Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നത്

text_fields
bookmark_border
ഇസ്രായേൽ തെരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നത്
cancel

ലോകം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കിയ ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ തൊണ്ണൂറു ശതമാനം വോട്ടെണ്ണലും പൂർത്തിയാകുമ്പോൾ, റെക്കോഡ് പോളിങ്ങിലൂടെ ജനങ്ങൾ പ്രകടിപ്പിച്ചത് ബിന്യമിൻ നെതന്യാഹുവിന്റെ ഭരണത്തോടുള്ള കടുത്ത അമർഷമാണ്. 120 അംഗ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ എഴുപതോളം പേരും നെതന്യാഹു വിരുദ്ധ പക്ഷത്താണ് എന്നതു മാത്രം മതിയാകും അയാൾ ഇസ്രായേലിനകത്ത് എത്രമാത്രം വെറുക്കപ്പെട്ടവനായി എന്ന് തിരിച്ചറിയാൻ. ലികുഡ് പാർട്ടി 53 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ, ഗാഡി ഐസൻകോട്ടിന്റെ മുന്നണിക്ക് 48 സീറ്റും ചരിത്രപരമായ മുന്നേറ്റം കുറിച്ച അറബ് പാർട്ടികൾക്ക് 19 സീറ്റുകളും ലഭിച്ചിരിക്കുന്നു.

കേവല ഭൂരിപക്ഷത്തിന്‍റെ മാജിക് അക്കത്തിലേക്ക് ആർക്കും എത്തിപ്പിടിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ, ബിന്യമിൻ നെതന്യാഹുവിന്റെ പതനം പൂർണമാക്കാൻ പ്രതിപക്ഷത്തിന് കഴിയുമോ എന്ന ചോദ്യത്തിന്‍റെ ഉത്തരം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മാറ്റിനിർത്തി അറബ് പാർട്ടികളുമായി പുതിയൊരു സഖ്യത്തിന് പ്രതിപക്ഷം തയാറാകുമോ, അതല്ല, സയണിസ്റ്റ് വംശീയതക്ക് കൂടുതൽ മൂർച്ചകൂട്ടി ഇസ്രായേലിനെ തീവ്രമായ വംശവെറിയിൽ തന്നെ നിലനിർത്തുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇസ്രായേൽ അടക്കമുള്ള പശ്ചിമേഷ്യ രാഷ്ട്രങ്ങളുടെ ഭാവി നിർണയിക്കപ്പെടുക.

ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന മുന്നേറ്റമാണ് അറബ് പാർട്ടികൾ ഈ തെരഞ്ഞെടുപ്പിൽ കൈവരിച്ചിക്കുന്നത്. അടിച്ചമർത്തലുകളിലൂടെ പാർശ്വവത്കരിക്കപ്പെട്ട ഒരു ജനത, ഇന്ന് പാർലമെന്റിന്റെ തലവിധി തീരുമാനിക്കുന്നതിൽ നിർണായകമായി മാറിയിരിക്കുന്നു. ആ മാറ്റത്തിന്റെ ഉൾക്കരുത്തിനെ ഉൾക്കൊള്ളാനാവാതെ പകച്ചുനിൽക്കുകയാണ് സയണിസ്റ്റ് രാഷ്ട്രീയം. ഫലപ്രഖ്യാപനത്തിനു ശേഷമുള്ള ലികുഡ് പാർട്ടിയുടെ പ്രസ്താവനകളിൽ ഈ അങ്കലാപ്പ് വളരെ പ്രകടമാണ്. ഒരു സയണിസ്റ്റ് പാർട്ടിയും റഅമുമായോ ജോയിന്റ് ലിസ്റ്റുമായോ സഹകരിക്കരുതെന്നും ഇസ്രായേലിന് അപകടകരമായ സർക്കാർ രൂപവത്കരിക്കരുതെന്നും ആവശ്യപ്പെടുന്ന പ്രസ്താവനയിൽ, അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് ‘മോഷ്ടിച്ചു’ എന്നും വിദേശ സ്വാധീനത്താൽ ഇസ്രായേൽ പാർലമെന്റിനെ ‘ഇസ് ലാമികവത്കരിക്കാൻ’ ശ്രമിക്കുകയാണെന്നുമുള്ള വംശീയ വിദ്വേഷങ്ങളാണ് പ്രകടിപ്പിക്കുന്നത്. അറബ് പാർട്ടി നേതാക്കളെയും മുസ്‍ലിം ബ്രദർഹുഡുമായി ബന്ധമുള്ള വ്യക്തികളെയും അറസ്റ്റ് ചെയ്യണമെന്ന് തീവ്ര വലതുപക്ഷ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻഗ്വിർ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിനോട് ആവശ്യപ്പെട്ടു.

ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് ഇസ്രായേൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വിദേശ ധനസഹായവും തെരഞ്ഞെടുപ്പ് കൃത്രിമവും സംബന്ധിച്ച സംശയങ്ങൾ അന്വേഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തലവൻ നോം സോൾബെർഗ് നിർദേശം നൽകുകയും തുടർന്ന് ഏതാനും റഅം പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുകയാണ്. അന്വേഷണത്തെ സ്വാഗതം ചെയ്ത ഐസൻകോട്ട്, സത്യപ്രതിജ്ഞ തീയതിയെ സ്വാധീനിക്കാനും നീട്ടിവെക്കാനുമുള്ള നെതന്യാഹുവിന്‍റെ കുതന്ത്രമാണ് ഇതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫലത്തിലെ അസ്ഥിരത ആഭ്യന്തര ശൈഥല്യത്തിലേക്കും രാഷ്ട്രീയ അരാജകത്വത്തിലേക്കും രാജ്യത്തെ കൊണ്ടെത്തിച്ചേക്കുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നത് തീവ്ര വലതുപക്ഷ സയണിസ്റ്റ് സംഘങ്ങൾ തന്നെയാണ്. ചുരുക്കത്തിൽ, 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണവും തുടർന്നുള്ള യുദ്ധങ്ങളും ഇസ്രായേൽസമൂഹത്തിൽ ആഴത്തിലുള്ള വിഭജനത്തിന് ഇടവരുത്തിയെന്നും സയണിസ്റ്റ് രാഷ്ട്രീയത്തിൽ വലിയ വിള്ളലുകൾക്ക് കാരണമായെന്നും തെളിയിക്കുന്നു ഇസ്രായേലിലെ തെരഞ്ഞെടുപ്പ് ഫലം.

നെതന്യാഹുവിൽനിന്ന് വലിയ അന്തരമൊന്നും ഐസൻകോട്ടിന്‍റെ നിലപാടുകൾക്കില്ല എന്നത് അദ്ദേഹത്തിന്‍റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഐസൻകോട്ടും ഗസ്സക്കാർക്ക് സ്വാതന്ത്ര്യം നൽകാനോ വെസ്റ്റ്ബാങ്കിലെ നിഷ്ഠുരമായ കുടിയേറ്റം അവസാനിപ്പിക്കാനോ ആഗ്രഹിക്കുന്ന വ്യക്തിയല്ല. അതുകൊണ്ടാണ്, തെരഞ്ഞെടുപ്പിന് മുമ്പേ ദ്വിരാഷ്ട്ര ഫോർമുലയുമായോ ഫലസ്തീനിന്‍റെ സ്വാതന്ത്ര്യവുമായോ ആരും വരരുതെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, സ്വജനപക്ഷ താൽപര്യങ്ങളും അധികാരമോഹങ്ങളും കാരണം പൈശാചികമായ ക്രൂരതകൾ ഗസ്സക്കുമേൽ ചൊരിഞ്ഞ ഒരു നിഷ്ഠുരൻ അധികാരത്തിൽനിന്ന് നിഷ്കാസിതനാകാൻ സാധ്യത തെളിയുന്നതുതന്നെ ലോകത്തിലെ നീതിയാഗ്രഹിക്കുന്നവർക്കുമുന്നിൽ വലിയ പ്രത്യാശയായി മാറുന്നു. നെതന്യാഹുവിന്‍റെ അഴിമതിക്കേസുകളിൽ ചുരുങ്ങിയത് രണ്ടെണ്ണമെങ്കിലും ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ളതാണ്. പ്രതിപക്ഷം അറബ് പാർട്ടികളുടെ ബാഹ്യമായ പിന്തുണയോടെ ഭരിച്ചാൽ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇസ്രായേലിലെ ഈ തെരഞ്ഞെടുപ്പ് ഫലം നെതന്യാഹുവിനെ മാത്രമല്ല, ഡോണൾഡ് ട്രംപിനെയും അസ്വസ്ഥനാക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധക്കളത്തിൽ ട്രംപിന്റെ അവസരവാദപരവും സ്ഥിരതയില്ലാത്തതുമായ ഇടപെടലുകളും ചൂതാട്ടങ്ങളും സ്ഥിതിഗതികളെ കൂടുതൽ സങ്കീർണമാക്കുകയാണ്. നെതന്യാഹുവിനുള്ള നിരുപാധിക പിന്തുണയും ഇറാനെതിരായ ആക്രമണ ഭീഷണികളും അദ്ദേഹത്തെ രാഷ്ട്രീയമായി രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. പെന്റഗണിലും സുരക്ഷാ ഉദ്യോഗസ്ഥ നിരയിലുണ്ടായ മാറ്റങ്ങളും ഗൾഫ് മേഖലയിലെ സഖ്യരാഷ്ട്രങ്ങൾക്ക് നൽകിയ നിർദേശങ്ങളും വീണ്ടും യുദ്ധാന്തരീക്ഷം കനപ്പിക്കുന്നതാണ്. നെതന്യാഹുവിന്റെയും ട്രംപിന്റെയും അധികാരക്കളികൾ ഇസ്രായേലിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പുകൾക്കുശേഷം എങ്ങനെയൊക്കെ രൂപപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും സമാധാന വഴികൾ നിർണയിക്കപ്പെടുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - What the Israel election results reveal
Next Story