മംഗളൂരു തുറമുഖ ചരക്കുനീക്ക ശേഷി 100 ദശലക്ഷം ടണ്ണായി ഉയർത്തും
text_fieldsകേന്ദ്ര മന്ത്രി സർബാനന്ദ സോനോവാളിനെ വേദിയിലേക്ക് ആനയിക്കുന്നു
മംഗളൂരു: അമൃത് കാൽ മാരിടൈം വിഷനിൽ ഉൾപ്പെടുത്തി 2047ഓടെ ന്യൂ മംഗളൂരു തുറമുഖത്തിന്റെ ചരക്കുനീക്ക ശേഷി 100 ദശലക്ഷം ടണ്ണായി ഉയർത്തുമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. ന്യൂ മംഗളൂരു തുറമുഖത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1500 കോടി രൂപയുടെ പുതിയ പദ്ധതികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. തുടക്കത്തിൽ 90,000 ടൺ ചരക്ക് കൈകാര്യം ചെയ്യൽ ശേഷിയുണ്ടായിരുന്ന തുറമുഖത്തിന്റെ ശേഷി ഇപ്പോൾ 46 ദശലക്ഷം ടണ്ണായി ഉയർന്നുവെന്ന് മന്ത്രി പറഞ്ഞു.
150 കിടക്കകളുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രി, വാഹന സ്കാനർ സംവിധാനം, ഊർജ, ഭക്ഷ്യ വിതരണ ശൃംഖല പദ്ധതികൾ, നാലുവരി തുറമുഖ കണക്റ്റിവിറ്റി റോഡ്, ട്രക്ക് ടെർമിനൽ, റെയിൽ കവർ ഷെഡുകൾ എന്നിവ ഉദ്ഘാടനംചെയ്ത പദ്ധതികളിൽ ഉൾപ്പെടുന്നു. 100 ശതമാനം സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുകയും ചരക്ക് കൈകാര്യം ചെയ്യൽ 92 ശതമാനവും യന്ത്രവത്കൃതമായതിനാലും ഇന്ത്യയിലെ സാങ്കേതികമായി പുരോഗമിച്ച തുറമുഖങ്ങളിലൊന്നായി ന്യൂ മംഗളൂരു മാറിയെന്നും മന്ത്രി പറഞ്ഞു.
നവീകരിച്ച കവാടത്തിന് സ്വാതന്ത്ര്യ സമര സേനാനി റാണി അബ്ബക്കയുടെ സ്മരണയിൽ ‘റാണി അബ്ബക്ക ഗേറ്റ്’ എന്ന് പുനർനാമകരണവും തുറമുഖ അതോറിറ്റിയുടെ 50 വർഷത്തെ വളർച്ച വിവരിക്കുന്ന പ്രദർശന ഹാൾ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി മുഖ്യാതിഥിയായി. ജലപാത മന്ത്രാലയം ഡയറക്ടർ ജനറൽ ശ്യാം ജഗന്നാഥ്, ബ്രിജേഷ് ചൗട്ട എം.പി, എം.എൽ.എമാരായ ഡോ. ഭരത് ഷെട്ടി, വേദവ്യാസ് കാമത്ത്, ഗുർമേ സുരേഷ് ഷെട്ടി, മുൻ എം.പി നളിൻ കുമാർ കട്ടീൽ എന്നിവർ സംസാരിച്ചു.
തുറമുഖം ബി.ജെ.പിയുടെ കവാടമായി കാണരുത് -മന്ത്രി ദിനേശ് ഗുണ്ടുറാവു
മംഗളൂരു: ന്യൂ മംഗളൂരു തുറമുഖത്തെ ബി.ജെ.പിയുടെയല്ല, കർണാടകയുടെ കവാടമായി കാണാൻ അതോറിറ്റി തലപ്പത്തുള്ളവർ സന്നദ്ധമാവണമെന്ന് ദക്ഷിണ കന്നട ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. തുറമുഖം ജൂബിലി ആഘോഷ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആഘോഷ പരിപാടികളിൽ പ്രോട്ടോകോൾ ലംഘനം നടന്നതായി ആരോപിച്ച് അദ്ദേഹം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനും തുറമുഖ അതോറിറ്റി ചെയർമാനും കത്തെഴുതി. ജില്ല ചുമതലയുള്ള മന്ത്രിയെ ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ഇത് അനാദരവും ഔദ്യോഗിക പ്രോട്ടോകോൾ ലംഘനവുമാണ്. അതോറിറ്റി അതിന്റെ രാഷ്ട്രീയ യജമാനന്മാരോട് കൂറ് പുലർത്തിയിട്ടുണ്ട്.
ഇപ്പോഴത്തെ ബി.ജെ.പി എം.പിയെയും എം.എൽ.എമാരെയും മാത്രമല്ല മുൻ ബി.ജെ.പി എം.പി നളിൻകുമാർ കട്ടീലിനെയും ക്ഷണിക്കാൻ മറന്നിട്ടില്ല. അഞ്ച് പതിറ്റാണ്ടായി തുറമുഖം രാജ്യത്തിന് നൽകിയ സംഭാവന നിഷേധിക്കാനാവാത്തതാണ്. എന്നാൽ നിലവിലെ ഭരണകൂടം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോട് പക്ഷപാതം കാണിച്ചുവെന്നും കത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

