മെമ്പര്‍ താഹിര്‍ സ്പീക്കിങ്
text_fieldsപെയ്സ് ഒരു ചുവടുവെപ്പാണ്. പെരിങ്ങോട് പെയ്സ് പ്രൊഡക്ഷന്‍സ് മാറ്റത്തിനായുള്ള മലയാളസിനിമയുടെ നിരവധി ചെറു ചുവടുകളിലൊന്നാണ്. റിയലിസ്റ്റിക് ഹ്രസ്വചിത്രങ്ങളെയും ഒരൊന്നന്നര മുഴുസിനിമയെയും മലയാളത്തിന് സമ്മാനിച്ച ഒരുകൂട്ടം ചെറുപ്പക്കാരുണ്ട് പെയ്സിനുപിറകില്‍. പെയ്സ് പ്രൊഡക്ഷന്‍െറ സാരഥികളിലൊരാളും, സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരജേതാവായ സുദേവന്‍ അതിന്‍െറ ബാനറില്‍ സംവിധാനം ചെയ്ത സിനിമകളിലെ മുഖ്യനടനുമായ അച്യുതാനന്ദന്‍ മലയാളസിനിമയില്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. അഭിനയ അനുഭവങ്ങളെയും പെയ്സ് കടന്നുപോന്ന വഴികളെയും കുറിച്ച് അച്യുതാനന്ദന്‍ സംസാരിക്കുന്നു:

പെയ്സ് പ്രൊഡക്ഷന്‍ എന്ന ആശയം ഉരുത്തിരിയുന്നത് എങ്ങനെയാണ്?
--1995ലാണ് നാട്ടുകാരന്‍ കൂടിയായ സുദേവനുമായുള്ള സൗഹൃദത്തിന്‍െറ തുടക്കം. 2001 ല്‍ ഒരു കയ്യെഴുത്തുമാസികയിലൂടെയാണ് ഞങ്ങളുടെ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. 2002ല്‍ ചെര്‍പ്പുളശ്ശേരിയില്‍ നടന്ന ഒരു സിനിമാക്യാമ്പില്‍ പങ്കെടുത്തതായിരുന്നു സിനിമാചിന്തകള്‍ക്ക് വിത്തിട്ടത്. അവിടെവെച്ച് വ്യത്യസ്തമായ സിനിമകള്‍ കാണാനിടയായത് സ്വാധീനിച്ചു. അല ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തതും ഇത്തരത്തില്‍ സഹായിച്ചു. ചെറിയ സംരംഭങ്ങളിലൂടെ സിനിമയെ സൃഷ്ടിക്കാം എന്ന ആത്മവിശ്വാസമുണ്ടാകുന്നത് അവിടെനിന്നൊക്കെയാണ്. അങ്ങനെയാണ് പെയ്സിന്‍െറ ആദ്യചിത്രമായ ‘വരൂ’ പുറത്തിറങ്ങുന്നത്. അപരിചിതമായ ഗ്രാമീണ സാഹചര്യങ്ങളില്‍ വന്നുചേരുന്ന ഒരു ചെറുപ്പക്കാരനും അയാളുടെ വഴികാട്ടി ആയിത്തീരേണ്ട ഗ്രാമീണനും നടത്തുന്ന സഞ്ചാരങ്ങളാണ് ‘വരൂ’വിന്‍െറ പ്രമേയം. നാട്ടുകാരിയായ ഒരു പെണ്‍കുട്ടിയുടെ ഹാന്‍ഡികാമില്‍ ഷൂട്ട് ചെയ്ത ഈ 17 മിനുട്ട് ഹ്രസ്വചിത്രത്തിനുശേഷമാണ് സംസ്ഥാന ടെലിഫിലിം അവാര്‍ഡ് നേടിയ ‘പ്ളാനിങ്’ വരുന്നത്. പ്ളാനിങിലൂടെ എനിക്കും അശോകേട്ടനും (അശോക് കുമാര്‍) മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. രണ്ട് കള്ളന്‍മാരുടെ കഥയായിരുന്നു ‘പ്ളാനിങ്’ പറഞ്ഞത്. കിണര്‍ കുഴിക്കാനത്തെുന്ന രണ്ടു ജോലിക്കാരുടെ ഒരു ദിവസത്തെ പണിക്കിടയില്‍ നടക്കുന്ന സംഭവങ്ങള്‍ പ്രമേയമാക്കിയ ‘രണ്ട്’ ആയിരുന്നു മൂന്നാമത്തെ ചിത്രം. 2011ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ടെലിഫിലിം അവാര്‍ഡ് നേടിയ ‘തട്ടുമ്പൊറത്തപ്പന്‍’ ആയിരുന്നു അടുത്ത ചിത്രം. ഭക്തിയുടെ പിന്നാമ്പുറത്ത് നടക്കുന്ന പൊള്ളത്തരങ്ങള്‍ ആണ് ആ ഹ്രസ്വചിത്രം അനാവരണം ചെയ്തത്. പിന്നീടാണ് ‘ക്രൈം നമ്പര്‍ 89’ലേക്ക് വരുന്നത്. ഷോര്‍ട്ട് ഫിലിം സങ്കേതത്തില്‍ ചെയ്യേണ്ട പ്രമേയമല്ല അതെന്ന അഭിപ്രായം ഉയര്‍ന്നുവന്നതിനത്തെുടര്‍ന്ന് ഒരു ഫീച്ചര്‍ ഫിലിമിന്‍െറ പിറവിയുണ്ടായി. ക്രൈം നമ്പറിന് സംസ്ഥാനസര്‍ക്കാരിന്‍െറ മികച്ച ചിത്രത്തിനുള്ള പുരസ്കാരമുള്‍പ്പെടെ ലഭിച്ചു.
സുദേവന്‍, വിനോദ്, വി.കെ രാമചന്ദ്രന്‍, വിജയകൃഷ്ണന്‍, സഹദേവന്‍, പ്രശാന്ത്, സന്തോഷ്, ഡോ.സജീവ് തുടങ്ങിയവരാണ് പ്ളാറ്റ്ഫോം ഫോര്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ എക്സലന്‍സിന്‍െറ (പെയ്സ്) പിന്നണിയില്‍.

വരൂവിലെ വേഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയായിരുന്നു?
--സത്യത്തില്‍ അതൊരു തെരഞ്ഞെടുപ്പൊന്നും ആയിരുന്നില്ല. അന്ന് മറ്റാരും ഉണ്ടായിരുന്നില്ല അഭിനയിക്കാന്‍. പിന്നെ നാടകത്തിലഭിനയിച്ച ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും നന്നായെന്ന് പറഞ്ഞു. കാണികളില്‍നിന്നും നല്ല റെസ്പോണ്‍സ് ആണുണ്ടായത്.

‘മഹേഷിന്‍െറ പ്രതികാര’ത്തിലെ മെമ്പര്‍ താഹിര്‍ ഏറെ ശ്രദ്ധ നേടിയ വേഷമായിരുന്നു. മെമ്പര്‍ താഹിറിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
--ഹ്രസ്വചിത്രങ്ങള്‍ കണ്ടാണ് പ്രേംലാല്‍ എന്ന സംവിധായകന്‍ ‘ഒൗട്ട്സൈഡറി’ലേക്ക് ക്ഷണിക്കുന്നത്. യൂനിയന്‍കാരന്‍ ചന്ദ്രന്‍ എന്ന ചെറിയ കഥാപാത്രമായി മുഖം കാണിക്കാനായി. ഫേവര്‍ ഫ്രാന്‍സിസ് എന്ന സുഹൃത്താണ് ‘ഡാ തടിയാ’യിലെ സാമൂഹ്യപ്രവര്‍ത്തകനായ ജെ.പി ദത്തന്‍െറ വേഷത്തിലേക്ക് എന്നെ നിര്‍ദേശിക്കുന്നത്. ആ ചിത്രം വഴിയാണ് ആഷിഖ് അബു, ശ്യം പുഷ്കരന്‍, ദിലീഷ് പോത്തന്‍ ടീമുമായി പരിചയം വളരുന്നത്. അവര്‍ ഞങ്ങളുടെ ഹ്രസ്വചിത്രങ്ങള്‍ കാണുകയുണ്ടായി. പിന്നീട് ‘ഇടുക്കി ഗോള്‍ഡി’ലേക്ക് ക്ഷണം കിട്ടി. ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. ‘ഇയ്യോബിന്‍െറ പുസ്തക’ത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. പിന്നെയാണ് ‘മഹേഷിന്‍െറ പ്രതികാര’ത്തിലത്തെുന്നത്.
മെമ്പര്‍ താഹിര്‍ ആകാന്‍ ഒരുക്കങ്ങള്‍ വേണ്ടിവന്നോ?
--വേണ്ടിവന്നില്ല. മുന്നൊരുക്കങ്ങള്‍ ആവശ്യമില്ളെന്ന് പറഞ്ഞിരുന്നു. പ്രത്യക്ഷത്തില്‍ സൂക്ഷ്മതകള്‍ ഇല്ലാത്ത കഥാപാത്രമാണെങ്കിലും പൊതുപ്രവര്‍ത്തകന്‍ നേരിടുന്ന പ്രതിസന്ധികള്‍ മുന്നോട്ടുവെക്കുന്ന കഥാപാത്രമാണെന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ അതിനുണ്ടായി.

അഭിനയിച്ച മറ്റ് ഹ്രസ്വചിത്രങ്ങള്‍?
--നരണിപ്പുഴ ഷാനവാസിന്‍െറ ‘ഡോര്‍ ടു ഡോര്‍’, പ്രശാന്ത് കാനത്തൂരിന്‍െറ ‘നിലാവുറങ്ങുന്നില്ല’, ഷീന്‍ ജോസഫിന്‍െറ ‘നാമറിയാതെ’ എന്നീ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചു. ഇതു കൂടാതെ ഹാസ്യപരിപാടിയായ മറിമായത്തിന്‍െറ രണ്ടുമൂന്ന് എപ്പിസോഡുകളില്‍ മുഖം കാണിച്ചു. തൃശൂരിലെ എഡിറ്റര്‍ ബിനോയ് ജയരാജ്, എഴുത്തുകാരന്‍ വി.കെ.കെ രമേഷ്, രാജേഷ് മേനോന്‍ തുടങ്ങിയവരുമുണ്ട് സിനിമാസ്വപ്നങ്ങളില്‍ സൗഹൃദവുമായി കൂടെ.
ഹ്രസ്വചിത്രങ്ങളില്‍നിന്ന് ഫീച്ചര്‍ ഫിലിമിലേക്ക് അതല്ലെങ്കില്‍ സുദേവന്‍ സ്കൂളില്‍നിന്ന് മുഖ്യധാര സിനിമകളിലേക്ക്. മാറ്റം എളുപ്പമായിരുന്നോ?
--കാര്യമായ മാറ്റമൊന്നും അനുഭവപ്പെട്ടിരുന്നില്ല. സുദേവനൊപ്പം തന്നെ ‘ക്രൈം നമ്പര്‍ 89’ ചെയ്തപ്പോള്‍ ഹ്രസ്വചിത്രങ്ങള്‍ ചെയ്ത അതേ സാഹചര്യങ്ങള്‍ തന്നെയായിരുന്നു. കൂടാതെ ഹ്രസ്വചിത്രമാണെങ്കിലും അല്ളെങ്കിലും കാമറ ഉണ്ടെങ്കിലും ഇല്ളെങ്കിലും നിര്‍ദേശം ലഭിക്കുന്നതോടെ നമ്മള്‍ അഭിനയത്തിന് സജ്ജരാവും.

ഹ്രസ്വചിത്രങ്ങള്‍ സംബന്ധിച്ച ഫീഡ്ബാക്ക് എന്തായിരുന്നു?
--ആരും കുറ്റമൊന്നും പറഞ്ഞിട്ടില്ല. സിനിമ ആളുകളിലുണ്ടാക്കുന്ന ഇംപാക്റ്റ് വലുതാണ്. പോസിറ്റീവ് വേഷം ചെയ്ത ചിത്രങ്ങള്‍ക്കുശേഷം പ്രേക്ഷകര്‍ നമ്മെ സ്നേഹത്തോടെ നോക്കിക്കാണുമെങ്കില്‍ നെഗറ്റീവ് റോളുകള്‍ക്കുശേഷം അവര്‍ അകല്‍ച്ച പാലിക്കും. വരൂവിനും തട്ടുമ്പൊറത്തപ്പനും ശേഷം എവിടെപ്പോയാലും തിരിച്ചറിയുന്നവരുടെ സ്നേഹവും അടുപ്പവും കിട്ടിയിട്ടുണ്ട്. വരൂവിനുശേഷം ഒരിക്കല്‍ ഞാനും അശോകേട്ടനും(അശോക് കുമാര്‍) ചേര്‍ന്നുള്ള ഒരു ബസ് യാത്രയില്‍ ഒരു കുട്ടി അശോകേട്ടന്‍ അടുത്തുവിളിച്ചപ്പോള്‍ പോകാതിരിക്കുകയും എന്‍റടുത്തുവന്നിരിക്കുകയും ചെയ്യുന്ന അനുഭവമുണ്ടായി. അശോകേട്ടന്‍ ആളുകളെ ചുറ്റിക്കുന്ന ഒരാളാണെന്നും ഞാനാണ് വിശ്വസിക്കാവുന്നത് എന്നും ഒരു തോന്നലുണ്ടാക്കപ്പെട്ടതുകൊണ്ടാണല്ളോ അത്. എന്നാല്‍ രണ്ടിലെ വില്ലന്‍ കഥാപാത്രത്തിനുശേഷം കുട്ടികളൊക്കെ അകലം പാലിക്കുമായിരുന്നു. എങ്കിലും നമ്മുടെ നടപ്പുമാതൃകകള്‍ക്കപ്പുറമായി പോസിറ്റീവ്, നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സുദേവന്‍ ചിത്രങ്ങളില്‍ അവസരം ലഭിക്കുകയുണ്ടായി. നമ്മുടെ സിനിമകള്‍ വില്ലന്‍െറ മുഖം കവറില്‍ വരാതെ നായകനെ മാത്രം ആഘോഷിക്കുന്നവയാണ്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ നായകന്‍മാര്‍ക്ക് അവസരം കിട്ടുന്നില്ളെന്നതാണ് സത്യം. ബാലന്‍ കെ നായരെയൊക്കെ പോലെ, പോസിറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യേണ്ട ടൈപ്പ്ഡ് വില്ലന്‍മാര്‍ നമുക്കുണ്ടായിരുന്നു. ഏറെക്കുറെ ഈ പ്രവണതയില്‍ വ്യത്യാസം വരുത്തിത്തുടങ്ങിയത് ആഷിഖ് അബുവാണ്. പതിവുവില്ലനായ ബാബുരാജിനെ സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ വ്യത്യസ്തമായ വേഷത്തില്‍ അവതരിപ്പിച്ചു വിജയം കണ്ടത്തൊന്‍ അദ്ദേഹത്തിനായി.

പുതിയ സിനിമകള്‍
--പ്രതാപ് ജോസഫിന്‍െറ ‘അവള്‍ക്കൊപ്പം’ ആഗസ്റ്റില്‍ പുറത്തിറങ്ങും. സുസ്മേഷ് ചന്ദ്രോത്തിന്‍െറ സംവിധാനത്തില്‍ ‘പത്മിനി’ എന്ന ചിത്രവും വരാനിരിക്കുന്നു.
സിനിമയില്‍ ചെയ്യാനാഗ്രഹിക്കുന്ന റോള്‍ വല്ലതും?
--പ്രധാനറോളുകള്‍ ചെയ്യുകയെന്നതിലപ്പുറം കഥാഗതിയില്‍ ചലനമുണ്ടാക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. കഥയില്‍ വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രങ്ങള്‍. മഹേഷിന്‍െറ പ്രതികാരത്തില്‍ യാദൃശ്ചികമായിത്തന്നെ അത്തരം കഥാപാത്രം തേടിവന്നു. അത്തരം കഥാപാത്രങ്ങള്‍ ആഗ്രഹിക്കുമ്പോഴും നടന്‍ സെലക്ടീവ് ആകേണ്ടതില്ല എന്നാണെന്‍െറ പക്ഷം. നമ്മളെത്തേടി വരുന്ന കഥാപാത്രങ്ങളേതും ഏറ്റെടുക്കണം. നടന്‍ നടിക്കപ്പെടേണ്ടവനാണ്. നടനല്ല, കാണികളാണ് സെലക്ടീവാകേണ്ടത്.

സിനിമയില്‍ എത്തിപ്പെടാന്‍ വൈകിയെന്ന തോന്നലുണ്ടോ?
--ഇല്ല. ‘വരൂ’വിനുശേഷം എനിക്കും സുദേവനും വേണമെങ്കില്‍ ചാന്‍സ് ചോദിച്ച് ഇറങ്ങാമായിരുന്നു. എന്നാല്‍ ഞങ്ങളുടെ സംരംഭങ്ങളുമായി മുന്നോട്ടുപോയതുകൊണ്ട് ഒരു നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാരെയും ഞങ്ങളുടെ സിനിമകളെയും പരിചയപ്പെടുത്താനായി. നമുക്ക് ചെയ്യാവുന്ന കുറേ കാര്യങ്ങളുണ്ട് എന്ന് തിരിച്ചറിയുകയായിരുന്നു. സഹകരിക്കാന്‍ തയാറായി ചില നടന്‍മാരൊക്കെ മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ പുതുമുഖങ്ങളെ പരിചയപ്പെടുത്തണം എന്ന ലക്ഷ്യവും ഫോര്‍മുല ചിത്രങ്ങളില്‍ വീണുപോകരുതെന്ന ആഗ്രഹവുമായിരുന്നു നയിച്ചത്. അതുകൊണ്ട് ഒരു മികച്ച സംവിധായകനെയും ഞങ്ങള്‍ക്ക് മുന്നോട്ടുവെക്കാനായല്ളോ. അതെല്ലാം വിട്ട് ചാന്‍സ് തേടിയിറങ്ങുകയല്ല ആ സാഹചര്യത്തില്‍ ചെയ്യേണ്ടത് എന്നുതോന്നി. നമുക്കുള്ള ചാന്‍സുകള്‍ തേടിവരിക തന്നെ ചെയ്യും. ഹ്രസ്വചിത്രങ്ങളൊക്കെ കണ്ടാസ്വദിച്ച സംവിായകര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ വിളിക്കാമായിരുന്നു. എന്നാല്‍ സമയം അതായിരുന്നില്ളെന്ന് മാത്രം. അതിലൊന്നും ആശങ്ക തോന്നിയിട്ടില്ല.

സിനിമക്ക് പുറത്ത് ക്രിയേറ്റീവ് ആയ ഇടപാടുകള്‍ എന്തൊക്കെയാണ്?
--ഇടക്കൊക്കെ കഥ എഴുതാറുണ്ട്. ചില മാഗസിനുകളിലൊക്കെ അച്ചടിച്ചുവന്നിട്ടുമുണ്ട്.
പെയ്സിന്‍െറ വരുംസംരംഭങ്ങള്‍?
--പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന അഞ്ചുഹ്രസ്വചിത്രങ്ങളുടെ പാക്കേജാണ് അടുത്തത്. രണ്ടെണ്ണം പൂര്‍ത്തിയായി. സമയത്തിനനുസരിച്ചും ഫണ്ടിനനുസരിച്ചും മൂന്നെണ്ണം കൂടി ചെയ്യും. സിനിമാപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പെയ്സിന് സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ജനകീയക്കൂട്ടായ്മയിലൂടെയാണ് സിനിമ പിറവിയെടുക്കുന്നത്. അല്‍പകാലത്തിനുള്ളില്‍ സിനിമയുടെ എല്ലാ സാധ്യതകളും ഉള്‍പ്പെടുന്ന സംരംഭം തുടങ്ങാനാണ് ലക്ഷ്യം.
പെയ്സിന്‍െറ സംരംഭങ്ങളുമായി മുന്നോട്ടുപോകാനാണോ അതോ നടനായി സജീവമാകാനാണോ താല്‍പര്യം?
--അവസരങ്ങള്‍ കിട്ടുമ്പോള്‍ ശരീരം അഭിനയത്തിനായി വിട്ടുകൊടുക്കുക. അതിനൊപ്പം പെയ്സിന്‍െറ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുക. നടന്‍ എന്നതും ഉത്തരവാദിത്തങ്ങളുള്ള ജോലിയാണെന്ന് കരുതുന്നു. ഒരു നടന്‍ എന്നാല്‍ ഒരു സംവിധായകനെ സൃഷ്ടിക്കാനും നിലനിര്‍ത്താനും കഴിയുന്നയാളായിരിക്കണം. നടന്‍ നടനെ മാത്രം എക്സിബിറ്റ് ചെയ്താല്‍ സംവിധായകന്‍ നിഷ്പ്രഭനായിപ്പോകും. സംവിധായകനും നടനും പരസ്പരം ചേര്‍ന്നുകൊണ്ടാണ് സിനിമകള്‍ ഉണ്ടാകുന്നത്.

പെയ്സിന്‍െറ ചലച്ചിത്രങ്ങളുടെ സവിശേഷതകള്‍ എന്തെല്ലാമാണ്?
എഴുതിത്തയാറാക്കിയ തിരക്കഥയുമായല്ല സുദേവന്‍ സംവിധാനം നിര്‍വഹിക്കുന്നത്. സംഘാംഗങ്ങള്‍ തമ്മിലുള്ള നിരന്തരചര്‍ച്ചകളിലൂടെയും റിഹേഴ്സലുകളിലൂടെയുമാണ് ഡയലോഗുകള്‍ പിറക്കുന്നത്. ഏത് കഥാപാത്രങ്ങളെയും ഏത് നടനെക്കൊണ്ടും പരീക്ഷിക്കും. ഏതുതരം പരീക്ഷണങ്ങള്‍ക്കും തയാറായിരിക്കണം നടന്‍. ഞങ്ങളുടെ നാടിന്‍െറ ഡോക്യുമെന്‍േറഷന്‍ കൂടി ഹ്രസ്വചിത്രങ്ങളിലൂടെ ലക്ഷ്യം വെച്ചിരുന്നു. ‘വരൂ’വിലെ വഴികളൊക്കെ ഇപ്പോള്‍ത്തന്നെ ഇല്ലാതായിരിക്കുന്നു.
ആഗ്രഹങ്ങളിലെവിടെയെങ്കിലും സിനിമയുണ്ടായിരുന്നോ?
-നാടകത്തിലൊക്കെ അഭിനയിച്ചിരുന്നെങ്കിലും ‘വരൂ’വിലൂടെയാണ് അഭിനയം ഗൗരവമായി എടുക്കുന്നത്. ‘തട്ടുമ്പൊറത്തപ്പനി’ലെ കഥാപാത്രമാണ് അഭിനയത്തില്‍ ആത്മവിശ്വാസം പകരുന്നത്. ഇപ്പോള്‍ ഈ സംസാരിക്കുന്നയാളായിരിക്കില്ല അഭിനയത്തിനൊരുങ്ങിക്കഴിഞ്ഞാല്‍. അഭിനയത്തിനുള്ള സാധ്യതയൊരുക്കല്‍ പക്ഷേ സംവിധായകന്‍െറ മികവാണ്. ഒരാളിലെ നടനെ പുറത്തുകൊണ്ടുവരേണ്ടത് സംവിധായകനാണ്.
അച്യുതാനന്ദന്‍ എന്ന വ്യക്തി?
ജീവിതത്തെ ലഘുവായി കാണുകയും തമാശ പറയുകയും ചെയ്യുന്നൊരാള്‍. അമ്മയും അനുജനും അടങ്ങുന്നതാണ് കുടുംബം. അനുജന്‍ വിജയകൃഷ്ണന്‍ പെയ്സിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ട്. വിവാഹം കഴിച്ചിട്ടില്ല. പ്രാന്തനും കള്ളനും കിണറുപണിക്കാരനുമൊക്കെയായി അഭിനയിച്ചാല്‍ എങ്ങനെയാ പെണ്ണുകിട്ടുക എന്നാണ് അമ്മയുടെ ആശങ്ക. (ചിരിയോടെ പറഞ്ഞുനിര്‍ത്തി)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.