് സംബന്ധിച്ച് നടത്തിയ പ്രസ്താവന സ്വാഗതം ചെയ്ത ഹെഗ്ഡെ, ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടേ എന്നും കൂട്ടിച്ചേർത്തു. ബി.ജെ.പി മാത്രമല്ല കോൺഗ്രസ്, ജെ.ഡി-എസ് നേതാക്കളും ധർമസ്ഥല സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കും ധർമസ്ഥല സ്ഥാപനത്തിനുമെതിരെ ചുമത്തിയ കൂട്ട ശവസംസ്കാരങ്ങളും മറ്റ് ആരോപണങ്ങളും നിഷേധിക്കുന്നു. അവ തികച്ചും അടിസ്ഥാനരഹിതമാണ്. ധർമസ്ഥലക്കെതിരായ പ്രചാരണം ക്ഷേത്രത്തിന്റെ പ്രശസ്തിക്കും ഭക്തരുടെ വിശ്വാസത്തിനും കോട്ടം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ്.
ആരോപണങ്ങൾ തന്നെയും തന്റെ ഭക്തരെയും വല്ലാതെ വേദനിപ്പിച്ചു. പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാനുള്ള സർക്കാറിന്റെ തീരുമാനം അപ്പോൾതന്നെ സ്വാഗതം ചെയ്തിരുന്നു. വ്യാജ പ്രചാരണങ്ങൾ സൃഷ്ടിച്ച ആശയക്കുഴപ്പം നീക്കാൻ നീതിയുക്തമായ അന്വേഷണത്തിന് മാത്രമേ കഴിയൂ. എല്ലാം ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരും. സംശയങ്ങൾ ദൂരീകരിക്കപ്പെടും. 13 വർഷം മുമ്പ് പി.യു.സി വിദ്യാർഥിനി സൗജന്യയുടെ മരണത്തിൽ നടന്ന സി.ബി.ഐ അന്വേഷണം ഉൾപ്പെടെ മുൻകാലങ്ങളിൽ നടന്ന എല്ലാ അന്വേഷണങ്ങളുമായും ധർമസ്ഥല പൂർണമായും സഹകരിച്ചിട്ടുണ്ട്.
ഞങ്ങൾ ഒരിക്കലും ഒന്നും മറച്ചുവെച്ചിട്ടില്ല. ക്ഷേത്ര, സ്ഥാപന കാര്യങ്ങളിൽ ഉത്തരവാദിത്തം കുടുംബാംഗങ്ങളുമായി പങ്കിട്ടിട്ടുണ്ട്. ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സഹോദരന്മാർ, സൗജന്യ ഭക്ഷണ പരിപാടി, അതിഥി സൗകര്യങ്ങൾ, ശുചിത്വം എന്നിവയുൾപ്പെടെ ധർമസ്ഥലയിലെ ഭരണം കൈകാര്യം ചെയ്യുന്ന മറ്റൊരാൾ എന്നങ്ങനെ വ്യത്യസ്ത കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. മറ്റ് സഹോദരന്മാർ സ്വതന്ത്രരാണ്. തന്റെ സഹോദരി വിവാഹിതയായി ധാർവാഡിൽ സ്ഥിരതാമസമാക്കി.
ധർമസ്ഥലയിൽ കുടുംബത്തിന് വലിയ സ്വത്തുണ്ടെന്ന പ്രചാരണം വസ്തുതാപരമല്ല. സ്ഥാപന അനുബന്ധ സ്ഥാപനങ്ങൾക്ക് സ്വത്തുക്കൾ സ്വന്തമായുണ്ട്. തന്റെ കുടുംബത്തിന് ഇവിടെയും അവിടെയും വളരെ കുറച്ച് സ്വത്ത് മാത്രമേയുള്ളൂ. എല്ലാം കൃത്യവും രേഖയിലുള്ളതുമാണ്. ധർമസ്ഥലയുടെ വളർച്ചയും ജനപ്രീതിയും തടയുക എന്ന ലക്ഷ്യത്തോടെ 2012 മുതൽ സംഘടിത പ്രചാരണം നടക്കുന്നുണ്ട്. ക്ഷേത്ര പുനരുദ്ധാരണം, ഗ്രാമവികസനം, മറ്റ് സേവന പ്രവർത്തനങ്ങൾ എന്നിവയിൽ തങ്ങൾ ഏർപ്പെട്ടിരിക്കുന്നു. സ്ഥാപനം വളരാൻ ആഗ്രഹിക്കാത്ത ചില ആളുകളെ ഇത് പ്രകോപിപ്പിച്ചിട്ടുണ്ട്. കന്നട സിനിമയായ കാന്താരയുടെ ജനപ്രീതി ഉപയോഗിച്ച് ചില പ്രചാരകർ അവരുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചു.
വിവാദത്തിന് രാഷ്ട്രീയനിറം നൽകാനുള്ള ശ്രമങ്ങൾ തെറ്റിദ്ധാരണാജനകമാണ്. ബി.ജെ.പി നേതാക്കൾ പിന്തുണയുമായി എത്തി. പക്ഷേ, കോൺഗ്രസിലെയും ജെ.ഡി -എസിലെയും നേതാക്കളും ഞങ്ങളെ സന്ദർശിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയമല്ല. സ്ഥാപനത്തെയും തന്റെ പേരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം മാത്രമാണ്. ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും ഉറപ്പ് നൽകി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നടത്തിയ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.