Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightശീലങ്ങളെ കീഴ്മേല്‍...

ശീലങ്ങളെ കീഴ്മേല്‍ മറിച്ച സിനിമാക്കാരന്‍

text_fields
bookmark_border
ശീലങ്ങളെ കീഴ്മേല്‍ മറിച്ച സിനിമാക്കാരന്‍
cancel

1995ല്‍ "അഴകിയ രാവണന്‍" എന്ന സിനിമ പുറത്തിറങ്ങുമ്പോള്‍ സംവിധായകന്‍ സന്തോഷ് വിശ്വനാഥന് പ്രായം 19. അഴകിയ രാവണനില്‍ കമല്‍ ശ്രീനിവാസനെ കൊണ്ട് ഹാസ്യത്തിന് വേണ്ടി പറയിപ്പിച്ച വെറുമൊരു പൈങ്കിളി കഥ 19 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥന്‍  "ചിറകൊടിഞ്ഞ കിനാവുകള്‍" എന്ന ചിത്രത്തിലൂടെ ഫലപ്രദമായി വിനിയോഗിച്ചു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായി മാറിയ സന്തോഷ് വിശ്വനാഥിന്‍റെ വിശേഷങ്ങള്‍...

എങ്ങനെയാണ് ചിറകൊടിഞ്ഞ കിനാവുകളിലെത്തിയത് ?

പതിവ് കാഴ്ചകളില്‍ നിന്നു വ്യത്യസ്തമായിരിക്കണം എന്‍റെ സിനിമയെന്നു നിര്‍ബന്ധമുണ്ടായിരുന്നു. ലക്ഷ്യമിട്ടത് ഉദ്ദേശശുദ്ധിയുള്ള നര്‍മം നിറഞ്ഞൊരു ചിത്രമാണ്. അങ്ങനെയാണു ചിറകൊടിഞ്ഞ കിനാവുകളിലെ ത്തിയത്. ഇന്നേവരെ കണ്ടു ശീലിച്ച കാഴ്ചകളെ ചോദ്യം ചെയ്യാനാണു ചിറകൊടിഞ്ഞ കിനാവുകളിലൂടെ ശ്രമിച്ചത്. പുതിയ പരീക്ഷണം, റീമേക്കല്ലാത്ത സിനിമ.... ചിത്രമൊരുക്കുമ്പോള്‍ ഇതൊക്കെ മനസിലുണ്ടായിരുന്നു. ന്യൂജെന്‍ അവകാശവാദങ്ങളില്ലാതെ പുതുമയുളള കഥ പറയണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു.

അഴകിയ രാവണന്‍ എന്ന സിനിമയില്‍ നിന്നാണ് ചിറകൊടിഞ്ഞ കിനാവുകള്‍ രൂപം കൊള്ളുന്നത്. സ്പൂഫ് സിനിമക്ക് മലയാളത്തില്‍ എന്ത് പ്രസക്തിയാണുള്ളത് ?

'അവിടെ താലികെട്ട്, ഇവിടെ പാലുകാച്ചല്‍' കമലിന്‍റെ അഴകിയ രാവണന്‍ എന്ന സിനിമയിലെ ഈ ഡയലോഗ് മലയാളികള്‍ക്ക് കാണാപ്പാഠമാണ്.  തയ്യല്‍ക്കാരനായ എന്‍.പി. അംബുജാക്ഷന്‍റെ സിനിമാ സ്വപ്നത്തില്‍ നിന്നാണു സിനിമയുടെ ജനനം. ഇതിന് പിന്നില്‍ രസകരമായ മറ്റൊരു യാദൃശ്ചികതയുമുണ്ട്. 19 വര്‍ഷം മുന്‍പ് ഞാന്‍  തിരുവനന്തപുരത്ത് സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലത്താണ് അഴകിയ രാവണന്‍ റിലീസ് ചെയ്യുന്നത്. കഥയിലെ നായിക സുമതിക്ക് 19 വയസ്. എന്‍റെ സിനിമാ സ്വപ്നങ്ങള്‍ക്കും അതേ പ്രായം.
ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് വേണ്ടി നാലു വര്‍ഷത്തിലേറെ തയാറെടുപ്പ് നടത്തി. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സ്പൂഫ് സിനിമയെന്ന ഖ്യാതി സ്വന്തമാക്കാനും ചിത്രത്തിനു സാധിച്ചു.

സിനിമയെ കുറിച്ചുള്ള പ്രേക്ഷക^നിരൂപക അഭിപ്രായങ്ങള്‍?

മലയാള സിനിമയില്‍ ഇതുവരെ പ്രേക്ഷകര്‍ കണ്ടു ശീലിച്ച ക്ളീഷേകളെ മുഴുവന്‍ പരിഹസിച്ചും 20 വര്‍ഷത്തിനിടെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമകളിലെ സംഭാഷണങ്ങളും രംഗങ്ങളും ആക്ഷേപ ഹാസ്യത്തിന്‍റെ അകമ്പടിയോടെ ചിറകൊടിഞ്ഞ കിനാക്കളില്‍ വീണ്ടും അവതരിപ്പിച്ചതും നവ്യാനുഭവമായെന്ന അഭിപ്രായമാണ് പ്രേക്ഷകരും നിരൂപകരും പറയുന്നത്. സുരേഷ് ഗോപി ഉള്‍പ്പെടെ സിനിമ മേഖലയിലെ പ്രമുഖര്‍ വിളിച്ച് അഭിനന്ദിച്ചു.

ടിവി സീരിയലുകളില്‍ പ്രവര്‍ത്തിച്ച ആളാണ് താങ്കള്‍. എങ്ങനെയാണ് സിനിമ ലോകത്ത് എത്തിയത് ?

20 വര്‍ഷം ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു. പ്രശസ്ത സംവിധായകന്‍  കെ.കെ. രാജീവിന്‍റെ സീരിയലുകളില്‍ അസിസ്റ്റന്‍ഡായിരുന്നു. പണ്ടും ലക്ഷ്യം സിനിമ തന്നെയായിരുന്നു. പക്ഷേ  അവിടെ എങ്ങനെ എത്തണമെന്ന് അറിയില്ലായിരുന്നു. പ്രമുഖ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും അടുത്ത സുഹൃത്തുക്കളായിരുന്നു.  അവരുടെ പിതാവ് പ്രേം പ്രകാശിന്‍റെ കൂടെ സീരിയലില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചുളള പരിചയമുണ്ടായിരുന്നു. പ്രവീണ്‍ എസ്. എന്ന തിരക്കഥാകൃത്തിന്‍റെ കൈവശം രസകരമായ ഒരു കഥയുണ്ടെന്ന കാര്യം സഞ്ജയ് ആണു പറയുന്നത്. കഥ കേട്ടമാത്രയില്‍ തന്നെ ഇതു ചെയ്യുമെന്നു തീരുമാനിച്ചു. ലിസ്റ്റിന്‍ സ്റ്റീഫനെ പോലെ ഒരു നിര്‍മാതാവിനെ ലഭിച്ചതു കൊണ്ട്  ആഗ്രഹിച്ച വിധത്തില്‍ കാര്യങ്ങള്‍ നടന്നു. പാരഡിയാകാന്‍ സാധ്യതയുളളതിനാല്‍  വളരെ സൂക്ഷിച്ചാണ് പ്രമേയം കൈകാര്യം ചെയ്തത്. തിരക്കഥ പൂര്‍ത്തിയാക്കാന്‍ നാലു വര്‍ഷമെടുത്തു. 50 തവണ മാറ്റിയെഴുതി. അഴകിയ രാവണന്‍റെ തിരക്കഥാകൃത്തായ ശ്രീനിവാസനുമായി ആദ്യം തന്നെ സംസാരിച്ചു. ഐഡിയ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് സന്തോഷമായി. അളവറ്റ പ്രോത്സാഹനവും ലഭിച്ചു.

സിനിമക്കു വേണ്ടി എന്തെല്ലാം ഹോംവര്‍ക്ക് ചെയ്തു ?

മലയാളത്തില്‍ ഇറങ്ങുന്ന മുഴുവന്‍ സിനിമകളും കാണുന്ന ആളാണ് ഞാന്‍. ഒപ്പം മറ്റു ഭാഷാചിത്രങ്ങളും. ചിത്രത്തിനു വേണ്ടി പഴയ സിനിമകളിലെ പല രംഗങ്ങളും വീണ്ടും പല ആവര്‍ത്തിച്ചു കണ്ടു. സിനിമയിലെ പ്രധാന നടീനടന്മാരായ  കുഞ്ചാക്കോ ബോബന്‍റെയും റീമയുടെയും ചിത്രങ്ങളായ  അനിയത്തിപ്രാവും നിറവും 22 ഫീമെയിലും എല്ലാം കണ്ടു. പ്രസ്തുത ചിത്രങ്ങളിലെ രംഗങ്ങള്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇടവേളക്കു ശേഷമുള്ള റീമ കല്ലിങ്കലിന്‍െറ തിരിച്ചു വരവിനെ കുറിച്ച് ?

നായികാ പ്രാധാന്യമുളള ഒരു ചിത്രം ചെയ്യാന്‍ ഞാന്‍ നേരത്തെ ശ്രമിച്ചിരുന്നു. റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, റീനു മാത്യുസ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. എന്നാല്‍, ചിത്രത്തിനായി പല നടന്മാരെയും സമീപിച്ചെങ്കിലും ആരും അഭിനയിക്കാന്‍ തയാറായില്ല. അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു. ചിറകൊടിഞ്ഞ കിനാവുകളുടെ കഥ രൂപപ്പെടുത്തുന്ന ഘട്ടത്തില്‍ റീമയുടെ ചിത്രമാണ് മനസില്‍ വന്നത്. തുടര്‍ന്നു കഥ പറയാന്‍ റീമയെ സമീപിച്ചു. കഥ കേട്ടപ്പോള്‍ തന്നെ റീമ സമ്മതിക്കുകയും ചെയ്തു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story