സ്കൂട്ടർ യാത്രികരെ പിക്കപ്പ് ഇടിപ്പിച്ച് കൊന്നു; ഡ്രൈവർക്ക് എതിരെ കേസ്
text_fieldsമംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൊളിയറിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം സ്‌കൂട്ടറിൽ പിക്കപ്പ് ലോറി ഇടിപ്പിച്ചതിനെത്തുടർന്ന് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. സംഭവത്തിൽ പിക്കപ്പ് ഡ്രൈവർക്കെതിരെ കൊണാജെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി.
ഉള്ളാൾ താലൂക്കിലെ കിനിയ ഗ്രാമത്തിലെ ഉക്കുഡ ഹൗസിൽ താമസിക്കുന്ന ഇസ്മായിലിന്റെ മകൻ മുഹമ്മദ് ജുനൈദ് (23), അയൽക്കാരൻ മുഹമ്മദ് അഫ്രാസ് (23) എന്നിവരാണ് മരിച്ചത്. ജുനൈദിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിക്കപ്പ് ഡ്രൈവർ ഹഫീസ് എന്ന അപ്പിക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്.
ഒക്ടോബർ 19 ന് വൈകുന്നേരം നാലിനും 4.15 നും ഇടയിലാണ് സംഭവം നടന്നതു്. വൈകുന്നേരം നാലോടെ സ്കൂട്ടറിൽ എത്തിയ ജുനൈദും അഫ്രാസും പിക്കപ്പ് ഡ്രൈവർ ഹഫീസ് എന്ന അപ്പിയുമായി തർക്കത്തിലേർപ്പെട്ടിരുതായി നാട്ടുകാർ ജുനൈദിന്റെ പിതാവ് ഇസ്മായിലിനോട് പറഞ്ഞു
തർക്കത്തിനുശേഷം ജുനൈദും അഫ്രാസും തങ്ങളുടെ സ്‌കൂട്ടറിൽ മുടിപ്പുവിലേക്ക് പോയി. ഇരുവരും പോകുന്നത് കണ്ട ഹഫീസ് തന്റെ പിക്കപ്പ് വാഹനത്തിൽ ഇരുവരെയും പിന്തുടർന്നതായും ദൃക്‌സാക്ഷികൾ അറിയിച്ചു. കൊല്ലുക എന്ന ലക്ഷ്യത്തോടെ ബൊളിയറിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപം അമിത വേഗതയില്‍ അവരുടെ സ്കൂട്ടറില്‍ പിന്നില്‍ നിന്ന് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ഇസ്മായിൽ ആരോപിച്ചു.

