ഇന്ത്യൻ സിനിമകൾക്ക് പാകിസ്താനിൽ നിരോധം
text_fieldsലാഹോർ: പാക് ചലച്ചിത്ര പ്രവർത്തകർക്കെതിരെ ബോളിവുഡ് നടപടി കടുപ്പിച്ചതിനിടെ പാകിസ്താനിലും ഇന്ത്യൻ സിനിമകൾക്ക് വിലക്ക്. ലാഹോറിലെ പ്രധാന തിയേറ്ററായ സൂപ്പർ സിനിമാസ്, കറാച്ചിയിലെ ന്യൂപ്ലക്സ്, അട്രിയം എന്നിവരാണ് ഇന്ത്യൻ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതേതുടർന്ന് അമിതാഭ് ബച്ചൻ ചിത്രമായ 'പിങ്കി'ന്‍റെ പ്രദർശനം നിർത്തിവെച്ചു. പാകിസ്താൻ ചിത്രങ്ങളും ഹോളിവുഡ് ചിത്രങ്ങളുമാണ് ഇപ്പോൾ പ്രദർശനത്തിനുള്ളത്.
പാകിസ്താൻ സൈന്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തുന്നുവെന്ന് സൂപ്പർ സിനിമ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പാകിസ്താൻ ടി.വി ചാനലുകളിൽ നിന്നും കേബിൾ നെറ്റ് വർക്ക് വഴിയും ഇന്ത്യൻ ഉള്ളടക്കങ്ങൾ നിരോധിക്കണമെന്നും ഇന്ത്യൻ സിനിമകളുടെ സിഡി വിൽപനകൾ തടയണമെന്നും സൂപ്പർ സിനിമാസ് ആവശ്യപ്പട്ടു. മറ്റു തിയേറ്ററുകളുടെയും പിന്തുണ ഈ വിഷയത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൂപ്പർ സിനിമാസ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
അതസമയം, പാകിസ്താനിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്താൻ ബോളിവുഡിലെ നിർമാതാക്കളുടെ സംഘടനയായ ഇന്ത്യൻ മോഷൻ പിക്ചേഴ്സ് അസോസിയേഷനും (ഐ.എം.പി.പി.എ) തീരുമാനിച്ചിരുന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നത് വരെ പാക് നടീ നടൻമാരോ അണിയറ പ്രവർത്തകരോ ഇന്ത്യൻ സിനിമകളിൽ പ്രവർത്തിക്കില്ലെന്ന് ഐ.എം.പി.പി.എ പ്രസിഡന്‍റ് അശോക് പണ്ഡിറ്റ് വ്യക്തമാക്കി. വരാൻ പോകുന്ന ചിത്രങ്ങളിൽ നിന്നാണ് വിലക്ക് ഏർപ്പെടുത്തുന്നതെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾക്ക് ഇത് ബാധകമാവില്ലെന്നും അദ്ദേഹം അറിയിച്ചു.
പുറത്തിറങ്ങാനിരിക്കുന്ന കരൺ ജോഹർ ചിത്രം 'യേ ദിൽ ഹേ മുഷ്കിലി'ൽ പാക് നടൻ ഫവാദ് ഖാനും ഷാരൂഖ് ചിത്രമായ 'റഈസി'ൽ പാക് നടി മഹീറ ഖാനും അഭിനയിച്ചിരുന്നു. പാക് അധീന കശ്മീരിൽ ഇന്ത്യ കഴിഞ്ഞദിവസം മിന്നലാക്രമണം നടത്തി ഭീകരരെ വധിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.