അഭി ന ജാവോ ഛോഡ് കർ കേ ദിൽ അഭി ഭര നഹി
text_fields‘സുഹാനി രാത് ഢൽ ചുക്കി
നാ ജാനേ തും കബ് ആഓഗേ...’
റഫി പാടുകയാണ്. ഇന്നും കാലം മൂളി നടക്കുന്ന ഒരീണമാണ് മുഹമ്മദ് റഫിയുടേത്. ഫീക്കോ എന്ന ബാലനിൽനിന്ന് ഇന്ത്യൻ സംഗീതചരിത്രത്തിലേക്കുള്ള മുഹമ്മദ് റഫിയുടെ യാത്രയിൽ ഒരിക്കൽപോലും കാലിടറിയില്ല. 40 കൊല്ലത്തില്‍ ഏതാണ്ട് അഞ്ച് കൊല്ലത്തെ ഇടവേളയൊഴിച്ചാൽ ഇന്ത്യയില്‍ റഫി യുഗമായിരുന്നു. പകരം വെക്കാനില്ലാത്ത സ്വരമാധുര്യം. 26,000 ഗാനങ്ങളോളം റഫി പാടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പക്ഷേ, ഇതില്‍ ഗവേഷകർ കണ്ടെത്തിയത് ആകെ 7405 പാട്ടുകളാണ്. ഒരിക്കല്‍ സൈഗാളിന്റെ സംഗീത കച്ചേരി കേള്‍ക്കാന്‍ റഫി പോയിരുന്നു. എന്നാൽ, വൈദ്യുതി തകരാർ കാരണം പരിപാടി അവതരിപ്പിക്കാന്‍ സൈഗാള്‍ തയാറായില്ല. അക്ഷമരായ ആസ്വാദകർക്കായി റഫി സൈഗാളിന്റെ ഒരു പാട്ട് പാടി. അതാണ് മുഹമ്മദ് റഫിയുടെ ആദ്യത്തെ പൊതു സംഗീതപരിപാടി.
‘ഗുലാബി ആംഖേം ജോ തേരി ദേഖി’ എന്ന ഗാനത്തിലെ എനർജറ്റിക് റഫി, ഈറന്‍ കണ്ണുകളോടെ ‘ഓ ദുനിയാ കേ രഖ് വാലേ’ പാടിയ റഫി, ഗിറ്റാർ വായിച്ച് ‘ബാർ ബാർ ദേഖോ’ പാടി പ്രേക്ഷകരെ കൈയിലെടുത്ത റഫി, ‘ലിഖേ ജോ ഖത് തുഛെ’ എന്ന ഗാനത്തിലെ പ്രണയിതാവായ റഫി, ‘യാദ് നാ ജാ യേ ബീത്തേ ദിനോം കി’ ഗാനത്തിൽ പ്രണയനൈരാശ്യത്തിൽ പാടുന്ന റഫി... കഥാപാത്രം ഏതായാലും അവരിലേക്ക് എളുപ്പം ഇഴുകിച്ചേരാൻ റഫിക്ക് സാധിച്ചിരുന്നു.
റഫിയുടെ ഓരോ ഗാനത്തിനു പിന്നിലും ഓരോ കഥയുണ്ട്. അത് അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാകാം, അല്ലെങ്കിൽ ചിത്രീകരണ സമയത്ത് നടന്ന സംഭവങ്ങളാകാം. മഹാത്മാഗാന്ധി വധത്തിന് ശേഷം ഒറ്റരാത്രികൊണ്ട് രൂപപ്പെടുത്തിയ ‘സുനോ സുനോ എ ദുനിയാ വാലോ’ എന്ന ഗാനം ദേശീയതയും ഗാന്ധിജിയോടുള്ള സ്നേഹവും നിറഞ്ഞതായിരുന്നു. ഈ പാട്ട് പാടുന്നതിനായി ജവഹര്‍ലാല്‍ നെഹ്റു റഫിയെ തന്റെ വസതിയിലേക്ക് ക്ഷണിക്കുകയും സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വെള്ളിമെഡല്‍ സമ്മാനിക്കുകയും ചെയ്തു.
ചൗധ് വി കാ ചാന്ദ് ഹോ യാ ആഫ്താബ് ഹോ
ബോംബേ രവി സംഗീതം നൽകി, ഷക്കീൽ ബദായുനി എഴുതിയ ‘ചൗധ് വി കാ ചാന്ദ് ഹോ’ ചിത്രത്തിലെ ‘ചൗധ് വി കാ ചാന്ദ് ഹോ യാ ആഫ്താബ് ഹോ...’ എന്ന ടൈറ്റിൽ ഗാനത്തിന് റഫിയുടെ മാന്ത്രിക ശബ്ദം ചേർന്നു. ഒരു സൗന്ദര്യ വർണന വേണമെന്ന് മാത്രമായിരുന്നു സംവിധായകൻ മുഹമ്മദ് സാദിഖ് ആവശ്യപ്പെട്ടത്. ബോംബെ രവി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സിനിമയുടെ പേര് ഗാനത്തിൽ ഉൾപ്പെടുത്തിയാൽ നന്നാവുമെന്ന് ചിന്തിക്കുന്നത്. അങ്ങനെയാണ് ‘ചൗധ് വി കാ ചാന്ദ്’ എന്ന വരിയിൽ തുടങ്ങുന്ന ഒരു ഗാനം ചിട്ടപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുന്നത്. വീട്ടിലെത്തിയ ഉടൻ ആദ്യ വരിക്ക് ഈണം നൽകി. ഷക്കീൽ ബദായുനി വന്നപ്പോൾ രവി ഹാർമോണിയം വായിച്ച് ‘ചൗധ് വി കാ ചാന്ദ്’ എന്ന് പാടി. നിമിഷങ്ങൾക്കകം ഷക്കീൽ ബദായുനി യാ ആഫ്താബ് ഹോ എന്ന വരി കൂട്ടിച്ചേർത്തു. രവി ഉടൻതന്നെ ആ വരിക്ക് ഈണം നൽകി പാടി. അടുത്ത നിമിഷം ഷക്കീൽ ‘ജോ ഭി ഹോ തും ഖുദാ കി കസം ലാ ജവാബ് ഹോ’ എന്ന് പാടി. അങ്ങനെയാണ്‘ ചൗധ് വി കാ ചാന്ദ്’ എന്ന ഗാനം ഉണ്ടാവുന്നത്.
ലതയുമായുള്ള പിണക്കം
‘ഝിൽമിൽ സിതാരോം കാ ആംഗൻ ഹോഗാ
റിമ്ജിം ബറസ്താ സാവൻ ഹോഗാ...’
ജീവിതത്തിൽ ഒരിക്കലേ റഫി ഒരാളോട് പിണങ്ങിയിട്ടുള്ളൂ. അത് ലതാ മങ്കേഷ്കറോടായിരുന്നു. റോയൽറ്റിയുടെ പേരിലുള്ള ആ പിണക്കം അൽപം നീണ്ടുനിന്നു. ‘മായ’ എന്ന സിനിമയുടെ റെക്കോഡിങ് വേളയില്‍ അവര്‍ തമ്മില്‍ കലഹിച്ചു. ഇനിയൊരിക്കലും റഫിക്കൊപ്പം പാടില്ലെന്ന് ലത പരസ്യ പ്രഖ്യാപനം നടത്തി. എന്നാല്‍, ലത എന്ന മികച്ച ഗായികക്കൊപ്പം തുടര്‍ന്നും പാടുന്നതില്‍ മടിയില്ലെന്നും അവരുടെ ചില നിലപാടുകളോട് മാത്രമാണ് എതിര്പ്പെന്നുമായിരുന്നു റഫി പറഞ്ഞത്. ആറ് വര്‍ഷത്തോളം അവർ ഇരുവരും ഒരുമിച്ച് പാടിയില്ല. ഏറ്റവും കൂടുതൽ യുഗ്മ ഗാനങ്ങൾ ലതാ മങ്കേഷ്കറോടൊപ്പം പാടിയ റെക്കോഡ് മുഹമ്മദ് റഫിയുടെ പേരിലാണ്. ഈ രണ്ടു പേർക്കും ഒരേ ഗാനത്തിന്റെ വ്യത്യസ്ത പതിപ്പുകൾ പാടാൻ അവസരം ലഭിച്ച ചില അപൂർവ ഗാനങ്ങളുമുണ്ട്!
1961ലെ ‘ജബ് പ്യാർ കിസീ സേ ഹോതാ ഹേ’ എന്ന ചിത്രത്തിലെ ‘ജിയ ഓ ജിയ ഓ ജിയ കുച്ച് ബോൽ ദോ...’ എന്ന ടൈറ്റിൽ ഗാനത്തിന്റെ രണ്ട് പതിപ്പുകളും വേഗത്തിലുള്ളതാണെങ്കിലും, ഒരു പതിപ്പ് സന്തോഷവും മറ്റേത് ദുഃഖവും പകരുന്നു.1965ൽ ഇറങ്ങിയ ‘ഭിഗീ രാത്’ എന്ന ചിത്രത്തിലെ ‘ദിൽ ജോ നാ കെഹ് സകാ... വോഹി റാസ് എ ദിൽ... കെഹ്നേ കി രാത് ആയി...’ എന്ന ഗാനത്തിൽ റഫി വേദനിച്ച് പാടുമ്പോൾ മറുവശത്ത് ലതാജി പ്രണയമൊരുക്കുന്നു. 1969ലെ യക്കീൻ എന്ന സിനിമയിലെ ‘ഗർ തും ഭൂലാ ന ദോഗെ...’ എന്ന മെലഡി ഗാനത്തിനും രണ്ട് പതിപ്പുകളുണ്ട്. രണ്ടും സന്തോഷകരമായ മാനസികാവസ്ഥയിലാണ് ആലപിച്ചിരിക്കുന്നത്. 1969ൽ തന്നെ ഇറങ്ങിയ ചിരാഗിലും റഫി-ലത ഒരുമിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ ‘തേരി ആംഖോം കേ സിവ ദുനിയാ...’ എന്ന ഗാനം ആശാ പരേഖിന്റെ കണ്ണുകളുടെ ഭംഗി സുനിൽ ദത്ത് വിവരിക്കുന്ന രീതിയിൽ റഫി ആലപിച്ചപ്പോൾ, കാഴ്ച നഷ്ടപ്പെട്ട ആശാ പരേഖിനായി ലത ദുഃഖകരമായ ഗാനം ആലപിച്ചു. രണ്ട് പതിപ്പുകളും മനോഹരമാണെങ്കിലും റഫി പതിപ്പാണ് കൂടുതൽ ജനപ്രിയമായത്.
‘പഗ് ല കഹിൻ കാ’യിലെ ‘തും മുഝേ യുൻ ഭൂല ന പാവോഗെ...’, ഗസലിലെ ‘നഗ്മ ഓ ഷേർ കി സൗഗാത് കിസേ പേഷ് കരൂൺ...’, ദീദാറിലെ ‘ബച്ച്പൻ കേ ദിൻ ഭൂല ന ദേനാ...’ അങ്ങനെ എത്രയെത്ര പാട്ടുകൾ. ‘ഒരു സ്റ്റുഡിയോയിലെ റെക്കോഡിങ് കഴിഞ്ഞാലുടന്‍, ഞങ്ങള്‍ അടുത്ത സ്റ്റുഡിയോയിലേക്ക് പോകും. മിക്കവാറും ഭക്ഷണം പോലും കഴിക്കാന്‍ സമയമുണ്ടാവില്ല.’ ലത മങ്കേഷ്കർ ഒരിക്കലൊരു അഭിമുഖത്തിൽ പറഞ്ഞതാണിത്. ഇരുവരും ചേർന്ന് 400ലേറെ പാട്ടുകള്‍ പാടിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ഒരേയൊരു മലയാളം ഗാനം
ഒരു മലയാളം ചിത്രത്തിലേ റഫി പാടിയിട്ടുള്ളൂ. അതും ഒരു ഹിന്ദി ഗാനം. 80കളില്‍ റിലീസായ ‘തളിരിട്ട കിനാക്കള്‍’ എന്ന ചിത്രത്തിലാണ് ‘ഷബാബ് ലെകേ വോ’ എന്ന് തുടങ്ങുന്ന ഹിന്ദി പാട്ട് റഫി പാടിയത്. റഫിയുടെ ശബ്ദത്തിനൊപ്പം ചുണ്ടുകള്‍ ചലിപ്പിച്ച് അഭിനയിച്ചത് കുതിരവട്ടം പപ്പുവായിരുന്നു. മുഹമ്മദ് റഫിയെ സിനിമയിലേക്ക് പാട്ടുപാടാൻ വിളിച്ചത് സംഗീതസംവിധായകൻ ജിതിൻ ശ്യാം. പടത്തിന്റെ നിർമാതാവായ അബ്ദുൽ ഖാദറിന് റഫിയുമായുള്ള അടുത്ത സൗഹൃദമാണ് അതിന് വഴിയൊരുക്കിയത്. ഭാഷ അറിയാതെ പാടിയാല്‍ പൂർണത ലഭിക്കില്ലെന്ന് പറഞ്ഞ് നിരസിച്ച റഫിക്ക് വേണ്ടി ജിതിനും അബ്ദുൽ ഖാദറും അടവൊന്ന് മാറ്റിപ്പിടിച്ചു. മലയാളം ബുദ്ധിമുട്ടാണെങ്കില്‍ പകരം ഒരു ഹിന്ദിപ്പാട്ട് പാടിയാൽ മതിയെന്നായി.
റെക്കോഡിങ് കഴിഞ്ഞപ്പോഴാണ് അടുത്ത പ്രശ്നം. സിനിമയിലെ നായിക ഹിന്ദി നടി തനൂജയാണെങ്കിലും അവര്‍ മലയാളി വീട്ടമ്മയാണ്. അവര്‍ക്ക് ഹിന്ദി പാട്ട് ചേരില്ല. ഒടുവില്‍ സംവിധായകന് സിനിമയില്‍ ഒരു സ്വപ്നരംഗം കൂട്ടിച്ചേർത്തു. ഉപനായികയായ മധുമാലിനിയുടെ സ്കര്‍ട്ടും ടോപ്പും ധരിച്ച് കണ്ണാടിയില്‍ നോക്കി സ്വപ്നം കാണുന്ന വീട്ടുവേലക്കാരിയായ അടൂര്‍ ഭവാനിയുടെ കഥാപാത്രം, പശ്ചാത്തലത്തിൽ ടേപ് റെക്കോഡറില്‍ റഫിയുടെ ഗാനം. ഭാവനയില്‍ ആ പാട്ടിനൊത്ത് ചുണ്ട് ചലിപ്പിച്ച് ചുവടുകള്‍ വെക്കുന്ന കുതിരവട്ടം പപ്പുവും അടൂര്‍ ഭവാനിയും. അങ്ങനെ റഫി പാടിയ ഏക മലയാള ചിത്രം എന്ന ബഹുമതി ‘തളിരിട്ട കിനാക്കള്‍ക്ക്’ ലഭിച്ചു.
എനിക്കെന്റെ ശബ്ദം നഷ്ടപ്പെട്ടു
‘എന്റെ സൂക്ഷ്മചലനങ്ങൾ പോലും ആഴത്തിൽ ഉൾക്കൊണ്ടാണ് റഫി പാടുക. ഞാൻ കൈ വീശുന്നതും കാലുകൾ ചലിപ്പിക്കുന്നതും തല വെട്ടിക്കുന്നതും എല്ലാം റഫി മനസ്സിൽ കാണും. അജ്ഞാതമായ എന്തോ ഒരു രസതന്ത്രം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു’ -ആത്മകഥയിൽ ഷമ്മി കപൂർ എഴുതിയത്.‘യേ ചാന്ദ് സാ റോഷൻ ചെഹരാ’, ‘ഇഷാരോം ഇഷാരോം’ (കശ്മീർ കി കലി), ‘ബദൻ പേ സിതാരേ’ (പ്രിൻസ്), ‘ആജ്കൽ തെരേ മേരെ’, ‘മേ ഗാവൂം തും സോ ജാവോ’ (ബ്രഹ്മചാരി)... റഫിയായിരുന്നു എക്കാലവും ഷമ്മിയുടെ സ്ക്രീൻ വോയ്സ്. ‘എനിക്കെന്റെ ശബ്ദം നഷ്ടപ്പെട്ടു’ എന്നാണ് റഫിയുടെ വിയോഗമറിഞ്ഞപ്പോള്‍ ഷമ്മി കപൂര്‍ പറഞ്ഞത്.
ഷമ്മി കപൂറും വൈജയന്തിമാലയും അഭിനയിച്ച് റഫി പാടി 1969ൽ പുറത്തിറങ്ങിയ പ്രിൻസ് എന്ന ചിത്രത്തിലെ ‘ബദൻ പേ സിതാരേ’ എന്ന ഗാനത്തിന് പിന്നിലും ഒരു കഥയുണ്ട്. ഈ ഗാനത്തിന് സംഗീതം നൽകിയത് ശങ്കർ-ജയ്കിഷൻ കൂട്ടുകെട്ടും, വരികളെഴുതിയത് ഹസ്രത് ജയ്പുരിയുമാണ്. ഈ ഗാനത്തിന്റെ വരികൾക്ക് ഹസ്രത് ജയ്പുരിക്ക് പ്രചോദനമായത് അദ്ദേഹം റഷ്യയിലോ മറ്റോ കണ്ട ഒരു കാഴ്ചയാണ്. സ്റ്റേജ് ഷോ കാണുന്നതിനിടെ, നക്ഷത്രങ്ങൾ പതിച്ച തിളക്കമുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീയെ അദ്ദേഹം കണ്ടു. ആ രംഗം അദ്ദേഹത്തിൽ ഒരുപാട് സ്വാധീനം ചെലുത്തി.
ആ നിമിഷം തന്നെ ശങ്കർ-ജയ്കിഷനോട് ഈ സാഹചര്യത്തിന് ചേരുന്ന വരികൾ എഴുതാൻ ആവശ്യപ്പെട്ടു. എന്നാൽ, ഹസ്രത് തന്നെ ‘ബദൻ പേ സിതാരേ ലപേടേ ഹുയേ...’ എന്ന് എഴുതുകയായിരുന്നു. ഷമ്മി കപൂറിന്റെ എനർജറ്റിക് പ്രകടനവും മുഹമ്മദ് റഫിയുടെ ആലാപനവും കൂടി ആയപ്പോൾ ഹിന്ദി സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി ഈ ഗാനം മാറി. എത്ര ഗാനങ്ങളാണ് റഫിയുടെ സംഗീതസപര്യയില്‍ ഇന്നും തെളിമയോടെ നിലനില്‍ക്കുന്നത്. അദ്ദേഹത്തിന്റെ ശബ്ദം കാലാതീതമായി ജീവിക്കുന്നു. ഒപ്പം ഇന്ത്യൻ സംഗീതത്തിന് അദ്ദേഹം നൽകിയ പാട്ടുകളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.