ആനകളെ പുനരധിവസിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ രാജി സമര്‍പ്പിച്ചു
text_fieldsനയന മോട്ടമ്മ, ടി.ഡി രാജഗൗഡ, എച്ച്.ഡി തമ്മയ്യ
ബംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ ഭദ്ര വന്യജീവി സങ്കേതത്തിലേക്ക് ഹാസൻ ജില്ലയിൽ നിന്നുള്ള കാട്ടാനകളെ പുനരധിവസിപ്പിക്കാനുള്ള വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ നയന മോട്ടമ്മ തിങ്കളാഴ്ച ബംഗളൂരുവിലെ കർണാടക നിയമസഭാ സ്പീക്കറുടെ ഓഫിസിലെത്തി രാജി സമർപ്പിച്ചു. പ്രദേശത്ത് കാട്ടാനയുടെ ആക്രമണവും മരണവും തുടര്‍ക്കഥയാകുകയും കഴിഞ്ഞയാഴ്ച രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെത്തുടർന്ന് ഹസൻ ജില്ലയിലെ ബേലൂർ, സകലേഷ്പൂർ താലൂക്കുകളിലും പരിസരങ്ങളിലും അലഞ്ഞുതിരിയുന്ന കാട്ടാനകളെ പുനരധിവസിപ്പിക്കാന്‍ വനം വകുപ്പ് നടപടി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
ഹാസൻ ജില്ലാ ചുമതലയുള്ള മന്ത്രി കെ.എം. ശിവലിംഗെ ഗൗഡയാണ് ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് ആനകളെ പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ടത്. ഞായറാഴ്ച മോട്ടമ്മയും ചിക്കമംഗളൂരു ജില്ലയിലെ കോൺഗ്രസ് എം.എൽ.എമാരായ ടി.ഡി. രാജഗൗഡ, എച്ച്.ഡി. തമ്മയ്യ എന്നിവരും നീക്കത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചിക്കമഗളൂരുവിലേക്ക് കൂടുതൽ ആനകളെ മാറ്റുന്നത് പ്രദേശത്ത് മനുഷ്യ-മൃഗ സംഘർഷം വർധിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. തദ്ദേശ എം.എൽ.എമാരുമായും മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായും കൂടിയാലോചിക്കാതെയാണ് വനംവകുപ്പ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അവർ ആരോപിച്ചു. സർക്കാറിനോട് ഉത്തരം പറയേണ്ട ഉത്തരവാദിത്വമില്ലെങ്കിലും ജനങ്ങളോട് താന്‍ ഉത്തരം പറയണമെന്നും ചിക്കമഗളൂരുവിൽ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിൽ മോട്ടമ്മ പറഞ്ഞു. വനം വകുപ്പ് പ്രവർത്തനം തുടർന്നാൽ രാജിവക്കുമെന്ന് മറ്റ് രണ്ട് കോൺഗ്രസ് എം.എൽ.എമാരായ ശൃംഗേരിയിൽ നിന്നുള്ള ടി.ഡി. രാജഗൗഡയും ചിക്കമഗളൂരുവിൽ നിന്നുള്ള എച്ച്.ഡി തമ്മയ്യയും പ്രഖ്യാപിച്ചു.

