നോക്കുകൂലി: സുധീർ കരമനക്ക് പണം തിരിച്ച് നൽകി മാപ്പ് പറഞ്ഞ് തൊഴിലാളികൾ
text_fieldsതിരുവനന്തപുരം: നടൻ സുധീർ കരമനയിൽനിന്ന് നോക്കുകൂലിയായി 25,000 രൂപ ൈകപ്പറ്റിയ സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിയൂരി തൊഴിലാളികൾ. കൂലിയായി വാങ്ങിയ 25000 രൂപ തിരിച്ചു നൽകിയാണ് തൊഴിലാളികൾ മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചത്.
തൊഴിലാളികൾ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവർത്തിക്കാതിരിക്കാൻ ട്രേഡ് യൂണിയൻ നേതൃത്വം വിഷയത്തിൽ ഇടപെടുകയും ചെയ്തുവെന്ന് സുധീർ കരമന ഫേസ്ബുക്കിലൂടെ അറിയിച്ചു.
കുറ്റക്കാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്പെൻഡ് ചെയത് മാറ്റി നിർത്തിയതിനാൽ തങ്ങളുടെ കുടുംബം പട്ടിണിയിൽ ആണെന്നും അതിനാൽ പ്രശ്നം പരിഹരിക്കണമെന്ന് അവർ അപേക്ഷിക്കുകയും 25000 രുപ തിരികെ നൽകുകയും ചെയ്തു. എന്റെ സുഹൃത്തും,സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ അഡ്വ. ദീപക് എസ് പി യുടെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിച്ചുവെന്നും സുധീർ അറിയിച്ചു.
നോക്കുകൂലി കാര്യത്തിൽ കേരള സർക്കാർ കൈകൊണ്ട തീരുമാനം മാതൃകാപരമാണ്. പുതിയൊരു തൊഴിൽ സംസ്ക്കാരത്തിന്‍റെ തുടക്കമായി സർക്കാർ തീരുമാനത്തെ ഞാൻ കാണുന്നു. എനിക്കുണ്ടായ ദുരനുഭവം ആവർത്തിക്കരുതെന്ന ആത്മാർത്ഥമായ ആഗ്രഹം മാത്രമാണുള്ളത്. സമൂഹത്തിൽ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെട്ട ഒരു തൊഴിൽ പ്രശ്നം എന്ന നിലയിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഈ കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ആരെയും വ്യക്തിപരമായി വേദനിപ്പിക്കേണ്ടന്നായിരുന്നു എന്‍റെ തീരുമാനം. രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തിയതിൽ സന്തോഷിക്കുന്നു. ഇനിയൊരു ചർച്ചക്ക് വഴിവെക്കാതെ ഈ പ്രശ്നം ഇവിടെ അവസാനിക്കുകയാണ്. ഇക്കാര്യത്തിൽ യഥാസമയം ഇടപെട്ട ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും സുധീർ വ്യക്തമാക്കി.
സുധീർ കരമനയുടെ ചാക്ക ബൈപാസിന് സമീപത്തെ വീട് നിർമാണത്തിന് ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനാണ് തൊഴിലാളികൾ നോക്കുകൂലി വാങ്ങിയത്. പണം വാങ്ങിയിട്ടും തൊഴിലാളികൾ സാധനമിറക്കാതെ പോവുകയും ചെയ്തു. ഇതോടെ, 16,000 രൂപ നൽകി മറ്റുള്ളവരെകൊണ്ട് ലോഡിറക്കി. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിന് ഒരു ലക്ഷവും 75,000 രൂപയുമൊക്കെയാണ് ആദ്യം ചോദിച്ചത്. തർക്കത്തിനൊടുവിലാണ് 25,000 രൂപയിൽ ഉറപ്പിച്ചത്. സംഭവത്തിൽ 21 തൊഴിലാളികളെ അതത് യൂനിയനിൽനിന്ന് സസ്പെൻഡ് ചെയ്തു. 14 സി.െഎ.ടി.യു പ്രവർത്തകർക്കും ഏഴ് െഎ.എൻ.ടി.യു.സി പ്രവർത്തകർക്കുമെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.