കുങ്കുമപ്പൂക്കൾ രാജശേഖറിന്റെ ജീവൻ കാത്തു
text_fieldsരാജശേഖറും കുടുംബവും
ബംഗളൂരു: കുങ്കുമപ്പൂക്കൾ വാങ്ങാൻ കയറിയ കടയുടെ മറവിൽനിന്ന് ഭീകരാക്രമണ ദൃശ്യങ്ങൾ കണ്ട ഞെട്ടലിലാണ് മൈസൂരു സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ടി.എം.എ.ഐ ടീച്ചേഴ്സ് ട്രെയിനിങ് കോളജിലെ വിരമിച്ച പ്രിൻസിപ്പലുമായ ടി.എം രാജശേഖർ. പുൽമേടുകളിൽ വെടിയുണ്ടകൾ ആളുകളുടെ പ്രാണനെടുക്കുമ്പോൾ ഒരു സുരക്ഷ സംവിധാനവും ആ ഭാഗത്തുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
മനസ്സിൽ ഇപ്പോഴും ഭീതിയുടെ വെടിയുണ്ടകൾ പൊട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 18നാണ് ഭാര്യ ഉമാദേവി, മകൾ ഡോ. ഗൗരിക, മരുമകൻ ദൊഡ്ഡബസയ്യ എന്നിവരുൾപ്പെടെ കുടുംബത്തോടൊപ്പം കശ്മീർ യാത്രക്കായി രാജശേഖർ ബംഗളൂരുവിൽനിന്ന് പുറപ്പെട്ടത്. ഉച്ചക്ക് 2.18ന് ബൈസാരനിലെ ഒരു കടയിൽനിന്ന് കുങ്കുമപ്പൂവ് വാങ്ങുകയായിരുന്നു താനും കുടുംബവും. പെട്ടെന്ന് വെടിയൊച്ച കേട്ടു.
മനസ്സാന്നിധ്യം കൈവിടാതെ കടയിൽനിന്ന് പുറത്തിറങ്ങി, ജീവൻ രക്ഷിക്കാൻ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി. ശാന്തസുന്ദരമായ ഈ പ്രദേശം വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. പക്ഷേ, ഇവിടെ സുരക്ഷിതത്വമില്ലായിരുന്നുവെന്ന് അറിഞ്ഞില്ല. സുരക്ഷസേനയെ വിന്യസിച്ചിട്ടില്ലായിരുന്നു. വെടിവെപ്പ് നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് സൈനികർ സ്ഥലത്തെത്തിയത്. രക്ഷപ്പെടാൻ പലരും വഴിയിൽ കുട്ടികളെയും സ്ത്രീകളെയും ചവിട്ടി പരിക്കേൽപിച്ചാണ് ഓടിയത്. കുടുംബം ഇപ്പോൾ സുരക്ഷിതമായ സ്ഥലത്താണെന്ന് അദ്ദേഹം അറിയിച്ചു. 30,000 മുതൽ 40,000 വരെ രൂപ ഉയർന്ന നിരക്കിൽ അംഗങ്ങൾ നാട്ടിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.