ഈജിപ്പുര മേൽപാലം സ്ലാബ് തകർന്നു; ഓട്ടോ ഡ്രൈവർക്ക് പരിക്ക്
text_fields1. ഈജിപ്പുര മേൽപാലം സ്ലാബ് തകർന്ന നിലയിൽ 2. ഈജിപ്പുര മേൽപാലം നിർമാണ ഘട്ടങ്ങൾ
ബംഗളൂരു: നിർമാണം വൈകുന്നതിൽ മേൽക്കൈ നേടിയ ഈജിപ്പുര മേൽപാലം സ്ലാബ് തകർന്നുവീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. 2017ൽ തുടങ്ങി വിവിധ കാരണങ്ങളിൽ ഇഴയുന്ന നിർമാണത്തിലൂടെ കുപ്രസിദ്ധമാണ് ഈ മേൽപാലം. 2.38 കിലോമീറ്റർ നീളമുള്ള മേൽപാലം വരുന്ന ഡിസംബറോടെ പൂർത്തിയാകുമെന്നായിരുന്നു ഒടുവിലത്തെ വാഗ്ദാനം. എന്നാൽ, പുതിയ സാഹചര്യത്തിൽ അടുത്ത മാർച്ചിലേക്ക് നീട്ടുകയാണ്. പൂർത്തിയായ ഭാഗങ്ങളിൽ അപാകതയുണ്ടെന്ന് തങ്ങൾ ചൂണ്ടിക്കാട്ടിയത് ശരിവെക്കുന്നതാണ്
പൊട്ടിയ സ്ലാബിൽനിന്നുള്ള കോൺക്രീറ്റ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ സംഭവമെന്ന് നാട്ടുകാർ പറയുന്നു. ബന്നാർഘട്ട റോഡിലെ കാസ്റ്റിങ് യാർഡ് പരിശോധിച്ച ശേഷം, സെഗ്മെന്റുകൾ തയാറാക്കുന്ന സ്ഥലത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും 2026 മാർച്ചോടെ പദ്ധതി പൂർത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ബി.ബി.എം.പി ചീഫ് കീഷണർ എം. മഹേശ്വര റാവു എൻജിനീയർമാർക്ക് നിർദേശം നൽകി.
പദ്ധതിക്കാവശ്യമായ ആകെ 762 പ്രീകാസ്റ്റ് സെഗ്മെന്റുകളിൽ 437 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞു. ശേഷിക്കുന്ന 325 സെഗ്മെന്റുകൾ ഇനിയും കാസ്റ്റ് ചെയ്യാനുണ്ട്. പദ്ധതിയുടെ ആക്കം നിലനിർത്തുന്നതിനായി ഓരോ മാസവും 45 സെഗ്മെന്റുകൾ തയാറാക്കി സ്ഥാപിക്കണമെന്ന് ചീഫ് കമീഷണർ നിർദേശിച്ചു. സെന്റ് ജോൺസ് ആശുപത്രിക്കും സെന്റ് ജോൺസ് ഹോസ്റ്റലിനും സമീപം രണ്ട് ഭൂമി ഈ പദ്ധതിക്കായി ആവശ്യമാണ്. ഈ സ്ഥലങ്ങളിൽ റാമ്പ് നിർമാണം എത്രയും വേഗം ആരംഭിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഈജിപ്പുര മേൽപാലത്തിന്റെ എല്ലാ സാങ്കേതിക രൂപകൽപനകളും പദ്ധതികളും അന്തിമമാക്കിയിട്ടുണ്ടെന്നും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി വിശദമായ നിർവഹണ തന്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ചീഫ് എൻജിനീയർ ഡോ. രാഘവേന്ദ്ര പ്രസാദ് കമീഷണറെ അറിയിച്ചു.
കൊറമംഗലയിലെ 100 അടി റോഡിൽ അനുഭവിക്കുന്ന ഗതാഗതക്കുരുക്ക് കുറക്കുകയെന്നതാണ് ഈജിപ്പുര മെയിൻ റോഡിൽ (ഇന്നർ റിങ് റോഡ് ജങ്ഷൻ) നിന്ന് കേന്ദ്രീയ സദൻ ജങ്ഷൻ വരെ നീളുന്ന ഈ മേൽപാലത്തിന്റെ ലക്ഷ്യം. 2017ൽ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചറിനാണ് കരാർ ആദ്യം നൽകിയത്. എന്നാൽ, ആവർത്തിച്ചുള്ള കാലതാമസം, സമയപരിധി പാലിക്കാത്തത്, ഒന്നിലധികം കരാറുകാരുടെ പ്രശ്നങ്ങൾ എന്നിവ പദ്ധതിയെ ബാധിച്ചു.
2019 നവംബർ വരെ കരാർ കാലാവധിയുണ്ടായിരുന്നിട്ടും സമയം നീട്ടി നൽകുകയും 2.5 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിട്ടും അഞ്ച് വർഷത്തിനുള്ളിൽ സിംപ്ലക്സിന് പദ്ധതിയുടെ 42.8 ശതമാനം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. ഒടുവിൽ 2022 മാർച്ച് മൂന്നിന് നഗരവികസന വകുപ്പ് കമ്പനിയുടെ കരാർ അവസാനിപ്പിക്കുകയും 10.16 കോടി രൂപയുടെ സുരക്ഷാ നിക്ഷേപം പിടിച്ചെടുക്കുകയും ചെയ്തു.ബി.ബി.എം.പി മൂന്ന് തവണ പുതിയ ടെൻഡറുകൾ ക്ഷണിച്ചു. എന്നാൽ, മറുപടി ലഭിച്ചില്ല.
നാലാം റൗണ്ടിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ബി.എസ്.സി.പി.സി.എൽ പ്രൈവറ്റ് ലിമിറ്റഡ് ബിഡ് സമർപ്പിച്ചു, 2023 നവംബറിൽ 15 മാസത്തെ സമയപരിധിയോടെ ശേഷിക്കുന്ന ജോലികൾ അവർക്ക് ലഭിച്ചു. ഈ കമ്പനിക്കും സമയം പാലിക്കാത്തതിനാൽ നോട്ടീസുകൾ നൽകേണ്ടിവന്നു, കാലതാമസം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകി.
ജി.എസ്.ടി ഒഴികെ ബാക്കിയുള്ള നിർമാണം പൂർത്തിയാക്കുന്നതിനുള്ള ചെലവ് ഇപ്പോൾ 176.1 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്, ഇത് യഥാർഥ എസ്റ്റിമേറ്റിനേക്കാൾ 48 കോടി രൂപ കൂടുതലാണ്. പദ്ധതിയുടെ ഭൗതിക പുരോഗതിയുമായി ബന്ധപ്പെടുത്തി ബി.ബി.എം.പി ബി.എസ്.പി.സി.എല്ലിന് 52.1 കോടി രൂപയുടെ പേമെന്റുകൾ ഇതിനകം അനുവദിച്ചു. മഡിവാല-ഇജിപുര ഭാഗത്ത് താഴേക്കും മുകളിലേക്കും റാമ്പുകൾ നിർമിക്കുന്നുണ്ട്. സർജാപൂരിലേക്കുള്ള ഒരു ലൂപ്പും പുരോഗമിക്കുന്നു. പൂർത്തിയാകുമ്പോൾ ഏഴ് പ്രധാന ജങ്ഷനുകൾ സിഗ്നൽ രഹിതമാക്കാനും അതുവഴി നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലൂടെയുള്ള യാത്രാ സമയം ഗണ്യമായി മെച്ചപ്പെടുത്താനും മേൽപാലം ലക്ഷ്യമിടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.