‘എന്നെ സഹിച്ചതിന് ബിഗ് ബിക്ക് ഒരു റോൾസ് റോയ്സ്’
text_fieldsവിധു വിനോദ് ചോപ്ര സംവിധാനം ചെയ്യുന്ന ‘ഏകലവ്യ: ദ റോയൽ ഗാർഡി’ൽ അഭിനയിക്കാൻ അമിതാഭ് ബച്ചൻ എത്തിയത് വെറുംകൈയോടെ ആയിരുന്നു. ‘എന്താണിങ്ങനെ, ലഗേജൊന്നുമില്ലേ ?’ എന്ന വിനോദ് ചോപ്രയുടെ ചോദ്യത്തിന്, ബിഗ് ബി സത്യസന്ധമായിതന്നെ ഉത്തരം പറഞ്ഞു. ‘താങ്കളെ സഹിച്ച് ഞാൻ ഒരാഴ്ച പോലും തുടരില്ലെന്ന് പറഞ്ഞ്, ലഗേജൊന്നുമില്ലാതെ എന്നെ പറഞ്ഞയച്ചത് ഭാര്യ ജയയാണ്’ എന്നായിരുന്ന അമിതാഭിന്റെ മറുപടി. ‘‘ജയ ബച്ചന്റെ പ്രവചനം ശരിയായിരുന്നെന്ന് ഞാനിപ്പോൾ കുറ്റസമ്മതം നടത്തുന്നു. സെറ്റിൽ ഞങ്ങളിരുവരും തമ്മിൽ ഭയങ്കര അഭിപ്രായവ്യത്യാസമുണ്ടായി.
പക്ഷേ, അമിതാഭ് പിടിച്ചുനിന്നു, ചിത്രം പൂർത്തിയാക്കി. അദ്ദേഹത്തെപോലെ ഒരു താരം എന്നെ സഹിച്ച് ഷൂട്ട് പൂർത്തിയാക്കിയത് വലിയ കാര്യം തന്നെയായിരുന്നു.’’ - 2007 ൽ നടന്ന സംഭവം വിധു വിനോദ് ചോപ്ര ഈയിടെ ഒരു അഭിമുഖത്തിൽ ഓർക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു രസകരമായ ഓർമയും കൂടി അദ്ദേഹം പങ്കുവെക്കുകയുണ്ടായി. ‘‘എന്നെ ഇത്രമേൽ സഹിച്ച അമിതാഭിന് ഞാൻ നാലരക്കോടിയുടെ റോൾസ് റോയ്സ് കാർ സമ്മാനിക്കുകയുണ്ടായി. സമ്മാനം നൽകാൻ ഞാൻ അമ്മയേയും ഒപ്പം കൂട്ടിയിരുന്നു.
അമ്മ സന്തോഷത്തോടെ കാറിന്റെ കീ അമിതാഭിന് സമ്മാനിച്ചു. ശേഷം തിരിച്ചു വന്ന് എനിക്കൊപ്പം കാറിൽ കയറി. ഒരു നീല മാരുതി വാനായിരുന്നു എന്റെ വണ്ടി. ഡ്രൈവറും ഇല്ല. ബിഗ് ബിയെ അമ്മ ലംബൂ എന്നാണ് വിളിക്കാറ്. ‘‘നീ ലംബുവിന് കാർ നൽകി അല്ലേ, നീയെന്തുകൊണ്ട് ഒരു കാറു വാങ്ങുന്നില്ല ? ഞാൻ പറഞ്ഞു, അതെ. സമയമാകുമ്പോൾ ഒരു കാർ വാങ്ങും അമ്മേ എന്ന്. അമ്മ വീണ്ടും: പത്തുപതിനൊന്ന് ലക്ഷമായിക്കാണുമല്ലേ? ഞാൻ ചിരിച്ചു, നാലരക്കോടിയുടെ കാറാണതെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘മണ്ടൻ’ എന്നു വിളിച്ച് അമ്മ എന്നെ ഒറ്റയടി.’’ -വിധു പറയുന്നു. മുന്നഭായ് എം.ബി.ബി.എസ്, പികെ എന്നു തുടങ്ങി വിധു ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.