ഒറ്റദിനം, നമ്മ മെട്രോ; യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു
text_fieldsനമ്മ മെട്രോ
ബംഗളൂരു: പുതുതായി ആരംഭിച്ച യെല്ലോ ലൈനിൽ സഞ്ചരിക്കാൻ ബംഗളൂരു നിവാസികൾ ഒഴുകിയെത്തിയതോടെ തിങ്കളാഴ്ച നമ്മ മെട്രോയിലെ യാത്രക്കാരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു. മെട്രോ ട്രെയിനുകളിൽ ആകെ 10,48,031 പേരാണ് യാത്ര ചെയ്തത്. ജൂൺ നാലിന് ആർ.സി.ബിയുടെ ഐ.പി.എൽ ആഘോഷവേളയിൽ രേഖപ്പെടുത്തിയ 9,66,732 എന്ന മുൻ റെക്കോഡിനെയാണ് ഇത് മറികടന്നത്.
19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ ആർ.വി റോഡിനെ ഇലക്ട്രോണിക്സ് സിറ്റിയുടെ ടെക് ഹബ് വഴി വ്യവസായ മേഖലയായ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്നു. ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) യെല്ലോ ലൈനിൽ ആദ്യ ഘട്ടത്തിൽ ഓരോ 25 മിനിറ്റിലും മൂന്ന് ട്രെയിനുകൾ മാത്രമേ സർവിസ് നടത്തുന്നുള്ളൂ. എന്നാലും ഇലക്ട്രോണിക്സ് സിറ്റിയിലും പരിസരത്തും സ്ഥിതി ചെയ്യുന്ന ടെക്നോളജി കമ്പനികളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രഫഷനലുകൾ യെല്ലോ ലൈനിനെ ഊഷ്മളമായി സ്വീകരിച്ചതാണ് യാത്രക്കാരുടെ എണ്ണം റെക്കോഡിലെത്തിച്ചത്. സെൻട്രൽ സിൽക്ക് ബോർഡിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്ക് മറികടക്കാനായതിൽ പലരും ആശ്വാസം പ്രകടിപ്പിച്ചു.
ഉദ്ഘാടന ദിനത്തിൽ ഇത്രയും ഉയർന്ന യാത്രക്കാരുടെ എണ്ണം അസാധാരണമായിരുന്നില്ല എന്ന് ബി.എം.ആർ.സി.എൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ബി.എൽ യശ്വന്ത് ചവാൻ പറഞ്ഞു. പുതിയ ലൈനിന്റെ ആദ്യ ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന സാധാരണയായി കാണാറുണ്ട്. കൂടുതൽ കൃത്യമായ നമ്പർ ലഭിക്കാൻ ആഴ്ചകളോളം ഗതാഗത രീതികൾ വിലയിരുത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ഞ ലൈനിൽ ആദ്യ കുറച്ച് മാസങ്ങളിൽ ശരാശരി പ്രതിദിന യാത്രക്കാർ 25,000 -30,000 ആയിരിക്കുമെന്ന് ബി.എം.ആർ.സിഎല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നാലാമത്തെ ട്രെയിൻ അടുത്ത മാസം ആദ്യം സർവിസിൽ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ യെല്ലോ ലൈൻ ഫ്രീക്വൻസി 20 മിനിറ്റായി മെച്ചപ്പെടുത്താൻ ബി.എം.ആർ.സി.എൽ പദ്ധതിയിടുന്നു. ഡൽഹി മെട്രോ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയതാണ് ബംഗളൂരു മെട്രോ ശൃംഖല. ആകെ 96.1 കിലോമീറ്റർ നീളമാണ് ഇതുവരെ പൂർത്തിയായ ലൈനുകൾക്കുള്ളത്.
ടിക്കറ്റ് തരം
- സ്മാർട്ട് കാർഡുകൾ: 5,03,837
- ടോക്കണുകൾ: 3,03,165
- ക്യു.ആർ കോഡുകൾ: 2,08,382
- എൻ.സി.എം.സി: 32,198
- ഗ്രൂപ് ടിക്കറ്റ്: 450
ആഗസ്റ്റ് 11ലെ യാത്രക്കാരുടെ എണ്ണം
- ആകെ: 10,48,031
- പർപ്ൾ ലൈൻ: 4,51,816
- ഗ്രീൻ ലൈൻ: 2,91,677
- യെല്ലോ ലൈൻ: 52,215
- ഇന്റർചേഞ്ച് (മജസ്റ്റിക്/ആർ.വി റോഡ്): 2,52,323

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.