സന്ദർശക മനം കവർന്ന് ലാല്‍ബാഗ് പുഷ്പമേള
text_fieldsലാൽബാഗിൽ നടക്കുന്ന സ്വാതന്ത്ര്യദിന പുഷ്പമേളയിൽനിന്ന്
ബംഗളൂരു: പുഷ്പപ്രേമികൾക്ക് ഹൃദയഹാരിയായ കാഴ്ചകൾ സമ്മാനിച്ച് ലാല്‍ ബാഗ് പുഷ്പമേള ഏഴാം ദിനത്തിലേക്ക്. ആഗസ്റ്റ് ഏഴിന് ആരംഭിച്ച പുഷ്പമേളയിൽ സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്. അവധി ദിനമായ കഴിഞ്ഞ ഞായറാഴ്ച മാത്രം 40,000 ത്തിലേറെ പേരാണ് മേള കാണാനെത്തിയത്. മേളയുടെ ആദ്യദിനത്തിൽ 18.52 ലക്ഷം രൂപയുടെ ടിക്കറ്റ് വരുമാനമുണ്ടായതായും ഹോർട്ടികൾചർ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ആറു ദിവസത്തിനിടെ രണ്ടു ലക്ഷത്തോളം പേർ സന്ദർശകരായെത്തി.
പൂക്കളാല്‍ നിർമിച്ച കിറ്റൂര്‍ കോട്ടയും അക്കാലത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവന് തുടിക്കും പ്രതിമകളും സന്ദര്‍ശകരുടെ മനം കവരുന്നു. വടക്കന്‍ കര്‍ണാടകയിലെ കിറ്റൂര്‍ രാജ്യവും സ്വാതന്ത്ര്യസമര നേതാക്കളായ കിറ്റൂര്‍ രാജ്ഞി റാണി ചെന്നമ്മ, സൈനിക മേധാവി ക്രാന്തിവീര സംഗോളി രായണ്ണ എന്നിവരുടെ സമരജീവിത സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പുഷ്പമേള ഒരുക്കിയത്.
ഇന്ത്യാ ചരിത്രത്തിലെയോ കര്‍ണാടക ചരിത്രത്തിലേയോ പ്രമുഖ വ്യക്തികളെ ആസ്പദമാക്കിയാണ് ഫ്ലവര്‍ ഷോ സാധാരണ നടക്കുന്നത്. കൂടാതെ അബ്ബക്ക ദേവി, കുറുത്ത പൊന്നിന്റെ റാണി എന്നറിയപ്പെട്ട ചെന്നഭൈരവി ദേവി, ശിവജിയുടെ മറാത്ത സാമ്രാജ്യത്തിനെതിരെ 5000 സ്ത്രീകളുടെ സേന നിർമിച്ചു യുദ്ധംചെയ്ത ബെലവാടി മല്ലമ്മ, കേളടി സാമ്രാജ്യത്തിലെ അവസാന റാണിയായ കേളടി ചെന്നമ്മ, ഹൈദര്‍ അലിയുടെ ആക്രമണങ്ങളെ ധീരതയോടെ ചെറുത്ത വീരമ്മാജി, ഒണക്കേ ഒബ്ബവയുടെ പ്രതിമ, കിത്തൂര് രാജവംശത്തിലെ പ്രസിദ്ധനായ രാജാവ് മല്ല സര്‍ജ, അമത്തൂര് സദുനവര ബാലപ്പ, സര്‍ദാര്‍ ഗുരു സിദ്ധപ്പ, മാ.നി.പ്ര ശ്രീ പ്രഭു സ്വാമിജി എന്നിവരുടെ അലങ്കാര പ്രതിമകള്‍ സന്ദര്‍ശകരെ ഭൂതകാലത്തിന്റെ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകും.
സ്വാതന്ത്ര്യ ദിനവുമായും റിപ്പബ്ലിക് ദിനവുമായും ബന്ധപ്പെട്ട് വര്‍ഷത്തില്‍ രണ്ടു തവണയാണ് ലാല്‍ ബാഗില്‍ പുഷ്പമേള സംഘടിപ്പിക്കാറുള്ളത്. ടെൻഡർ നടപടികളിലൂടെയാണ് ഹോര്‍ട്ടി കള്‍ചര്‍ വകുപ്പ് മേളയിലേക്കുള്ള പൂക്കള്‍ ഏറ്റെടുക്കുന്നത്. ഇത്തവണ എട്ടോളം നഴ്സറികള്‍ക്ക് ടെൻഡര്‍ നല്‍കിയതായി അധികൃതര്‍ പറഞ്ഞു. കൂടാതെ ആന്ധ്ര പ്രദേശ്, കേരളം, തമിഴ്നാട്, ഊട്ടി, നന്ദി ഹില്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള അപൂര്‍വതരം പൂക്കള്‍ ഹോര്‍ട്ടികൾചര്‍ വകുപ്പ് ശേഖരിച്ചു.
നൂറുനൂറു പൂക്കൾ.....
മഞ്ഞയും ചുവപ്പും വെള്ളയും ജമന്തി പൂക്കള്‍, ആഫ്രിക്കന്‍ മഡഗാസ്കര്‍ സ്വദേശിയായ കലന്ചൊ, ചൈനീസ് ബാള്‍സം എന്നറിയപ്പെടുന്ന ഇംപേഷിയന്‍സ് പൂക്കള്‍, ഡെയ്സി കുടുംബത്തിലെ സിന്നിയ, സല്‍വിയ, ദക്ഷിണാഫ്രിക്കയിൽനിന്നുള്ള മഞ്ഞ, ചുവപ്പ്, വെള്ള, പിങ്ക് നിറത്തിലുള്ള ലില്ലി പൂക്കള്‍, ചുവപ്പും മഞ്ഞയും വെള്ളയും നിറമുള്ള ചെണ്ടുമല്ലി, ഗ്ലാഡിയോള, വിവിധ നിരത്തിലുള്ള റോസാ പൂക്കള്‍ തുടങ്ങി 150 തരത്തിലുള്ള 36.5 ലക്ഷത്തിലധികം പൂക്കള്‍ കൊണ്ട് ഒരുക്കിയതാണ് ഇത്തവണത്തെ പുഷ്പമേള.
പുഷ്പമേളയിൽ ലാൽ ബാഗിലെ ഗ്ലാസ് ഹൗസിൽ ഒണകേ ഒബവ്വയുടെ അലങ്കാര പ്രതിമയൊരുക്കിയപ്പോൾ
നാലുലക്ഷം പീച്ച് ഡച്ച് റോസ് തണ്ടുകളും 1,200 കിലോ ഡച്ച് ജമന്തി പൂക്കളും പുഷ്പാലങ്കാരത്തിന് ഉപയോഗിച്ചിട്ടുണ്ട്. ചിക്ബെല്ലാപൂര്‍, കോലാര്‍ എന്നിവിടങ്ങളില്‍ നിന്ന് ജമന്തി പൂക്കളും ഹൊസൂരില്‍ നിന്നും വെള്ള റോസാപൂക്കളും എത്തി. ഗ്ലാസ് ഹൗസിനുള്ളിലെ 2,800 ചതുരശ്ര അടി ഉയരമുള്ള കിത്തൂര് കോട്ടയുടെ പുഷ്പ മാതൃകയാണ് പുഷ്പമേളയുടെ പ്രധാന ആകര്‍ഷണം. കുതിരപ്പുറത്ത് കയറിയ ചെന്നമ്മ, രായണ്ണ എന്നിവരുടെ മാതൃകകൾ, റാണിയുടെ അന്ത്യവിശ്രമ സ്ഥലം, കോട്ടയുടെ ഒരു ഭാഗം, ലാവണി നര്‍ത്തകരുടെ മാതൃകകള്‍, ബ്രിട്ടീഷുകാര്‍ രായണ്ണയെ തൂക്കിലേറ്റുന്ന രംഗം, പ്രതിമകള്‍, ഛായാചിത്രങ്ങള്‍, പുഷ്പങ്ങള്‍ കൊണ്ട് നിർമിച്ച പിരമിഡുകൾ, ഹൃദയാകൃതിയുള്ള കമാനങ്ങള്‍ എന്നിവ പ്രദർശനത്തിലുണ്ട്.
സന്ദര്‍ശകർക്കായി വിവിധ തരത്തിലുള്ള സ്റ്റാളുകളും കരകൗശല വസ്തുക്കളും ഉണ്ട്. കൂടാതെ ഫ്ലവര്‍ ഷോയിലെ താരങ്ങളായ പൂക്കള്‍ സ്വന്തം വീടകങ്ങളില്‍ വളര്‍ത്താന്‍ താല്പര്യമുള്ളവര്ക്കായി ഹോര്ട്ടികള്ചറിന്റെ നേതൃത്വത്തിൽ അവയുടെ വിത്തുകളും തൈകളും വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. റോസ് ആപ്പിള്‍, ഞാവല്‍പ്പഴം, ലിച്ചി, ഏലക്ക, സപ്പോട്ട, കല്പവാടി മാങ്ങ, ചുവന്ന ചക്ക, മിയാസാക്കി മാങ്ങ, കുരുവില്ലാത്ത പേരക്ക, ബനാന സപ്പോട്ട, കുരുവില്ലാത്ത ചക്ക, വിളഞ്ഞിയില്ലാത്ത ചക്ക, ദശേരി മാങ്ങ, അവൊക്കാഡോ, മാംഗോസ്റ്റിന്, സ്റ്റാര്‍ ഫ്രൂട്ട്, മുസമ്പി, കുരുവില്ലാത്ത നാരങ്ങ, കുറ്റികുരുമുളക് എന്നിവയുടെ തൈകളും ലാൽ ബാഗിൽ നിന്ന് ലഭിക്കും.
കർഷകരെയും കർഷക കൂട്ടായ്മകളെയും പ്രോത്സാഹിപ്പിക്കുന്ന ഹോർട്ടികൾചർ വകുപ്പ് പുഷ്പമേളയുടെ ഭാഗമായി വിവിധതരം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ധാര്‍വാഡ് സ്വദേശിയായ ശങ്കര്‍ സ്വന്തം കൃഷിയിടത്തിൽ കൃഷി ചെയ്ത വിവിധ തരത്തിലുള്ള അരിയുമായാണ് എത്തിയത്. അവയില്‍ പാലക്കാടന്‍ മട്ട, ഞവര അരി തുടങ്ങി വിലയില്‍ മുന്‍പന്തിയിലുള്ള കറുത്ത അരി വരെയുണ്ട്. കൂടാതെ തേന്‍ ഉല്പന്നങ്ങളും സുഗന്ധ ദ്രവ്യങ്ങളും കറിമസാല കൂട്ടുകളും ഉൾപ്പെടും. മൂന്നു കോടി രൂപയാണ് ഫ്ലവര്‍ ഷോയുടെ മൊത്തം ചെലവ്.
പ്രദർശനം രാത്രി ഒമ്പതുവരെ
രാവിലെ ആറ് മുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് പ്രദർശന സമയം. മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും മുതിര്‍ന്നവര്‍ക്ക് 100 രൂപയാണ് പ്രവേശന നിരക്ക്. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സന്ദര്‍ശനം സൗജന്യമാണ്. തിരക്ക് നിയന്ത്രിക്കാന്‍ 100 വളന്റിയര്‍മാരെ ഏര്‍പ്പെടുത്തി. മേള ആഗസ്റ്റ് 18നു അവസാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.