'പുലയൻ' എന്ന പ്രയോഗം തെറിയെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി സെൻസർ ബോർഡ്
text_fieldsപുലയൻ എന്ന വാക്ക് തെറിയെന്ന് പറഞ്ഞ് കട്ട് ചെയ്തിട്ടില്ലെന്ന് സെൻസർബോർഡ് അംഗം വിജയകൃഷ്ണൻ. ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുലയന്‍ എന്ന സംബോധന സംബോധന പാടില്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. അത്തരമൊരു ജാതി സംബോധന പാടില്ലെന്ന് പത്രം വായിക്കുന്ന എല്ലാവര്‍ക്കും അറിയില്ലേയെന്നും അദ്ദേഹം അഭിമുഖത്തിൽ ചോദിക്കുന്നു.
പ്രയോഗം കടന്നുവരുന്ന സാഹചര്യം പരിഗണിച്ചപ്പോള്‍ അത് ജാതീയ അധിക്ഷേപമാകുമെന്ന് മനസിലാക്കിയാണ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. മറ്റൊരു പാട്ടില്‍ പുലയന്‍, പെലക്കള്ളീ എന്നൊക്കെ വരുന്നുണ്ടല്ലോ. അത് കട്ട് ചെയ്തിട്ടില്ല. ഡയലോഗില്‍ ജാതിപ്പേര് വരുന്നിടത്തെല്ലാം കട്ട് പറഞ്ഞിരുന്നു. ആ സംബോധന ചീത്തയായി കാണാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും വിജയകൃഷ്ണൻ വിശദീകരിച്ചു.
സെന്‍സര്‍ ബോര്‍ഡ് ആ സിനിമയിലെ ഒരു രംഗം പോലും കട്ട് ചെയ്തിട്ടില്ല. ആ സിനിമയുടെ പ്രത്യേകതയും രാഷ്ട്രീയവുമൊക്കെ നന്നായി മനസ്സിലാക്കിയിട്ടാണ് തുടക്കത്തിലെ വയലന്‍സ് രംഗങ്ങളില്‍ പോലും കത്രിക വയ്ക്കാതിരുന്നത്. ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും പരിഗണന ആ സിനിമക്ക് നല്‍കിയിട്ടുണ്ട്. 'എ' പടം എന്നത് ആ ചിത്രത്തിലെ നായകന് ചില വിഷമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവാം. വയലന്‍സ് മാത്രമല്ല 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് കാരണം. ആ സിനിമ പ്രതിനിധീകരിച്ച ജീവിത പരിസരം കുറച്ചുകൂടെ മുതിര്‍ന്നവര്‍ക്കാണ് മനസ്സിലാവുക എന്നത് കൂടി പരിഗണിച്ചുള്ള വിലയിരുത്തലിലാണ് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വയലന്‍സും കാരണമായിട്ടുണ്ട്. ആദ്യഭാഗത്തെ കത്തിക്കുത്ത് രംഗത്തിലൊന്നും യാതൊന്നും ചെയ്തിട്ടില്ല. ആ സിനിമയുടെ ട്രീറ്റ്‌മെന്റിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് ഒരു ഷോട്ടും കട്ട് ചെയ്യാതിരിക്കാന്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നല്ല ഉദ്ദേശ്യത്തില്‍ ചെയ്തതാണ് അവര്‍ ഈ രീതിയില്‍ വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.