സ്വാതന്ത്ര്യദിനാഘോഷം: കാണാൻ ഇ-പാസ്
text_fieldsസ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ബംഗളൂരു വിധാൻ സൗധക്ക് മുന്നിലെ റോഡരികിൽ ദേശീയപതാക വിൽപനയിലേർപ്പെട്ട സ്ത്രീ
ബംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങൾ കാണുന്നതിന് പൊതുജനങ്ങൾക്ക് ആദ്യമായി ഓൺലൈനായി ഇ-പാസ് ലഭിക്കുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ചീഫ് കമീഷണർ മഹേശ്വര റാവു ബുധനാഴ്ച പറഞ്ഞു.
ആഗസ്റ്റ് 15ന് ബംഗളൂരുവിലെ കബ്ബൺ റോഡിലുള്ള ഫീൽഡ് മാർഷൽ മണിക് ഷാ പരേഡ് ഗ്രൗണ്ടിലാണ് സംസ്ഥാനതല ചടങ്ങ്. നേരത്തേ പ്രത്യേക ക്ഷണിതാക്കൾക്കും ചടങ്ങിൽ പങ്കെടുത്തവർക്കും സർക്കാർ ഉദ്യോഗസ്ഥർ ക്ഷണക്കത്തുകൾ വിതരണം ചെയ്തിരുന്നു. ഇപ്പോൾ, സേവാ സിന്ധു വെബ്സൈറ്റിൽ (www.sevasindhu.karnataka.gov.in) നിന്ന് ആളുകൾക്ക് ഇ-പാസ് ലഭിക്കും.
കൂടുതൽ ആളുകൾക്ക് പരിപാടി നേരിട്ട് കാണാൻ കഴിയുന്ന തരത്തിൽ വേദിയിലെ പൊതുജനങ്ങൾക്കുള്ള വ്യൂവിങ് ഗാലറി വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ പതാക ഉയർത്തും. തുടർന്ന് തുറന്ന ജീപ്പിൽ പരേഡ് പരിശോധിച്ച് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. മൊബൈൽ ഫോണുകൾ, വാട്ടർ ബോട്ടിലുകൾ, ഹെൽമെറ്റുകൾ, കാമറകൾ, റേഡിയോകൾ, കുടകൾ തുടങ്ങിയ അവശ്യവസ്തുക്കൾപോലും മാറ്റിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണിക് ഷാ പരേഡ് ഗ്രൗണ്ടിലും പരിസര പ്രദേശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ, കഴിയുന്നത്ര പൊതുഗതാഗതവും മെട്രോ സേവനവും ഉപയോഗിക്കണമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
സെൻട്രൽ സ്ട്രീറ്റ് (അനിൽ കുംബ്ലെ സർക്ൾ മുതൽ ശിവാജിനഗർ ബസ് സ്റ്റാൻഡ് വരെ), കബ്ബൺ റോഡ് (സി.ടി.ഒ സർക്ൾ മുതൽ കെ.ആർ റോഡ്, കബ്ബൺ റോഡ് ജങ്ഷൻ വരെ), എം.ജി റോഡ് (അനിൽ കുംബ്ലെ സർക്ൾ മുതൽ ട്രിനിറ്റി സർക്ൾ വരെ) എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ലെന്ന് ബുധനാഴ്ച ട്രാഫിക് പൊലീസ് പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.