മോദി ആദ്യം ‘അമുൽ’ വില കുറക്കൂ, എന്നിട്ടാവാം ‘നന്ദിനി’: മുഖ്യമന്ത്രി
text_fieldsബംഗളൂരു: നന്ദിനി പാൽ വില വർധനവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കർഷകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാനാണ് വില വർധിപ്പിച്ചതെന്ന് കർണാടക സ്റ്റേറ്റ് കോഓപറേറ്റീവ് ഫെഡറേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച 73ാമത് സഹകരണ വാരം-2026 ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
അമുൽ പാലിന്റെ വില കുറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശിവകുമാർ ആവശ്യപ്പെട്ടു. ‘പാൽ ഉൽപാദകർക്ക് അവരുടെ കഠിനാധ്വാനത്തിന് ന്യായമായ വില ലഭിക്കണം. അമുലിന് പാൽ നൽകുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കർഷകർക്ക് ലഭിക്കുന്ന പണം കുറവാണ്. പശുക്കളെ വളർത്തുക, പരിപാലിക്കുക എന്നിവ എളുപ്പമുള്ള കാര്യമല്ല. കന്നുകാലികളെ സ്വന്തം മക്കളെപ്പോലെയാണ് കർഷകർ പരിപാലിക്കുന്നത്. അവരുടെ പരിശ്രമത്തിന് ആനുപാതികമായ വില ലഭിക്കണം. അമുൽ ഓരോ ലിറ്റർ പാലിനും കർഷകർക്ക് 61-62 രൂപ നൽകുമ്പോൾ, നമ്മുടെ കർഷകർക്ക് 54 രൂപയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി അമുൽ പാലിന്റെ വില കുറച്ചാൽ, ഞങ്ങളും അത് പിന്തുടരും.” മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് മിക്ക സംസ്ഥാനങ്ങളിലും പാൽ വില കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്താകെയുള്ള ഏകദേശം 25 ലക്ഷം കർഷകർ പാൽ ഉൽപാദക സഹകരണ സംഘങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് വിതരണം ചെയ്യുന്ന പാൽ ഈ സംഘങ്ങളിൽ നിന്നാണ് സംഭരിക്കുന്നത്. പാൽ ഉൽപാദകർക്ക് സർക്കാർ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പച്ചക്കറി വിപണികളിലെ വില നിയന്ത്രിക്കുന്നതിലും, പഞ്ചസാര ഫാക്ടറികൾ സ്ഥാപിക്കുന്നതിലും കരിമ്പിന് വിപണി സൃഷ്ടിക്കുന്നതിലും സഹകരണ മേഖല നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

