Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2015 9:04 PM IST Updated On
date_range 30 Nov 2015 9:04 PM ISTഒടുവിലത്തെ ആകാശവാണി സ്റ്റാഫ് കംപോസര്‍ പടിയിറങ്ങുന്നു; പതിനായിരം പാട്ടുകളോടെ
text_fieldsbookmark_border
പതിനായിരത്തോളം പാട്ടുകള്‍ സ്വന്തം ക്രെഡിറ്റില്‍ ചേര്‍ത്ത് നവംബര്‍ 30ന് ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അവസാനത്തെ സ്റ്ററാഫ് മ്യൂസിക് കംപോസറായ മുരളി സിതാര പടിയിറങ്ങുന്നതോടെ കേരള നിലയങ്ങളില്‍ അവശേഷിക്കുന്ന സ്റ്റാഫ് കംപോസര്‍ എന്ന തസ്തിക ഇനി ഒഴിഞ്ഞു കിടക്കും. ‘ഒരുകോടി സ്വപ്നങ്ങളാല്‍ തീര്‍ത്തൊരഴകിന്‍െറ മണിമഞ്ചലില്‍..’ എന്ന യേശുദാസ് പാടിയ പ്രശസ്തമായ ഗാനം (ചിത്രം: തീക്കാറ്റ്) 30 വര്‍ഷം മുമ്പ് ചെയ്യുമ്പോള്‍ മുരളി സിതാര ആകാശവാണിയില്‍ സ്റ്റാഫ് ആയിട്ടില്ല. 1991ലാണ് ആകാശവാണിയില്‍ കംപോസറാകുന്നത്. 24 വര്‍ഷത്തെ സേവനത്തിനിടെയാണ് ഇത്രയധികം പാട്ടുകള്‍ കംപോസ് ചെയ്തത്. ആകാശവാണിയില്‍ സ്റ്റാഫ് കംപോസര്‍മാരായിരുന്ന എം.ജി രാധാകൃഷ്ണനെക്കാളും പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിനെക്കാളും കൂടുതല്‍ പാട്ടുകള്‍ ഇദ്ദേഹത്തിന്‍െറ ക്രെഡിറ്റിലുണ്ട്. മ്യൂസിക് കംപോസിംഗിനുള്ള ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതസംവിധായകന്‍ കൂടിയാണ് മുരളി സിതാര. സംഗീതത്തിനായി ജീവിച്ച് അവസാനകാലം വരെ ദരിദ്രനായിത്തുടര്‍ന്ന മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്‍െറ മകനാണ് മുരളി സിതാര. വളരെ ദരിദ്രമായ ജീവിത ചുറ്റുപാടില്‍ നിന്നാണ് സംഗീതം പഠിച്ച് പ്രൊഫഷണല്‍ സംഗീതലോകത്തത്തെുന്നത്. കൊല്ലം പട്ടത്താനത്ത് കഴിയുന്ന കാലത്ത് യേശുദാസിന്‍െറ തിരുവനന്തപുരത്തെ ‘തരംഗനിസരി’ സംഗീതസ്കൂളില്‍ നിന്നാണ് കര്‍ണാടകസംഗീതവും വെസ്റ്റേണ്‍ വയലിനും പഠിച്ചത്. ഫീസ് കൊടുക്കാനില്ലാത്തതിനാലും വണ്ടിക്കൂലി ഇല്ലാത്തതിനാലും അവിടെ താമസിച്ചായിരുന്നു പഠനം. പണമുണ്ടാക്കാനായി പള്ളികളിലെ ക്വയറില്‍ പ്രവര്‍ത്തിച്ചു. 16 മണിക്കൂര്‍വരെയായിരുന്നു അക്കാലത്ത് പ്രാക്ടീസ് എന്ന് അദ്ദേഹം പറയുന്നു. പകല്‍ ത്യാഗരാജസ്വാമിയുടെയും ദീക്ഷിതരുടെയും കൃതികളാണെങ്കില്‍ രാത്രിയില്‍ ബിഥോവന്‍െറയും മൊസാര്‍ട്ടിന്‍െറയുമൊക്കെ സംഗീതരചനകളുടെ പ്രാക്ടീസിംഗ്. തുടര്‍ന്ന് ഗാനമേളകളിലൂടെ ശ്രദ്ധേയനായി. സിതാര ഓര്‍ക്കസ്ട്രയില്‍ പ്രവര്‍ത്തിച്ചാണ് മുരളി സിതാര എന്ന പേര് ലഭിക്കുന്നത്. ഗാനങ്ങളുടെ റെക്കോഡിംഗിനായി ചിത്രാജ്ഞലിയിലും തുടര്‍ന്ന് തിരുവനന്തപുരത്ത് തരംഗിണി തുടങ്ങിയപ്പോള്‍ അവിടെയും റെക്കോഡിംഗുകള്‍ക്ക് വയലിന്‍ വായിച്ചു. രവീന്ദ്രജയിന്‍, ഉഷാഖന്ന, എം.എസ്.വി, ദേവരാജന്‍ മാസ്സ്റ്റര്‍, രവീന്ദ്രന്‍, ജോണ്‍സണ്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്കുവേണ്ടി വയലിന്‍ വായിച്ചിട്ടുണ്ട്. ജെറി അമല്‍ദേവിന്‍െറ സംസ്ഥാന അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ് 1980ല്‍ തീക്കാറ്റ് എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനാകുന്നത്. ആകാശവാണിയിലത്തെിയതോടെ സിനിമയുമായുള്ള ബന്ധം നിലച്ചു. പിന്നെ ഇവിടമായിരന്നു ലോകം. ദിവസവും ഒന്നിലേറെ കംപോസിംഗുകള്‍. മാസം 25 ഗാനങ്ങള്‍ വരെ ചെയ്തു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവ കൂടാതെ വിവിധ പ്രോഗ്രാമുകള്‍ക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ ‘എഴുതിരി കത്തും നാളങ്ങളില്‍’, കെ.ജയകുമാറിന്‍െറ ‘കളഭമഴയില്‍ ഉയിരുമുടലും’, ശരത് വയലാറിന്‍െറ ‘അംഗനേ ഉദയാംഗനേ’ തുടങ്ങിയ ശ്രദ്ധേയമായ ഗാനങ്ങള്‍ ആകാശവാണി ശ്രോതക്കള്‍ക്ക് മറക്കാനാവാത്തതാണ്. തന്‍െറ ലളിതഗാനം കേട്ട് വയലാറിന്‍െറ ഭാര്യ ഭാരതിതമ്പുരാട്ടി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് ജീവിതത്തിലെ വലിയ അംഗീകാരമായി കാണുന്നു ഇദ്ദേഹം. ഒ.എന്‍.വി, മുല്ലനേഴി, ശ്രീകുമാരന്‍ തമ്പി, രമേശന്‍ നായര്‍, കൈതപ്രം തുടങ്ങി 500ലേറെ ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ കംപോസ് ചെയ്തു. യേശുദാസ്, ജയചന്ദ്രന്‍, ചിത്ര, ബ്രഹ്മാനന്ദന്‍,എം.ജി. ശ്രീകുമാര്‍, അരുന്ധതി, ലതിക തുടങ്ങി ആയിരത്തോളം ഗായകരെക്കൊണ്ട് പാട്ടുകള്‍ പാടിച്ചിട്ടുണ്ട്. കര്‍ണാടകസംഗീതത്തിലെ 72 മേളകര്‍ത്താരാഗങ്ങളിലും പാട്ടുകള്‍ കംപോസ് ചെയ്ത അപുര്‍വ നേട്ടവും മുരളി സിതാരക്കുണ്ട്. തീക്കാറ്റ്, മാന്‍മിഴയാള്‍, വംശാന്തരം, ഓലപ്പീലി തുടങ്ങിയ ചിത്രങ്ങളിലും നിരവധി നാടകങ്ങളിലും സംഗീതസംവിധായകനായിരുന്ന മുരളി സിതാര ഇന്നും ഗാനമേളകളില്‍ സജീവമാണ്. ഇപ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ താമസിക്കുന്ന മുരളിയുടെ മകന്‍ മിഥുന്‍ മുരളി ലണ്ടനില്‍ പഠിച്ച കീബോര്‍ഡ് പ്രോഗ്രാമറാണ്. സംഗീത ലോകത്ത് തുടരാനും സിനിമാ ബന്ധം തുടരാനുമാണ് അദ്ദേഹത്തിന്‍െറ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story