'നേത്രാവതി നദിക്കരയിലുള്ള കടയിൽ വെച്ചാണ് മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടത്'; ധർമസ്ഥല സംഭവത്തിൽ രണ്ട് സാക്ഷികൾ എസ്.ഐ.ടിക്ക് മുന്നിൽ
text_fieldsതുലാരാമ ഗൗഡ, പുരന്ദര ഗൗഡ
മംഗളൂരു: ധർമസ്ഥല കൂട്ട ശവസംസ്കാര കേസുമായി ബന്ധപ്പെട്ട് നേരത്തേ പരാതി നൽകുകയും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സാക്ഷികളാണെന്ന് അവകാശപ്പെടുകയും ചെയ്ത ധർമസ്ഥലയിലെ പുരന്ദര ഗൗഡ, തുലാരാമ ഗൗഡ എന്നിവർ ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മുന്നിൽ ഹാജരായി.
നേത്രാവതി നദിക്കരയിൽ സ്വന്തമായി കട ഉണ്ടായിരുന്നതായി പുരന്ദര ഗൗഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കടയിൽ ആയിരിക്കുമ്പോൾ അജ്ഞാത സാക്ഷി മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടിരുന്നു. എന്നാൽ, സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെയും പതിമൂന്നാമത്തെയും സ്ഥലങ്ങളിൽ ഒന്നിലധികം ആളുകൾ ഈ ജോലിയിൽ ഏർപ്പെട്ടത് താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാക്ഷി തിരിച്ചറിഞ്ഞ സ്ഥലങ്ങൾക്ക് പുറത്തുള്ള സ്ഥലങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചത് താൻ കണ്ടതായി തുലാരാമ ഗൗഡയും പറഞ്ഞു. ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എസ്.ഐ.ടിക്ക് നൽകുമെന്നും ഗൗഡ കൂട്ടിച്ചേർത്തു.
അതേസമയം, എസ്.ഐ.ടി അന്വേഷണം തുടരുന്നതിനിടെ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കമീഷൻ സംഘാംഗങ്ങൾ ധർമസ്ഥല ഗ്രാമം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) യുവരാജ്, ഡിവൈ.എസ്.പി രവി സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘം ബെൽത്തങ്ങാടിയിലെ എസ്.ഐ.ടി ഓഫിസ്, ധർമസ്ഥല ഗ്രാമപഞ്ചായത്ത് ഓഫിസ്, ധർമസ്ഥല പൊലീസ് സ്റ്റേഷൻ എന്നിവ സന്ദർശിച്ച് ഉദ്യോഗസ്ഥരിൽനിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. കേസിലെ പരാതിക്കാരനായ സാക്ഷിയിൽനിന്ന് അവർ മൊഴി രേഖപ്പെടുത്തിയതായും സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.