പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ (68) അന്തരിച്ചു. ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. സംവിധായകൻ എന്ന നിലയിലാണ് ശ്രദ്ധ നേടിയതെങ്കിലും ഛായാഗ്രഹകനായും നടനായും വേലു പ്രാഭാകരൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തമിഴ് നാട്ടിലെ ജാതിയും ലൈംഗികതയും ഇതിവൃത്തമാക്കി ഇറങ്ങിയ 'കാതല്‍ അരംഗം' എന്ന ചിത്രം ഏറെ വിവാദമായിരുന്നു. പല ഭാഗങ്ങളും നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏതാനും സീനികള്‍ ഒഴിവാക്കിയും സംഭാഷണം മ്യൂട്ട് ചെയ്തും കാതല്‍ കഥൈ എന്ന പേരില്‍ റിലീസ് ചെയ്യുകയായിരുന്നു.
ഛായാഗ്രാഹകനായി സിനിമയില്‍ തുടക്കം കുറിച്ച വേലു പ്രഭാകരന്‍, 1989 ല്‍ നാളെയ മനിതന്‍ എന്ന സിനിമയിലൂടെയാണ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്നത്. പിറ്റേവര്‍ഷം ഇതിന്റെ തുടര്‍ച്ചയായി അതിശയ മനിതന്‍ എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്ന് ചെയ്ത അസുരന്‍, രാജാലി എന്നീ സിനിമകള്‍ പരാജയമായി.
കടവുള്‍, ശിവന്‍, ഒരു ഇയക്കുണരില്‍ കാതല്‍ ഡയറി എന്നിവ അദ്ദേഹത്തിന്റെ സിനിമകളായിരുന്നു. ഗാങ്സ് ഓഫ് മദ്രാസ്, കാഡവര്‍, പിസ്സ 3: ദി മമ്മി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.
നടിയും സംവിധായകയുമായ ജയാദേവിയെയാണ് ആദ്യം വിവാഹം കഴിച്ചത്. പിന്നീട് വിവാഹമോചനം നേടിയ വേലു പ്രഭാകരന്‍ 2017 ല്‍ ഷേര്‍ളി ദാസിനെ വിവാഹം കഴിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.