രക്ഷപ്പെടാൻ ശ്രമിച്ച വധക്കേസ്; പ്രതിയെ വെടിവെച്ച് വീഴ്ത്തി
text_fieldsഅനൂജ് പാട്ടീൽ
ബംഗളൂരു: ഉഡുപ്പിയിലെ ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയും കുപ്രസിദ്ധ ഗുണ്ടാസംഘാംഗവുമായ അനൂജ് പാട്ടീലിനെ പൊലീസ് വെടിവെച്ച് വീഴ്ത്തി. ഹെബ്രിക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് കാൽ മുട്ടിനു താഴെ വെടിയുതിർത്തത്. പൊലീസ് പാട്ടീലിനെ ഹെബ്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. കൊല്ലൂർ പൊലീസ് സബ് ഇൻസ്പെക്ടറുടെ ആയുധം തട്ടിയെടുത്ത് പ്രതി വെടിവെക്കാൻ ശ്രമിച്ചു. കുന്താപുരം പൊലീസ് സബ് ഇൻസ്പെക്ടർ നഞ്ച നായിക് വെച്ച വെടിയിൽ പ്രതിയുടെ കാലിൽ പരിക്കേറ്റു.
പാട്ടീലിനെ ഉടൻ ഉഡുപ്പി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലാണ്. കൊലപാതക കരാർ നടപ്പിലാക്കാൻ വെടിവെപ്പുകാരായ രാജുവിനെയും സംഘത്തെയും അയച്ച കൊലപാതക സൂത്രധാരൻ എന്ന കുറ്റമാണ് പാട്ടീലിനെതിരെ ചുമത്തിയത്. ബിഹാർ സ്വദേശിയായ അനുജ് പാട്ടീൽ പ്രധാനമായും മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അംഗമാണ്. 2017 മുതൽ ഇയാൾ ഒളിവിലായിരുന്നു. സംഘടിത കുറ്റകൃത്യങ്ങളിൽ വ്യാപകമായ പങ്കാളിത്തം ഉള്ളതിനാൽ മഹാരാഷ്ട്രയിൽ ഇയാൾക്കെതിരെ കർശനമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക) ചുമത്തിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാമൻ, ദിയു, കർണാടക എന്നിവിടങ്ങളിലായി ആകെ 11 കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 11 കേസുകളിൽ 10 എണ്ണവും ആയുധ നിയമപ്രകാരമുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

