കെ.ജി. ജോര്‍ജിന് പ്രഥമ ‘ഫെഫ്ക’ മാസ്റ്റേഴ്സ് പുരസ്കാരം
text_fieldsകൊച്ചി: സിനിമയുടെ സാങ്കേതികരംഗത്തുള്ളവര്‍ക്ക് ‘ഫെഫ്ക’ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മാസ്റ്റേഴ്സ് പുരസ്കാരം സംവിധായകന്‍ കെ.ജി. ജോര്‍ജിന്. 10 ലക്ഷവും ശില്‍പവുമടങ്ങുന്ന പുരസ്കാരം ഒരുമാസത്തിനകം കൊച്ചിയില്‍ നല്‍കുമെന്ന് ‘ഫെഫ്ക’ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും ഡയറക്ടേഴ്സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കമലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ സിനിമക്ക് മികച്ച സംഭാവന നല്‍കുന്നവര്‍ക്കാണ് പുരസ്കാരമെന്ന് ഇവര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിലൊരിക്കലാണ് നല്‍കുക. രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമാണിത്. പുരസ്കാരവിതരണ ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ മാസ്റ്റേഴ്സിനെ പങ്കെടുപ്പിക്കും. ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രമേയം കാഴ്ചവെച്ച വ്യക്തിയാണ് ജോര്‍ജെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
പ്രഥമ പുരസ്കാരജേതാവ് ആരെന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നില്ല. ഇത് ഫെഫ്കയുടെ തീരുമാനമാണെന്നും ജോര്‍ജില്‍നിന്ന് തങ്ങള്‍ തുടങ്ങുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ഇത് തങ്ങളുടെ ഗുരുദക്ഷിണയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സിബി മലയില്‍, രഞ്ജി പണിക്കര്‍, തമ്പി കണ്ണന്താനം, ഫാസില്‍ കാട്ടുങ്ങല്‍, സലാം ബാപ്പു എന്നിവരും പങ്കെടുത്തു.
ഈ പുരസ്കാരം ലഭിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് കെ.ജി. ജോര്‍ജ് പറഞ്ഞു. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെ.ജി. ജോര്‍ജ്, രാമു കാര്യാട്ടിന്‍െറ അസിസ്റ്റന്‍റായാണ് സിനിമയില്‍ എത്തിയത്. ‘സ്വപ്നാടന’മാണ് ആദ്യ ചിത്രം. ‘യവനിക’യാണ് ജോര്‍ജിനെ ഏറ്റവും ശ്രദ്ധേയനാക്കിയത്. ‘മേള’, ‘കോലങ്ങള്‍’, ‘ഇരകള്‍’, ‘ഉള്‍ക്കടല്‍’, ‘ആദാമിന്‍െറ വാരിയെല്ല്’, ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്’, ‘പഞ്ചവടിപ്പാലം’ എന്നിവയാണ് മറ്റുസിനിമകളില്‍ ചിലത്. ‘ഇലവങ്കോടുദേശ’മാണ് അവസാന ചിത്രം. ‘മാക്ട’ സ്ഥാപക ചെയര്‍മാനും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.