നാടിന്റെ വേദനയിലേക്ക് അവർ ചേതനയറ്റ് മടങ്ങിയെത്തി
text_fieldsഭരത് ഭൂഷന്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന ഗവർണർ താവർചന്ദ് ഗഹ് ലോട്ട്
ബംഗളൂരു: കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ വേദനയോടെ നാടേറ്റുവാങ്ങി. വ്യാഴാഴ്ച പുലർച്ചെ 3.45ഓടെയാണ് ബംഗളൂരു മത്തിക്കരെ സ്വദേശി ഭരത് ഭൂഷൺ (41), ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവു (47) എന്നിവരുടെ മൃതദേഹങ്ങളും വഹിച്ചുള്ള പ്രത്യേക വിമാനം ബംഗളൂരു വിമാനത്താവളത്തിലെത്തിയത്. ബംഗളൂരു രാമമൂർത്തി നഗറിൽ സ്ഥിരതാമസമാക്കിയ ആന്ധ്രപ്രദേശിലെ നെല്ലൂർ കാവലി സ്വദേശിയായ മധുസൂദൻ റാവുവിന്റെ (40) മൃതദേഹം വ്യാഴാഴ്ച പുലർച്ചെ പ്രത്യേക വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു.
കോൺഗ്രസ് തമിഴ്നാട് ഘടകം അധ്യക്ഷൻ സെൽവപെനരുംതുറെ, ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ചെന്നൈയിൽനിന്ന് റോഡുമാർഗം നെല്ലൂരിലേക്ക് കൊണ്ടുപോയി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു. ബംഗളൂരുവിൽ മഞ്ജുനാഥ റാവുവിന്റെ ഭാര്യ പല്ലവി ചോരപുരണ്ട ജാക്കറ്റ് തന്നെ ധരിച്ചാണ് പ്രാണപ്രിയനെ അടച്ച പെട്ടിയെ അനുഗമിച്ച് വിമാനത്തിൽ ഇറങ്ങിയത്. മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്നതിനിടയിൽ അവർ ‘ഓർമക്കായി ഈ ജാക്കറ്റ് സൂക്ഷിക്കും’ എന്ന് വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു. മഞ്ജുനാഥ റാവുവിന്റെ സഹോദരീഭർത്താവായ പ്രദീപ് വിമാനത്താവളത്തിൽ വികാരഭരിതനായി തന്റെ സഹോദരി പല്ലവിയും മകൻ അഭിയും അനുഭവിക്കുന്ന മാനസികാഘാതത്തെക്കുറിച്ച് വിവരിച്ചു. ‘എന്റെ സഹോദരിയുടെ മുന്നിലാണ് മഞ്ജുനാഥിന് വെടിയേറ്റത്. വെറും 18 വയസ്സുള്ള അവരുടെ ബോർഡ് പരീക്ഷകൾ പൂർത്തിയാക്കി കുടുംബത്തോടൊപ്പം ആദ്യമായി അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു. ഇപ്പോൾ ആ ഉല്ലാസയാത്ര എല്ലാം തകർന്നടിഞ്ഞ ഓർമയായി’ -നിയന്ത്രണംവിട്ട് കരഞ്ഞ പ്രദീപിനെ തേജസ്വി സൂര്യ എം.പി സാന്ത്വനിപ്പിച്ചു.
മൃതദേഹം വഹിച്ച വിമാനത്തിൽ തേജസ്വി സൂര്യ എം.പിയും ബംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ശിവമൊഗ്ഗയിൽ പൊതുദർശനത്തിന് വെച്ചശേഷം വൈകീട്ടോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മഞ്ജുനാഥിന്റെ മൃതദേഹം സംസ്കരിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ശിവമൊഗ്ഗ ജില്ല ചുമതലയുള്ള മന്ത്രി മധു ബംഗാരപ്പ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഹാവേരി റാണിബെന്നുർ സ്വദേശിയായ ഭരത് ഭൂഷന്റെ മൃതദേഹം രാവിലെ 5.30ഓടെ ബംഗളൂരു മത്തിക്കരെ സുന്ദർനഗറിലെ നാലാം ക്രോസിലുള്ള വസതിയിലെത്തിച്ച് പൊതുദർശനത്തിന് വെച്ചു.
ഗവർണർ താവർചന്ദ് ഗഹ് ലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഉച്ചതിരിഞ്ഞ് ഹെബ്ബാളിലെ ശ്മശാനത്തിൽ സംസ്കാരം നടത്തി. കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബംഗളൂരു സ്വദേശി ഭരത് ഭൂഷൺ, ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവു എന്നിവരുടെ മൃതദേഹം അടക്കംചെയ്ത പെട്ടികൾ ബംഗളൂരു വിമാനത്താവളത്തിലെത്തിയപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന കേന്ദ്രമന്ത്രി വി. സോമണ്ണ, തേജസ്വി സൂര്യ എം.പി എന്നിവർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.