പൊന്നോണം വരവായി….
text_fieldsബംഗളൂരു: മലയാളികളുടെ പ്രിയപ്പെട്ട പൊന്നോണം അടുത്തതോടെ പ്രവാസി മലയാളികളിൽ ഇത് ആഘോഷക്കാലം. ഞായറാഴ്ച വിവിധ സംഘടനകൾക്ക് കീഴിൽ ഓണാഘോഷം സംഘടിപ്പിക്കും. കായിക മത്സരങ്ങളും കലാ മത്സരങ്ങളും കെങ്കേമമായ ഓണ സദ്യയും സാംസ്കാരിക- കലാ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. പല സംഘടനകളും ഓണച്ചന്തകളും ഒരുക്കുന്നുണ്ട്. വിവിധ അച്ചാറുകളും ശർക്കര വരട്ടിയും കായ ഉപ്പേരിയും കൈത്തറി ഉൽപന്നങ്ങളും പച്ചക്കറികളും മലയാളികൾക്ക് മിതമായ വിലയിൽ ലഭ്യമാക്കാനാണ് സംഘടനകളുടെയും മലയാളി കൂട്ടായ്മകളുടെയും ശ്രമം.
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത
ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ നടക്കും. മൈസൂർ റോഡ് ബൈട്രാരായനപുര സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന ചന്തയിൽ നേന്ത്രപ്പഴം, ചിപ്സ്, ശർക്കര വരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഓണവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ ഓണച്ചന്ത പ്രവർത്തിക്കും. ഫോൺ: 9845185326, 8105850775
വി.ബി.എച്ച്.സി വൈഭവ
ബംഗളൂരു: ചന്താപുര-ആനേക്കൽ റോഡിലെ വി.ബി.എച്ച്.സി വൈഭവയിൽ ഓണാഘോഷത്തിന് തുടക്കമായി. നന്മ മലയാളി സാംസ്കാരിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആഘോഷം ഞായറാഴ്ചയും തുടരും. ശനിയാഴ്ച രാവിലെ ഒമ്പതിന് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പോടുകൂടി പരിപാടികൾ ആരംഭിച്ചു. ഞായറാഴ്ച പുലർച്ച ആറിന് സൺറൈസ് മാരത്തൺ നടക്കും. തുടർന്ന് പൂക്കളം, രംഗോലി മത്സരങ്ങൾ. സാംസ്കാരിക യാത്രയായി മഹാബലിയുടെ വരവും തുടർന്ന് തിരുവാതിരക്കളി, ഓണപ്പാട്ടുകളുമടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ എന്നിവ അരങ്ങേറും. ഉച്ചക്ക് 12ന് ഓണസദ്യയും വൈകുന്നേരം കായിക മത്സരങ്ങളും വടംവലി മത്സരവും ഒരുക്കും. വൈകീട്ട് നാലുമുതൽ രാത്രി 10 വരെ നീളുന്ന സാംസ്കാരിക പരിപാടികൾ.
കേരള സമാജം നെലമംഗല
ബംഗളൂരു: കേരള സമാജം നെലമംഗല ഒരുക്കുന്ന മെഗാ വടംവലി ഒക്ടോബർ 19ന് നെലമംഗല മാർക്കറ്റ് റോഡിനു സമീപമുള്ള ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 30ലേറെ ടീമുകൾ മാറ്റുരക്കും.സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങൾക്ക് ആവേശം പകരാൻ തൽസമയ കമന്ററിയൊരുക്കും. 50000, 30000, 20000, 15000, 10000, 8000, 5000 എന്നിങ്ങനെ ആദ്യ ഏഴു സ്ഥാനക്കാർക്ക് സമ്മാനത്തുക ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ടീമിന്റെ പേര്, ക്യാപ്റ്റന്റെ പേര്, ഫോൺ നമ്പർ എന്നിവ സെപ്റ്റംബർ 15നുമുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9449243635, 9481902771 നമ്പറുകളിൽ ബന്ധപ്പെടണം.
മൈസൂരു കേരള സമാജം
ബംഗളൂരു: മൈസൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി വസ്ത്രമേളയും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച നടക്കും. സമാജം സംസ്കാരിക നിലയത്തിൽ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 10.30 മുതൽ നടക്കും. രാവിലെ 11 മുതൽ രാത്രി ഒമ്പതുവരെ വസ്ത്രമേളയും നടക്കും. മെഡിക്കൽ ക്യാമ്പിൽ ബി.പി, ആർ.ബി.എസ്, ഇ.സി.ജി, എക്കോ സ്ക്രീനിങ് ടെസ്റ്റ് എന്നിവക്കുള്ള സൗകര്യമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡോ. അരുൺ ശ്രീധർ നയിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ് നടക്കും.
ബൈട്രാരായനപുര മണ്ഡലം
ബംഗളൂരു: ബൈട്രരായനപുര നിയോജക മണ്ഡലം ഓണാഘോഷം സെപ്റ്റംബർ 13ന് നടക്കും. രാവിലെ 9.30ന് ജക്കൂർ അമര ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷത്തിന് റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ നേതൃത്വം നൽകും. പൂക്കള മത്സരം, ചിത്രരചനാ മത്സരം, കലാപരിപാടികൾ എന്നിവ നടക്കും. വൈകീട്ട് മൂന്നിന് അമ്മ മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി അരങ്ങേറുമെന്ന് ആഘോഷ സമിതി ചെയർപേഴ്സൻ മീനാക്ഷി ബൈരെ ഗൗഡ, ജനറൽ കോഓഡിനേറ്റർമാരായ സുനിൽ തോമസ് കുട്ടങ്കേരിൽ, സുരേഷ് ബാബു എന്നിവർ അറിയിച്ചു. രജിസ്ട്രേഷന് 9632524264, 9448019005 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
കെ.എൻ.എസ്.എസ് ദാസറഹള്ളി
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിന്റെ സിൽവർ ജൂബിലി ആഘോഷം ‘സ്വരരാഗ സംഗമം’ ആഗസ്റ്റ് 31ന് നടക്കും. ഷട്ടിഹള്ളി ഡി.ആർ.എൽ.എസ് പാലസിൽ നടക്കുന്ന ആഘോഷത്തിൽ ദാസറഹള്ളി എം.എൽ.എ എസ്. മുനിരാജു വിശിഷ്ടാതിഥിയാവും. ചെയർമാൻ ആർ. മനോഹരക്കുറുപ്പ് അധ്യക്ഷത വഹിക്കും. രാജേഷ് നയിക്കുന്ന കോമഡി ഷോ, ദുർഗാ വിശ്വനാഥ്, ബൽറാം, ദിശ പ്രകാശ്, ശ്രീഹരി, അനഘ എന്നിവർ നയിക്കുന്ന ഗാനമേള, വൈഷ്ണവി നാട്യശാല അവതരിപ്പിക്കുന്ന ബാലെ എന്നിവ അരങ്ങേറും. മെഗാ പൂക്കള മത്സരവും ഓണസദ്യയും ഉണ്ടായിരിക്കും. ഫോൺ: 8590608751
യോഗക്ഷേമം ബംഗളൂരു
ബംഗളൂരു: യോഗക്ഷേമം ബംഗളൂരുവിന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം ഞായറാഴ്ച സഞ്ജയ് നഗറിലെ രമണ മഹർഷി ഹാളിൽ നടക്കും. ഗായകരായ ദേവാനന്ദ്, ശെവക്കം ജയചന്ദ്രൻ, പാലക്കാട് സജീവ് എന്നിവർ വിശിഷ്ടാതിഥികളാവും. വിവിധ കലാപരിപാടികൾ അരങ്ങേറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.