കർണാടകയിൽ പുറത്താക്കിയ മന്ത്രിയുടെ അണികൾ തെരുവിലിറങ്ങി; കടകൾക്ക് നേരെ അക്രമം, കൗൺസിലർ രാജിവെച്ചു
text_fieldsബംഗളൂരു: കള്ളവോട്ട് വിഷയത്തിൽ കോൺഗ്രസ് നിലപാടിനെതിരെ നിലകൊണ്ടതിന്റെ പേരിൽ മന്ത്രി സ്ഥാനം നഷ്ടമായ കെ.എൻ.രാജണ്ണയുടെ അണികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. തെരഞ്ഞെടുപ്പ് കമീഷനുമായി ചേർന്ന് ബി.ജെ.പി വ്യാപക കള്ളവോട്ട് നടത്തിയെന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കണ്ടെത്തലിനെതിരെ രംഗത്തുവന്നതിനാണ് കർണാടക മന്ത്രിസഭയിൽ നിന്ന് കെ.എൻ.രാജണ്ണയെ പാർട്ടി പുറത്താക്കിയത്. ഇതിൽ പ്രതിഷേധിച്ച് അനുയായികൾ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മണ്ഡലമായ മധുഗിരിയിൽ തെരുവിലിറങ്ങി.
ബന്ദാഹ്വാനം നടത്തിയതിന് പിന്നാലെ കടകൾ നിർബന്ധിച്ച് അടപ്പിച്ചു. മധുഗിരി നഗരസഭയിൽ നിന്ന് അദ്ദേഹത്തിന്റെ വിശ്വസ്ത കൗൺസിലർ ഗിരിജ മഞ്ജുനാഥ് രാജിവെച്ചു. രാജണ്ണയെ അപമാനിച്ചതിൽ പ്രതിഷേധിച്ച് മധുഗിരി പട്ടണത്തിൽ നടത്തിയ പ്രകടനത്തിൽ നേതാവിന് അനുകൂലമായി ബാനറുകളും പോസ്റ്ററുകളും ഉയർത്തി. ഉച്ചഭാഷിണികളിൽ മുഴക്കിയ മുദ്രാവാക്യത്തിൽ സാധുവായ കാരണങ്ങളില്ലാതെ രാജണ്ണയെ നീക്കം ചെയ്തതിന് കോൺഗ്രസ് ഹൈക്കമാൻഡിനെ അപലപിച്ചു.
പൊലീസ് ജനക്കൂട്ടത്തെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും രോഷാകുലരായ അനുയായികൾ മുദ്രാവാക്യങ്ങളോടെ കടകൾ അടപ്പിച്ചു. വലിയ ജനക്കൂട്ടത്തിന് മുന്നിൽ പൊലീസുകാർ നിസ്സഹായരായതോടെ രാജണ്ണയുടെ അനുയായികളുടെ അതിക്രമങ്ങൾ നോക്കിനിന്നു. ചില കടകൾക്ക് കേടുപാടുകൾ സംഭവിച്ചു. അവയുടെ ഉടമകളെയും ജീവനക്കാരെയും ആൾക്കൂട്ടം കൈയേറ്റം ചെയ്തതായി ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.