അതിവേഗ റെയിൽവേ പദ്ധതിയിൽ വയനാടിനെയും ഉൾപ്പെടുത്തണം -ആക്ഷൻ കമ്മിറ്റി
text_fieldsബംഗളൂരു: കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും പരിഗണിച്ചുവരുന്ന അതിവേഗ റെയിൽവേ പദ്ധതിയിൽ വയനാടിനെയും ഉൾപ്പെടുത്തണമെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അതിവേഗ റെയിൽപാതക്ക് നിലമ്പൂർ നഞ്ചങ്കോട് റെയിൽ പാതയിലേക്ക് കള്ളാടി തുരങ്കപാത വഴി കോഴിക്കോട്നിന്ന് സുൽത്താൻ ബത്തേരി വരെ അതിവേഗ ലിങ്ക് പാത പരിഗണിക്കണം.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര-കേരള സർക്കാറുകളെ സമിപിക്കുമെന്നും ജനപ്രതിനിധികൾ ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. നിർദിഷ്ട നിലമ്പൂർ നഞ്ചങ്കോട് റെയിൽപാതയുടെ ഡി.പി.ആർ നടപടികൾ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. അടുത്ത മാസത്തോടെ ഇത് റെയിൽവേ ബോർഡിന് സമർപ്പിച്ചേക്കും. ഡി.പി.ആർ സമർപ്പിക്കുന്ന മുറക്ക് പാതയുടെ ഫണ്ട് അനുവദിക്കുമെന്ന് കഴിഞ്ഞമാസം ഇ. ശ്രീധരനുമായുള്ള കുടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.
കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കും മൈസൂരുവിലേക്കുമുള്ള യാത്രയിൽ വിപ്ലവകരമായ മാറ്റമാണ് ഈ പാത കൊണ്ടുവരുക. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരുവിലേക്ക് ഒരു മണിക്കൂറും ബംഗളൂരുവിലേക്ക് മൂന്നുമണിക്കൂറുമായി യാത്രാസമയം ചുരുങ്ങും. ബംഗളൂരുവിൽനിന്നും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും ഹെഡ്പിഡ് റെയിൽവേ അനുവദിച്ചിട്ടുണ്ട്. സമീപഭാവിയിൽ ഇത് മെസൂരുവിലേക്ക് കൂടി ദീർഘിപ്പിക്കും.
അതിവേഗ റെയിൽ പാതകളുടെ പൂർണ പ്രയോജനം കേരളത്തിന് ലഭിക്കണമെങ്കിൽ നിലമ്പൂർ നഞ്ചങ്കോട് പാതയുമായി കേരളത്തിന്റെ അതിവേഗ റെയിൽപാതയെ ബന്ധിപ്പിക്കണം. ഇതിനായി കോഴിക്കോട് നിന്നും നിർമാണം നടക്കുന്ന കള്ളാടി തുരങ്കപാത വഴി സുൽത്താൻ ബത്തേരിയിലേക്ക് അതിവേഗ റെയിൽപാത നിർമിച്ചാൽ സുൽത്താൻ ബത്തേരിയിൽ വെച്ച് നിലമ്പൂർ നഞ്ചങ്കോട് പാതയുമായി ബന്ധിപ്പിക്കാനാവും. നഞ്ചങ്കോട് നിലമ്പൂർ റെയിൽപാത 160 കി. മീ വേഗത്തിൽ ട്രെയിൻ ഓടിക്കാനുളള വിധത്തിലാണ് ഡി.പി.ആർ തയാറാക്കുന്നത്.
വയനാട്ടിലേക്ക് അതിവേഗ റെയിൽപാതയുടെ ലിങ്ക് നിർമിച്ചാൽ ഒന്നര മണിക്കൂർകൊണ്ട് കോഴിക്കോട് നിന്ന് മൈസൂരുവിലും മൂന്നു മണിക്കൂർകൊണ്ട് ബംഗളൂരുവിലുമെത്താം. തിരുവനന്തപുരത്തുനിന്ന് അഞ്ചര മണിക്കൂർകൊണ്ട് ബംഗളൂരുവിൽ എത്താനാവും. ചെെന്നെ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കുള്ള അതിവേഗ യാത്രകളും ഈ പാതവഴി ആയിരിക്കും. ഈ പാത കേരളത്തിന്റെ വികസനത്തിന് വൻ മുന്നേറ്റമുണ്ടാക്കും. സാമ്പത്തികമായി പാത വൻ ലാഭമാക്കാൻ സാധിക്കുമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു.
കൺവീനർ അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, എംഎ. അസൈനാർ, ജോസ് കപ്യാർമല, സി. അബ്‌ദുൽ റസാഖ്, ജോയിച്ചൻ വർഗീസ്, രാജൻതോമസ്, മോഹൻ നവരംഗ്, നാസർ കാസിം, ജേക്കബ് ബത്തേരി, അനിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

