കർണാടകയിൽ പുതിയ ജാതി സെൻസസ് സെപ്റ്റംബറിൽ
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച ബംഗളൂരുവിലെ തന്റെ വസതിയിൽ പൊതുജനങ്ങളിൽ നിന്ന്
പരാതി സ്വീകരിക്കുന്നു
ബംഗളൂരു: കർണാടകയിൽ പുതിയ ജാതി സെൻസസ് (സാമൂഹിക, വിദ്യാഭ്യാസ സർവേ) സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ നടത്തും. കർണാടക സംസ്ഥാന പിന്നാക്ക വർഗ കമീഷൻ നേതൃത്വം നൽകുന്ന സർവേ പൂർത്തിയാക്കി ഒക്ടോബർ അവസാനത്തോടെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിനെ അടിസ്ഥാനമാക്കിയാവും സിദ്ധരാമയ്യ സർക്കാറിന്റെ അടുത്ത ബജറ്റ് രൂപപ്പെടുത്തുക. പുതിയ ജാതി സെൻസസിന് മുന്നോടിയായുള്ള പ്രാഥമിക യോഗം ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗളൂരുവിൽ നടന്നു.
പുതിയ സാമൂഹിക വിദ്യാഭ്യാസ സർവേ നടത്തണമെന്ന നിർദേശം കർണാടക സംസ്ഥാന പിന്നാക്ക വർഗ കമീഷൻ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർവേക്ക് അനുമതി നൽകിയതെന്ന് സിദ്ധരാമയ്യ യോഗശേഷം പറഞ്ഞു. സർവേയർമാർക്ക് പരിശീലനമടക്കമുള്ള സർവേയുടെ മുന്നൊരുക്കങ്ങൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. കർണാടകയിലെ ഏഴുകോടി ജനങ്ങളെയും സർവേയിൽ ഉൾപ്പെടുത്തുമെന്നും ജാതി വിവേചനം തുടച്ചുനീക്കുകയാണ് ജാതി സെൻസസിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ പൗരന്റെയും സാമ്പത്തിക സ്ഥിതി, ഭൂ ഉടമസ്ഥത തുടങ്ങിയ സംബന്ധിച്ച സമഗ്ര വിവരങ്ങളും സർവേയിൽ ഉൾപ്പെടുത്തും. രാജ്യത്തിനുതന്നെ മാതൃകയാവുന്ന വിധത്തിലാണ് സർവേ സംഘടിപ്പിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015ൽ 165 കോടി ചെലവിൽ സിദ്ധരാമയ്യതന്നെ മുഖ്യമന്ത്രിയായിരിക്കെ സംഘടിപ്പിച്ച ജാതി സെൻസസ് പല വിവാദങ്ങൾക്കും ശേഷം അടുത്തിടെയാണ് സർക്കാറിന് സമർപ്പിച്ചിരുന്നത്. ജാതി സെൻസസിനെതിരെ സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്തുകളും വൊക്കലിഗരും പ്രത്യക്ഷമായി പ്രതിഷേധമറിയിക്കുകയും പുതിയ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യമുയർത്തുകയും ചെയ്തിരുന്നു.
ഭരണകക്ഷിയായ കോൺഗ്രസിൽ നിന്നുപോലും എതിർപ്പുയർന്നിരുന്നു. 2015ൽ തയാറാക്കിയ ജാതി സെൻസസ് സമഗ്രമല്ലെന്നും ശാസ്ത്രീയമായി വീണ്ടും സെൻസസ് നടത്തണമെന്നുമായിരുന്നു ആവശ്യം. തുടർന്ന്, പുതിയ ജാതി സെൻസസ് നടത്താൻ ജൂൺ 12ന് ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകി. പത്തു വർഷത്തിലൊരിക്കൽ സംസ്ഥാനത്തെ പിന്നാക്കവർഗ പട്ടിക പുതുക്കണമെന്ന 1995ലെ കർണാടക സ്റ്റേറ്റ് കമീഷൻ ഫോർ ബാക്ക്വാഡ് ക്ലാസസ് ആക്ട് കണക്കിലെടുത്തായിരുന്നു തീരുമാനം. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്തണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശംകൂടി മാനിച്ചാണ് കർണാടക സർക്കാർ സമഗ്രമായ ജാതി സെൻസസിന് ഒരുങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.