Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightധർമസ്ഥല: ദേശീയ...

ധർമസ്ഥല: ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

text_fields
bookmark_border
ധർമസ്ഥല: ദേശീയ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
cancel
camera_alt

ധർമസ്ഥലയിൽ പരിശോധനക്കെത്തിയ ദേശീയ മനുഷ്യാവകാശ കമീഷൻ സംഘം

മംഗളൂരു: കൂട്ട ശവസംസ്കാര കേസിൽ എസ്‌.ഐ.ടി അന്വേഷണം തുടരുന്നതിനിടെ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കമീഷൻ സംഘാംഗങ്ങൾ ധർമസ്ഥല ഗ്രാമം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌.എസ്‌.പി) യുവരാജ്, ഡിവൈ.എസ്‌.പി രവി സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘം ബെൽത്തങ്ങാടിയിലെ എസ്‌.ഐ.ടി ഓഫിസ്, ധർമസ്ഥല ഗ്രാമപഞ്ചായത്ത് ഓഫിസ്, ധർമസ്ഥല പൊലീസ് സ്റ്റേഷൻ എന്നിവ സന്ദർശിച്ച് ഉദ്യോഗസ്ഥരിൽനിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. കേസിലെ പരാതിക്കാരനായ സാക്ഷിയിൽനിന്ന് അവർ മൊഴി രേഖപ്പെടുത്തിയതായും സൂചനയുണ്ട്.

ധർമസ്ഥല പൊലീസ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ ദശകങ്ങളിൽ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണകേസുകളുടെ സമഗ്ര വിവരം ടീം തലവനായ എസ്‌.എസ്‌.പി യുവരാജ് ശേഖരിച്ചു. കഴിഞ്ഞ ദശകങ്ങളിൽ ഗ്രാമത്തിൽ കുഴിച്ചിട്ട, അവകാശപ്പെടാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഏതാനും എൻ.‌എച്ച്‌.ആർ.‌സി ഉദ്യോഗസ്ഥർ ധർമസ്ഥല ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു.

ഈ കാലയളവിൽ മൃതദേഹം സംസ്‌കരിക്കുന്നതിനായി ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ എണ്ണവും അവരെല്ലാം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നതും സംബന്ധിച്ച വിശദാംശങ്ങളും അവർ ശേഖരിച്ചു. മൃതദേഹങ്ങൾ സംസ്‌കരിച്ച ചില തൊഴിലാളികളുടെ വീടുകളും ഉദ്യോഗസ്ഥർ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. നിലവിൽ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഓഫിസിലേക്ക് വിളിപ്പിച്ചു.

ഈ മാസം ഒമ്പതിന് എസ്‌.ഐ.ടി സംഘം കുഴിച്ചെടുക്കൽ നടത്തിയ ധർമസ്ഥലയിലെ ബാഹുബലി ബേട്ടയിലേക്കുള്ള റോഡിന് സമീപമുള്ള സ്ഥലവും എൻ‌.എച്ച്‌.ആർ.‌സി സംഘം പരിശോധിച്ചു. തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സ്വമേധയാ അന്വേഷിക്കുകയാണെന്നും സംഘം പറഞ്ഞു.

തിരിച്ചറിയാത്ത മൃതദേഹങ്ങൾ, ഗ്രാമപഞ്ചായത്തും ലോക്കൽ പൊലീസും നടപടിക്രമം പാലിച്ചാണോ സംസ്കരിച്ചതെന്നും എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. പരാതിക്കാരനായ സാക്ഷി, അദ്ദേഹത്തിന്റെ അഭിഭാഷകർ, പിന്തുണക്കാർ, അന്വേഷണത്തെ എതിർക്കുന്നവർ എന്നിവരിൽനിന്ന് മൊഴി രേഖപ്പെടുത്തും. എസ്‌.ഐ.ടി അന്വേഷണം ഏത് ദിശയിലാണ് പുരോഗമിക്കുന്നതെന്ന് അവലോകനം ചെയ്യും. എല്ലാ കോണുകളിൽനിന്നും വിവരം ശേഖരിക്കുന്നതിനായി നാലുദിവസത്തോളും ധർമസ്ഥലയിൽ തങ്ങാനാണ് പദ്ധതിയെന്നും ആവശ്യമെങ്കിൽ ക്യാമ്പ് നീട്ടുമെന്നും അവർ അറിയിച്ചു.

റഡാർ പരിശോധനയിൽ അസ്ഥി സിഗ്നൽ

ധർമസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജി.പി.ആർ) ഉപയോഗിച്ച് പരാതിക്കാരൻ തിരിച്ചറിഞ്ഞ പതിമൂന്നാം പോയന്റിൽ ആദ്യഘട്ട സ്കാനിങ് പൂർത്തിയാക്കി.

പരിശോധനക്കെത്തിച്ച റഡാർ സംവിധാനം

ഈ ഇടത്തിന് പുറമേ, എസ്‌.ഐ.ടിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, പുത്തൂർ അസിസ്റ്റന്റ് കമീഷണർ സ്റ്റെല്ല വർഗീസ്, മറ്റ് വിദഗ്ധർ എന്നിവരുൾപ്പെടെ 60 ഓളം പേരുടെ സംഘം നേത്രാവതി അജികുരി റോഡിനുസമീപം 100 മീറ്ററിലധികം ജി.പി.ആർ സ്കാനിങ് നടത്തി. സ്കാനിങ് പൂർത്തിയായപ്പോൾ ഒരു മണ്ണുമാന്തി യന്ത്രവും സ്ഥലത്തേക്ക് കൊണ്ടുവന്നു. സ്കാനിങ്ങിന് ശേഷം ഗ്രൂപ്പിലെ അംഗങ്ങൾ സ്ഥലം പരിശോധന ആരംഭിച്ചു. എസ്‌.ഐ.ടി തലവൻ ഡോ. പ്രണബ് മൊഹന്തി ചൊവ്വാഴ്ച സ്ഥലത്തെത്തി ഓപറേഷന് നേതൃത്വം നൽകി.

വധഭീഷണിയെന്ന് രണ്ടാമത്തെ പരാതിക്കാരൻ

ധർമസ്ഥല ഗ്രാമത്തിൽ യുവതിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചത് താൻ കണ്ടതായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) അറിയിച്ച രണ്ടാമത്തെ പരാതിക്കാരനായ ടി. ജയന്തിന് വധഭീഷണിയെന്ന് പരാതി. 17 പേരടങ്ങുന്ന സംഘത്തിൽനിന്ന് വധഭീഷണി ഉണ്ടെന്ന് ധർമസ്ഥല പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. എസ്‌.ഐ.ടിയെ സമീപിച്ച ദിവസം മുതൽ ചില വ്യക്തികൾ അക്രമത്തിന് പ്രേരിപ്പിക്കുന്നതരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പ്രസ്താവന പുറപ്പെടുവിച്ചു.

ജയന്ത്

വസന്ത് ഗിലിയാർ, കിരിക് കീർത്തി, വികാസ് ശാസ്ത്രി, പവർ ടിവി മേധാവി രാകേഷ് ഷെട്ടി എന്നിവരുടെ പേരുകൾ പരാതിയിൽ പറയുന്നു. കൊല്ലുക എന്ന ലക്ഷ്യത്തോടെ ഒരു സംഘം തന്നെ പിന്തുടരുന്നുണ്ടെന്ന് ജയന്ത് മാധ്യമങ്ങളോട് ആരോപിച്ചു. പരാതി പരിശോധിച്ചുവരികയാണെന്നും ഉചിത നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ. അരുൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Human Rights CommissionCase Registaredmetro newsDharmasthala Murder
News Summary - Dharmasthala: National Human Rights Commission registers case
Next Story