ധർമസ്ഥലയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ ദലിത് സംഘ പ്രതിഷേധം
text_fieldsദലിത് സംഘർഷ സമിതി നേതാക്കൾ ശനിയാഴ്ച മംഗളൂരു പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ
മംഗളൂരു: അജ്ഞാതന്റെ പരാതിയെത്തുടർന്ന് ധർമസ്ഥല ഗ്രാമത്തിൽ എസ്.ഐ.ടിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഖനന-അന്വേഷണത്തിനിടെ യൂട്യൂബർമാരും സ്വകാര്യ ടി.വി റിപ്പോർട്ടർമാരും ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തെ കർണാടക ദലിത് സംഘർഷ സമിതി (ഡി.എസ്.എസ്) ദക്ഷിണ കന്നട ജില്ല സമിതി സെക്രട്ടറി എസ്.പി. ആനന്ദ് ശനിയാഴ്ച വാർത്തസമ്മേളനത്തിൽ അപലപിച്ചു.
സ്വകാര്യ ചാനലിലെ കാമറാമാനും ദലിത് സമുദായത്തിൽപ്പെട്ടയാളുമായ അഭിഷേക് ആക്രമിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും എസ്.സി/ എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ഇത് വ്യക്തികൾക്കെതിരായ വെറും ആക്രമണമല്ല; സത്യം വെളിച്ചത്തുകൊണ്ടുവരാനുള്ള ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്.
വസ്തുതകളെ ചോദ്യം ചെയ്യുകയും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരായ ആക്രമണം സുതാര്യതയെയും ഉത്തരവാദിത്തത്തെയും ദുർബലപ്പെടുത്തുന്നു. സത്യം പുറത്തുവരുന്നതിന് എസ്.ഐ.ടിയുടെ അന്വേഷണം പൂർത്തിയാക്കാൻ അനുവദിക്കണം’’ -ആനന്ദ് പറഞ്ഞു. എസ്.ഐ.ടി അന്വേഷണം പാതിവഴിയിൽ നിർത്തുന്നത് പ്രതികളെക്കുറിച്ചുള്ള സംശയം വർധിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമികളിൽ ഒരാൾ യൂട്യൂബർമാരെ ഭീഷണിപ്പെടുത്തുന്നതിനിടയിൽ ‘ധാനി’ (ബോസ്) എന്ന വാക്ക് ഉപയോഗിക്കുന്ന ഒരു വിഡിയോ പരാമർശിച്ച ആനന്ദ്, ഇത്തരം ഭീഷണിപ്പെടുത്തൽ പ്രവർത്തനങ്ങൾക്കും റൗഡി പെരുമാറ്റത്തിനും പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഡി.എസ്.എസ് നേതാക്കളായ അനിൽ കുമാർ, താലൂക്ക് കൺവീനർ സതീഷ് മൂഡ്ബിദ്രി, അംഗങ്ങളായ നവീൻ മൂഡ്ബിദ്രി, സുജിത്ത് മൂഡ്ബിദ്രി, സുരേഷ് മൂഡ്ബിദ്രി എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.