ബംഗാളി സിനിമയുടെ രൊതീഷ് റൊബീന്ദ്രൊ
text_fields‘ചിത്ര്ഗ്രഹൊന്‍- രൊതീഷ് റൊബീന്ദ്രൊ...’ കൊല്‍ക്കത്ത ശ്യാം ബസാറിലെ മിനാര്‍ തിയറ്ററിന്‍െറ തിരശ്ശീലയില്‍ ബംഗാളി ലിപിയില്‍ പേര് തെളിഞ്ഞു. മാവേലിക്കര ചെറുകുന്നത്തുകാരന്‍ രതീഷ് രവീന്ദ്രന്‍ കാമറയില്‍ പകര്‍ത്തിയ ‘ഏക് ജേ ഛീലോ ഭൂതേര്‍ ഛാനാ’ എന്ന സിനിമ ആദ്യമായി ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ആഹ്ളാദവും അഭിമാനവും പങ്കുവെക്കാന്‍ അടുത്തറിയുന്നവരായി ഒപ്പമുണ്ടായത് ചിത്രത്തിന്‍െറ അണിയറപ്രവര്‍ത്തകരായി പ്രവര്‍ത്തിച്ച ചുരുക്കം ചില സുഹൃത്തുക്കള്‍ മാത്രം. കാണാത്ത സിനിമകളിലെ ഫ്രെയിമുകള്‍ വാക് ചിത്രങ്ങളായി ഇറങ്ങിവന്ന വീട്ടുമുറ്റത്തെ പേരമരക്കൊമ്പിലെ മനക്കൊട്ടകയില്‍നിന്ന് സിനിമാ ചരിത്രത്തില്‍ ഇടംനേടിയ കൊല്‍ക്കൊത്ത മിനാര്‍ തിയറ്ററിന്‍െറ വെള്ളിത്തിരയിലേക്ക് രതീഷ് രവീന്ദ്രന്‍ പിന്നിട്ട ദൂരം വലുതായിരുന്നു. ബംഗാളി നവ സിനിമാലോകത്ത് പുതിയൊരിടം സൃഷ്ടിച്ച ഈ യുവ ഛായാഗ്രാഹകന്‍ 2012ല്‍ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമക്കുള്ള പുരസ്കാരം നേടിയ തൂഹിനാഭോ മജൂദാറിന്‍െറ ‘രാത്തേര്‍ ബയോസ്കോപ്പ്’ (മിഡ്നൈറ്റ് ബയോസ്കോപ്പ് ), കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സുഭദ്രോ ചൗധരിയുടെ ‘ലാല്‍ സ്വെര്‍’ എന്നിവയടക്കം ബംഗാളില്‍ ശ്രദ്ധയാകര്‍ഷിച്ച ആറ് ഫീച്ചര്‍ ഫിലിമുകള്‍ക്കും നിരവധി ഡോക്യുമെന്‍ററികള്‍ക്കും കാമറ ചലിപ്പിച്ചു.
മലയാളത്തിന്‍െറ തിരശ്ശീലയില്‍ ഈ പേര് അടയാളപ്പെടുത്തിയിട്ടില്ല. മലയാള സിനിമയിലും സാഹിത്യത്തിലും ബംഗാളി സ്വാധീനം ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തില്‍നിന്ന് വംഗദേശത്തത്തെി സ്വയം അടയാളപ്പെടുത്തിയ ചലച്ചിത്രപ്രവര്‍ത്തകര്‍ അധികമില്ല. ബംഗാളി സംവിധായിക രാക ദത്ത കേരളത്തിന്‍െറ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്യാനുദ്ദേശിക്കുന്ന സിനിമയുടെ മുന്നൊരുക്കങ്ങള്‍ക്കിടയിലാണ് ഇദ്ദേഹത്തെ കണ്ടത്. രതീഷിന് ഛായാഗ്രഹണം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമെന്നതിനൊപ്പം ആത്മാന്വേഷണത്തിന്‍െറ വഴികൂടിയാണ്. രതീഷ് ജീവിതം പറയുകയാണ്...

‘കുട്ടിക്കാലം തൊട്ടേ എനിക്ക് സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നു. വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് അക്കാലത്ത് കണ്ടിട്ടുള്ളത്. ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നത് രഘുനാഥ് പലേരിയുടെ ‘ഒന്നുമുതല്‍ പൂജ്യം വരെ’യാണ്. സിനിമയെ സംബന്ധിച്ച എന്‍െറ ദൃശ്യപരമായ ഓര്‍മകള്‍ തുടങ്ങുന്നത് ഈ സിനിമയില്‍നിന്നാണ്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരക്കടുത്തത് അറുന്നൂറ്റി മംഗലം ചെറുകുന്നം എന്ന ഗ്രാമത്തിലായിരുന്നു വീട്. വീട്ടില്‍ കര്‍ശനമായ വിലക്കുകളും നിയന്ത്രണങ്ങളുമൊക്കെയുള്ള അന്തരീക്ഷമായിരുന്നു. അച്ഛന്‍ കെ.എന്‍. രവീന്ദ്രന്‍ എയര്‍ഫോഴ്സില്‍നിന്ന് റിട്ടയര്‍ ചെയ്തയാളാണ്. അമ്മ രാജലക്ഷ്മി. സിനിമ കാണാന്‍ പറ്റാത്തതുകൊണ്ട് ഞാനും എന്‍െറ ചേട്ടന്‍ രജീഷും പത്രത്തില്‍ വരുന്ന സിനിമാ പരസ്യങ്ങള്‍ കണ്ട് ഭാവനയില്‍ കഥകളുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും പറയും. ചേട്ടനും ഞാനും നല്ല കൂട്ടുകാരായിരുന്നു. അന്ന് പുതിയ സിനിമ വരുമ്പോള്‍ അംബാസഡര്‍ കാറിന്‍െറ മുകളില്‍ പോസ്റ്ററും കോളാമ്പി മൈക്കും വെച്ചുകെട്ടി വിളിച്ചു പറയുമായിരുന്നു. ഞങ്ങള്‍ ആ വണ്ടിയുടെ പുറകില്‍ ഓടും. വണ്ടിയില്‍നിന്ന് വാരിവിതറുന്ന നോട്ടീസുകള്‍ പെറുക്കിയെടുക്കും. അതില്‍ കഥാസാരത്തിന്‍െറ കുറച്ചു ഭാഗമുണ്ടാകും. വീട്ടുമുറ്റത്തെ പേരമരത്തിന്‍െറ മുകളില്‍ കയറിയിരുന്ന് ചേട്ടന്‍ സിനിമയിലെ കഥാഭാഗങ്ങള്‍ അഭിനയിച്ച് കാട്ടും. പേരമരം സാങ്കല്‍പിക തിയറ്ററിലെ സ്ക്രീനാകും. ഞാനും കൂട്ടുകാരും താഴെയിരുന്ന് അതൊക്കെ ആസ്വദിക്കും. ഈ കഥ ഞാന്‍ എന്‍െറതായ രീതിയില്‍ പിറ്റേന്ന് എന്‍െറ ക്ളാസിലെ കൂട്ടുകാരോട് പറയും. അങ്ങനെ ഞാനും ചേട്ടനും ചേര്‍ന്ന് മൊത്തത്തിലൊരു സിനിമാമയം ഉണ്ടാക്കിയിരുന്നു.
ഞങ്ങളുടെ വീട്ടിലൊന്നും അന്ന് ടി.വിയില്ല, ആകാശവാണിയാണ്. ഞായറാഴ്ച ഉച്ചക്ക് ചലച്ചിത്ര ശബ്ദരേഖ വരും. രാത്രിയില്‍ റേഡിയോ നാടകങ്ങളും. എന്‍െറ അമ്മൂമ്മക്ക് റേഡിയോ നാടകങ്ങള്‍ വലിയ ഇഷ്ടമായിരുന്നു. അവരുടെ അരികത്തിരുന്ന് നാടകങ്ങള്‍ കേട്ട് ഉറങ്ങിപ്പോകും. ഞായറാഴ്ച ഉച്ചക്ക് രഞ്ജിനി എന്നൊരു പരിപാടിയുണ്ട്. പുതിയ സിനിമാപാട്ടുകള്‍ അതിലുണ്ടാകും. ചേട്ടനന്ന് സിനിമാപാട്ടുകളുടെ നോട്ട്പുസ്തകം സൂക്ഷിച്ചിരുന്നു. അതില്‍ ചലച്ചിത്രഗാനങ്ങള്‍ എഴുതിയെടുക്കും. ഇടക്ക് വരികള്‍ വിട്ടുപോകുമ്പോള്‍ അടുത്തയാഴ്ച വരെ കാത്തിരിക്കും. പാട്ടുപുസ്തകം വാങ്ങാനൊന്നും പറ്റില്ലായിരുന്നു. മാവേലിക്കര കല്ലുമലയിലെ ബിഷപ് മൂര്‍ വിദ്യാപീഠം എന്ന ഇംഗ്ളീഷ് സ്കൂളിലാണ് ഞങ്ങള്‍ പഠിച്ചത്. അവിടെയും ഭയങ്കര സ്ട്രിക്ടായിരുന്നു. സിനിമയൊക്കെ കാണുന്നതും കഥപറയുന്നതും വലിയ കുറ്റമായിരുന്നു.
ബസിലൊക്കെ പോകുമ്പോള്‍ കാണുന്ന സിനിമാ പോസ്റ്ററുകളും കാഴ്ചയുടെ ലോകം വികസിപ്പിച്ചു . അമ്മാവന്മാരൊക്കെ വരുമ്പോള്‍ നാന വാരിക കൊണ്ടുവരും. അതിലെ സിനിമാ പടങ്ങളൊക്കെ വെട്ടിയെടുത്ത് സൂക്ഷിക്കും. ഇതിന്‍െറ വലിയൊരു ശേഖരം എന്‍െറയും ചേട്ടന്‍െറയും കൈയില്‍ കുറെക്കാലം ഉണ്ടായിരുന്നു. സിനിമയങ്ങനെ നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത സാധനമായി അങ്ങനെ നിന്നു. നാലാംക്ളാസില്‍ പഠിക്കുമ്പോള്‍ അച്ഛന് ബിസിനസില്‍ നഷ്ടം വന്ന് വീട് വില്‍ക്കേണ്ടിവന്നു. പിന്നീടുള്ള കുട്ടിക്കാലം വാടക വീടുകളിലായിരുന്നു.
പ്രീഡിഗ്രി പഠിച്ചിരുന്ന സമയത്താണ് സാഹിത്യത്തിന്‍െറയും സിനിമയുടെയും ലോകത്തേക്ക് വാതില്‍ തുറന്നുകിട്ടുന്നത്. പത്താംക്ളാസില്‍ സി.വി. രാമന്‍ പിള്ളയുടെ ധര്‍മരാജ പഠിക്കാനുണ്ടായിരുന്നു. അത് എന്‍െറ ദൃശ്യബോധത്തെ വല്ലാതെ സ്വാധീനിച്ചു . ഞാനും ചേട്ടനും പറയുമായിരുന്നു വലുതാവുമ്പോ ധര്‍മരാജ സിനിമയാക്കണമെന്ന്.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്ന ചേട്ടന് ഫിലിംസൊസൈറ്റികളിലൂടെയും ചലച്ചിത്രമേളകളിലൂടെയുമൊക്കെ സഞ്ചരിച്ച് ധാരാളം സിനിമകള്‍ കാണാന്‍ പറ്റി. അവധിക്കൊക്കെ വീട്ടില്‍ വരുമ്പോള്‍ അതിനെക്കുറിച്ച് പറയും. എനിക്കതൊന്നും കാണാന്‍ മാര്‍ഗമില്ലായിരുന്നു. മാവേലിക്കരയില്‍ കുറെ സുഹൃത്തുക്കളൊക്കെ ചേര്‍ന്ന് മുദ്രയെന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തി. സിനിമയൊരു പവര്‍ഫുള്‍ മീഡിയയാണെന്നത് അന്നാണ് മനസ്സിലാകുന്നത്. സിനിമയെക്കുറിച്ച് കിട്ടാവുന്ന ലേഖനങ്ങളൊക്കെ സംഘടിപ്പിച്ച് വായിക്കാന്‍ തുടങ്ങി. ബെര്‍ഗ്മാന്‍െറ മാജിക് ലാന്‍േറണിന് കെ.പി.എ. സമദ് തയാറാക്കിയ പരിഭാഷ വളരെയേറെ സ്വാധീനിച്ചു. ജോസഫ് ഡിഗോള്‍ എന്ന അറിയപ്പെടാത്തൊരു എഴുത്തുകാരന്‍െറ ചലച്ചിത്ര ഭാഷ എന്ന പുറംചട്ടയൊക്കെ കീറിയ പുസ്തകം ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ലോക ക്ളാസിക്കുകളുടെ ഹാന്‍ഡ്ബുക്കാണത്.
പ്രീഡിഗ്രി കഴിഞ്ഞപ്പോഴേക്കും സിനിമ ഉള്ളില്‍ക്കേറി. സിനിമ പഠിച്ചാലേ പറ്റൂ എന്നായി. ചേട്ടനും പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് ഭയങ്കര ആഗ്രഹം. പക്ഷേ, വീട്ടിലന്ന് ദാരിദ്ര്യവും ബുദ്ധിമുട്ടുകളുമായിരുന്നു. ബി.ടെക് കഴിഞ്ഞ് ചേട്ടന് ജോലിക്ക് പോകേണ്ടിവന്നു. ഞാന്‍ സിനിമാ മോഹം കളഞ്ഞില്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി കോഴ്സ് മാത്രമാണുള്ളത്. അതുകൊണ്ട് ഡിഗ്രിക്ക് ചേര്‍ന്നേ പറ്റൂ, ബി.എഫ്.എ ചെയ്യണമെന്ന് ആഗ്രഹമുണ്ടായി. അന്ന് ഞാന്‍ വരക്കുമായിരുന്നു. എന്നാല്‍ അതിനൊന്നും ഗൈഡന്‍സ് തരാന്‍ ആളില്ലാഞ്ഞതുകൊണ്ട് പുരോഗതി ഉണ്ടായില്ല.
പമ്പാ പരുമല ദേവസ്വം കോളജിലാണ് ബി.എസ്സിക്ക് ചേര്‍ന്നത്. ഫിസിക്സായിരുന്നു വിഷയം. ഡി.എസ്.ഒ എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനവുമുണ്ടായിരുന്നു. ഇത് റഷ്യന്‍ സാഹിത്യമൊക്കെ പരിചയപ്പെടാന്‍ ഉപകരിച്ചു. കോളജില്‍ ഞങ്ങളൊരു ഫിലിംക്ളബ് തുടങ്ങി. പിരിവെടുത്ത് കുറച്ച് പൈസയുണ്ടാക്കി തിരുവല്ലയില്‍ പോയി 16 എം.എം പ്രൊജക്ടര്‍ ബുക് ചെയ്തു. തിരുവനന്തപുരത്ത് ഫിലിം ആര്‍ക്കൈവ്സിന്‍െറ ഓഫിസില്‍ പോയി അപേക്ഷയെഴുതിക്കൊടുത്ത് ബൈസിക്കിള്‍ തീവ്സിന്‍െറ ഫിലിം റീലുകള്‍ വാടകക്ക് വാങ്ങിയാണ് പ്രദര്‍ശനം നടത്തിയത്. ബിഗ്ഷോപ്പര്‍ സഞ്ചിയിലാക്കിയ ഫിലിം റീലുകള്‍ വളരെ അഭിമാനത്തോടെയാണ് കൊണ്ടുവന്നത്. രാത്രിയില്‍ കൗതുകം അടക്കാനാവാതെ ഇടക്ക് റീലുകള്‍ വലിച്ച് വിടര്‍ത്തി വെളിച്ചത്ത് പിടിച്ച് നോക്കി. അടുത്തവര്‍ഷം ചലച്ചിത്ര അക്കാദമിയുടെ സഹായത്തോടെ ഞങ്ങള്‍ പത്ത് ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ നടത്തി.
അപ്പോഴേക്കും സിനിമ പഠിച്ചേ പറ്റൂ എന്നായിയെനിക്ക്. എം.ബി.എ പഠിച്ച് വല്ല ജോലിയും നേടണമെന്ന് വീട്ടില്‍നിന്ന് സമ്മര്‍ദം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്ന് പ്രോസ്പെക്ടസൊക്കെ വരുത്തിയെങ്കിലും ആ വര്‍ഷം അപേക്ഷയയച്ചില്ല. സിനിമ പഠിക്കാന്‍ ഞാന്‍ പാകമായിട്ടില്ല, കുറെക്കൂടി അറിയാനുണ്ട് എന്നു തോന്നി. അങ്ങനെ ഞാന്‍ വീടുവിട്ട് തിരുവനന്തപുരത്ത് സുഹൃത്തുക്കളുടെ കൂടെ താമസിക്കാന്‍ തുടങ്ങി. വെള്ളയമ്പലത്ത് ചലച്ചിത്ര അക്കാദമി ഓഫിസില്‍ പോയിരുന്ന് സിനിമകളെക്കുറിച്ച് വായിക്കും. അവിടത്തെ പി.ആര്‍.ഒ ആയിരുന്ന ലൂയി മാത്യു എന്നെ കുറെ സഹായിച്ചിട്ടുണ്ട്. അവിടന്ന് സിനിമകള്‍ കാണാനും പറ്റി.
തട്ടുകടയിലെ പൊറോട്ട ചമ്മന്തി ചേര്‍ത്തു കഴിച്ചും ടാപ്പിലെ വെള്ളം കുടിച്ചും കിടക്കും. മൂന്നു ദിവസത്തോളം ടാപ്പിലെ വെള്ളം മാത്രം കുടിച്ച് കഴിയേണ്ടിവന്നിട്ടുണ്ട്. വിശപ്പാണ് മനുഷ്യന്‍െറ ഏറ്റവും വലിയ പ്രശ്നമെന്ന് അന്നറിഞ്ഞു. കഥാകൃത്തായ എന്‍െറ സുഹൃത്ത്് ജേക്കബ് എബ്രഹാം കസാന്‍ദ്സാക്കീസിന്‍െറ ആത്മകഥയായ റിപ്പോര്‍ട്ട് ടു ഗ്രീക്കോ എന്ന പുസ്തകം കൊണ്ടുവന്നുതന്നു. ഞാന്‍ ആരെന്നതിനെക്കുറിച്ച് വേറൊരുതരം അന്വേഷണത്തിലേക്ക് എന്നെ എടുത്തെറിഞ്ഞ പുസ്തകമാണത്.
2003ല്‍ കല്‍ക്കത്തയിലെ സത്യജിത്റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശം കിട്ടി. അവിടെ എനിക്കുണ്ടായ ബന്ധങ്ങള്‍ അനുഭവങ്ങളുടെയും കാഴ്ചയുടെയും പുതിയൊരു അവസ്ഥയിലേക്ക് കൊണ്ടുപോയി. ബാവുല്‍ ഗായകരുമായി വളരെയധികം അടുത്തു. പ്രത്യേകിച്ച് ബംഗാളിലെ ബാവുല്‍ ഫക്കീറുകളുമായി. പാര്‍ത്ഥോ ചാറ്റര്‍ജി, ഗായത്രി ചക്രവര്‍ത്തി സ്പിവാക് തുടങ്ങിയ എഴുത്തുകാരുമായും അടുക്കാന്‍ കഴിഞ്ഞു. ബാവുല്‍ സമൂഹത്തെയും രബീന്ദ്ര സംഗീതത്തെയുമൊക്കെ എനിക്ക് പരിചയപ്പെടുത്തിയത് സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന രാക ദത്തയാണ്. ബാവുലുകളുടെ ആശ്രമങ്ങളില്‍ താമസിച്ചു. അതൊരു ഡോക്യുമെന്‍ററിയുടെ ഭാഗമായി മാറി. ബാവുല്‍ ഫക്കീറുകളില്‍ തുടങ്ങി രാജസ്ഥാനിലെ സൂഫി ഗായകരിലത്തെുന്ന യാത്രയാണത്.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷിച്ചത് കാമറക്കായിരുന്നെങ്കിലും പ്രവേശം കിട്ടിയത് ഓഡിയോ എന്‍ജിനീയറിങ്ങിനാണ്. അതിനൊപ്പം കാമറയും പഠിച്ചെടുക്കുകയായിരുന്നു. കോഴ്സ് കഴിഞ്ഞിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പരിസരങ്ങളില്‍തന്നെ നിന്നു. രാക ദത്ത സംവിധാനം ചെയ്ത വൂംബ് എന്ന ഷോര്‍ട്ട് ഫിലിമിന് ഛായാഗ്രഹണം ചെയ്തത് ഞാനായിരുന്നു. കൊല്‍ക്കത്ത ടി.വിയില്‍ ഈ സിനിമ കാണിച്ചു. കൊല്‍ക്കത്ത ടി.വിയില്‍ പ്രവര്‍ത്തിച്ചിരുന്ന തൂഹിനാഭോ മജൂംദാര്‍ 2007ല്‍ രൂപോഷി ബാംഗ്ളാ ചാനലിന് വേണ്ടി ‘ആശ്ചൊര്‍ ചൊ ഭ്രമണ്‍’എന്ന ടെലിഫിലിം എടുത്തപ്പോള്‍ കാമറ ചെയ്യാന്‍ അവസരം കിട്ടി. അദ്ദേഹത്തിനൊപ്പം മൂന്ന് സിനിമകള്‍. രണ്ടാമത്തെ ചിത്രമാണ് ‘രാത്തെര്‍ ബയോസ്കോപ്പ്.’ മുംബൈ ഫെസ്റ്റിവലിലെ അവാര്‍ഡ് ദാനച്ചടങ്ങില്‍ കുമാര്‍ സാഹ്നി ഈ ചിത്രത്തിന്‍െറ ഛായാഗ്രഹണത്തെ പ്രശംസിച്ചു. വിദ്യാര്‍ഥി ചാറ്റര്‍ജി ഈ സിനിമയെക്കുറിച്ച് എഴുതിയിട്ടുണ്ട്.
ദേശീയ അവാര്‍ഡ് ജേതാവായ സുഭദ്രോ ചൗധരിയുടെ കൂടെ ‘ശീതെര്‍ ഉപാഖ്യാന്‍’(വിന്‍റര്‍ ടെയില്‍സ്) പരമ്പരയില്‍ രണ്ട് ടെലി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഇതില്‍ ‘ലാല്‍ സ്വെര്‍’എന്ന സിനിമ കല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ നെറ്റ്പാക്കിന്‍െറ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശിപ്പിച്ചത്. ‘ഏക് ജേ ഛീലോ ഭൂതേര്‍ ഛാന’ (ഒരിക്കല്‍ ഒരിടത്തൊരു ഭൂതത്തിന്‍െറ കുട്ടിയുണ്ടായിരുന്നു) എന്ന കുട്ടികളുടെ ചലച്ചിത്രം ഇന്ത്യയില്‍ സെല്ലുലോയ്ഡ് ഫിലിമില്‍ ചിത്രീകരിച്ച അവസാന ചിത്രങ്ങളിലൊന്നാണ്. ലീന മണിമേഖലയുടെ രണ്ട് ഡോക്യുമെന്‍ററികളിലും പ്രവര്‍ത്തിച്ചു. അവരുടെ ‘സെങ്കടല്‍’ എന്ന സിനിമക്ക് കാമറ ചെയ്യാന്‍ നിശ്ചയിച്ചത് എന്നെയായിരുന്നു. ചില പ്രയാസങ്ങള്‍ കാരണം അതില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നു.
2013ല്‍ ഇന്ത്യയിലെ ആദ്യത്തെ ആദിവാസി വനിതാ ജേണലിസ്റ്റായ ഝാര്‍ഖണ്ഡിലെ ദയാമണി ബാര്‍ലയെക്കുറിച്ച് ലീന തയാറാക്കിയ ‘ബല്ലാര്‍ഡ് ഓഫ് റെസിസ്റ്റന്‍സ്’, തമിഴ്നാട് സര്‍ക്കാറിനുവേണ്ടി ചെയ്ത ‘വാഴ്ന്ത് കാട്ടുവോം തിട്ടം’ എന്നീ ഡോക്യുമെന്‍ററികള്‍ക്കാണ് ഞാന്‍ കാമറ പ്രവര്‍ത്തിപ്പിച്ചത്. ‘ബല്ലാര്‍ഡ് ഓഫ് റെസിസ്റ്റന്‍സ്’എന്‍.ഡി.ടി.വിയിലും കുറെ ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ചു. ജര്‍മന്‍ തിരക്കഥാകൃത്തും സംവിധായികയുമായ അന്ന കെര്‍സ്റ്റിങ് തമിഴ്നാട്ടിലെ കുട്ടികളുടെ പാര്‍ലമെന്‍റിനെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററിക്കും ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നു.
2014ലാണ് ഞാന്‍ കേരളത്തിലേക്ക് വന്നത്. അതിനുശേഷം കവി സുഹൃത്ത് എം.ആര്‍. വിഷ്ണു പ്രസാദിനൊപ്പം മജീഷ്യനായ ചെര്‍പ്പുളശ്ശേരി ഷംസുദ്ദീനെ കേന്ദ്രീകരിച്ച് ഡോക്യുമെന്‍ററി ചെയ്തുകൊണ്ടിരിക്കുകയാണ്.
l

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.