വെൺമുകിലേതോ കാറ്റിൻകൈയിൽ യാത്രയിലെന്നപോലെ
text_fieldsപി. ജയചന്ദ്രൻ
എകാന്തതയിലിരുന്ന് പാട്ട് കേൾക്കുന്നവരാണ് ഗായകൻ പി. ജയചന്ദ്രന്റെ പ്രതീക്ഷിത ശ്രോതാക്കൾ. ജയചന്ദ്ര ശ്രുതികളിൽ മോഹത്തിന്റെയും മോഹഭംഗത്തിന്റെയും നഷ്ടബോധത്തിന്റെയുമൊക്കെ സ്വർണവർണ രാജികൾ കൂട്ടിക്കലർന്നിരുന്നു. അനുരാഗത്തിന് ഏകാന്ത ഭാഷണത്തിന്റെ സ്വരനിറം പകർന്ന ആ നാദത്തിൽ വികാരങ്ങളുടെ അനന്യതകളുണ്ടായിരുന്നു. മനുഷ്യന്റെ ശബ്ദത്തിൽ പാടി നിറഞ്ഞതിനാലാകണം ജയചന്ദ്രന്റെ കൂടുതൽ ഗാനങ്ങൾ നമ്മളെ ആഴത്തിൽ തൊട്ടിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ നഷ്ടബോധത്തിന്റെയും ഗൃഹാതുരതയുടെയുമൊക്കെ വ്യഥിതാലാപനമായിരുന്നു ജയചന്ദ്രന്റെ ഗാനങ്ങൾ. എത്രയോ ഗാനങ്ങളിൽ ജയചന്ദ്രന്റെ വിഷാദ കാമുകസ്വരം അതിന്റെ മികവ് പ്രകടിപ്പിക്കുന്നു. ഹൃദയത്തിൽ രാഗാലാപനമായ സുഗമ സംഗീതമായിരുന്നു അത്. അനുഭൂതികൾ നിറഞ്ഞതാണ് ജയചന്ദ്രന്റെ പാട്ടുലോകം. സാഹിത്യമറിഞ്ഞ് പാടാനുള്ള കഴിവാണ് ജയചന്ദ്രനെ മറ്റ് ഗായകരിൽനിന്ന് വ്യത്യസ്തനാക്കുന്നത്. ഉച്ചരിക്കുന്ന വാക്കുകളിലെ ഭാവലയഭംഗികൾക്കായിരുന്നു അദ്ദേഹം പ്രാധാന്യം കൊടുത്തത്. ഭാഷയേക്കാൾ പാട്ടിന്റെ ഭാവത്തിന് ഊന്നൽ നൽകി.
ഗസൽ സംസ്കൃതിയുടെ ഭാഷയായിരുന്നു ജയചന്ദ്രഗീതികൾക്ക്. പാട്ടുകളിൽ അദ്ദേഹം അത്രമാത്രം ഇംപ്രവൈസേഷൻ നടത്തിയതിന്റെ രഹസ്യവുമതായിരുന്നു. അദ്ദേഹത്തിന്റെ ആലാപനത്തിന്റെ സ്രോതസ്സ് കാവ്യഭാവനാ മഞ്ജരികളും കൽപനതൻ മണിമഞ്ജുഷയുമായിരുന്നു.
ശബ്ദത്തിന്റെ ഭാവം ആ ഗാനങ്ങളെ അത്യന്തം സ്വാധീനിച്ചിരുന്നു. കോരിത്തരിക്കുമെൻ മലയാളത്തിന്റെ കുളിരിൽ ഞാനലിഞ്ഞോട്ടെ എന്ന് അദ്ദേഹം മനമറിഞ്ഞു പാടി. പാട്ടിൽ ജയചന്ദ്രൻ ഒളിപ്പിച്ചുവെച്ച പ്രസാദാത്മകതകൾ അത്രമാത്രമായിരുന്നു. വിഷാദസ്മരണയുടെ ഗദ്ഗദം നിറയുന്ന പാട്ടായാലും അതിലും ഇത്തരമൊരു പ്രസാദാത്മകത കണ്ടെടുക്കാനാവും. കരിമുകിൽക്കാട്ടിലെ, മഞ്ഞലയിൽ മുങ്ങിത്തോർത്തി, ഏകാന്തപഥികൻ ഞാൻ, ഏകാകിയാം നിന്റെ... അങ്ങനെ ഏത് ഗാനമായാലും ഈ ഗദ്ഗദം മുഴങ്ങുന്നുണ്ട്. കരയിൽ ഒറ്റക്കുനിൽക്കുന്നവന്റെ ആത്മവ്യഥകൾ ജയചന്ദ്രന്റെ ഗാനങ്ങളിൽ സാന്ദ്രമായി.
എങ്കിലും ബഹുസ്വരമായ പാട്ടിന്റെ വൈകാരികതകൾ അദ്ദേഹത്തിന്റെ പാട്ടുകളിൽ പ്രകടമായിരുന്നു. ‘നിൻമണിയറയിലെ’ പ്രണയ പ്രഫുല്ലതകൾ, ‘റംസാനിലെ ചന്ദ്രികയോ’ എന്ന പാട്ടിലെ തരള വിലോലതകൾ, ‘സന്ധ്യക്കെന്തിന് സിന്ദൂര’ത്തിലെ ലയനിർദരതകൾ, ‘മൃദുലേ ഇതാ’യിലെ രാഗമേഖലകൾ, ‘മംഗലപ്പാലതൻ’ എന്ന പാട്ടിലെ സൗമ്യ സുഗന്ധങ്ങൾ, ‘ഉത്സവക്കൊടിയേറ്റക്കേളി’യിലെ രജനീഹൃദന്തം എന്ന ഭാഗത്തെ നാദകേളികൾ, ‘ഏകാകിയാം നിന്റെ’ എന്ന പാട്ടിലെ വിഷാദസ്മൃതികൾ, ‘നീല മലപ്പൂങ്കുയിലേ’ എന്ന് പാടുന്നതിലെ താരാട്ടുവാത്സല്യാനുശ്രുതികൾ, ‘ഹൃദയേശ്വരി’ എന്ന പാട്ടിലെ നെടുവീർപ്പുകൾ, ഏകാന്ത പഥികനി’ൽ കിനിയുന്ന സങ്കടത്തുള്ളികൾ, ‘ഒന്നിനിശ്രുതി താഴ്ത്തി’ എന്ന പാട്ടിലെ നിത്യ ജാഗ്രതകൾ, ‘കണ്ണടച്ചാലും കണ്ണുതുറന്നാലും’ എന്ന പാട്ടിലെ പ്രേമനേരങ്ങൾ, ‘സ്വർണ ഗോപുര നർത്തകീ ശിൽപം’ എന്ന പാട്ടിലെ സഫല സായൂജ്യങ്ങൾ, ‘അനുരാഗ ഗാനംപോലെ’യിലെ അനായാസതകൾ, ‘വിഘ്നേശ്വരാ’ എന്ന ഗാനത്തിലെ ഭക്തിനിർവൃതികൾ, ‘കേവല മർത്യഭാഷ’യിലെ അലൗകികാനുഭൂതികൾ, ‘വ്രീളാഭരിതയായ്’ എന്ന പാട്ടിലെ കാവ്യാനുരാഗങ്ങൾ, ‘കരിമുകിൽ’, ‘മഞ്ഞലയിൽ’ എന്നിവയിലെ മന്ത്രമ ധുരമോഹനങ്ങൾ, ‘പ്രായം തമ്മിൽ’ എന്ന ഗാനത്തിലെ ദ്രുതവേഗലയങ്ങൾ, ‘മറന്നിട്ടുമെന്തിനോ എന്ന പാട്ടിലെ മൗനാനുരാഗങ്ങൾ, ‘പിരിയാൻ വയ്യാപ്പക്ഷികളായ്’ എന്ന ഗാനത്തിലെ പ്രണയവിരഹങ്ങൾ. അങ്ങനെ പാട്ടിൽ വൈകാരികതകളുടെ വ്യത്യസ്ത ഭാവങ്ങൾ സംയോജിപ്പിക്കാൻ ജയചന്ദ്രന് കഴിഞ്ഞു.
‘ഇന്ദുമുഖീ ഇന്നു രാവിൽ എന്തു ചെയ്തു നീ,’ ‘പൂർണേന്ദു മുഖിയോടമ്പലത്തിൽവച്ചു’ ‘ഇന്ദുമുഖീ എന്തിനിന്ന് നീ സുന്ദരിയായ്’, ‘ഇന്ദുവദനേ നിന്റെ നീരാട്ടുകടവിൽ’ എന്നീ ഗാനങ്ങളിലെ ഇന്ദുമുഖികൾക്ക് എന്തുമാത്രം വ്യത്യസ്തതകൾ ആണ്. അവയിലുള്ള ആലാപനത്തിലെ ഭാവദൂരങ്ങൾ എടുത്തുപറയേണ്ടവയാണ്. താളം എന്നും ജയചന്ദ്രഗീതികളിലെ സ്ഥായിയായിരുന്നു. അതിനാൽ പുറത്ത് ഏത് വേദിയിൽ പാടിയാലും ഇംപ്രവൈസേഷൻ നടത്തിയപ്പോൾ താളമകന്നുപോയാലും പാട്ടിനവസാനത്തിലേക്ക് താളഘടനകളെ തിരിച്ചുകൊണ്ടുവരാനുള്ള കഴിവുണ്ടായിരുന്നു. താളമെന്നത് ആ ആലാപനത്തിലെ ആന്തര ഘടകമായി ഗായകൻ തിരിച്ചറിഞ്ഞിരുന്നു.
ഗാനങ്ങളിൽ ഇരട്ടിപ്പുള്ള അക്ഷരങ്ങളെ സ്ഫുടംചെയ്തു ഉച്ചരിക്കുന്ന രീതി ജയചന്ദ്രനാലാപനത്തിലെ സവിശേഷതയാണ്. ‘ഇഷ്ട പ്രാണേശ്വരി’യിലെ ‘ഷ്ട’യും ‘അഷ്ടപദിയിലെ ഗായികേ’യിലെ ‘ഷ്ട’യും ‘അമ്മ മനസ്സിലെ ‘സ്സ’യുമൊക്കെ ശ്രദ്ധിച്ചാലറിയാമിത്. പാട്ടിലെ ചിലയിടങ്ങളിൽ, അത് സംഗീതസംവിധായകർ നിർദേശിച്ചാലുമില്ലെങ്കിലും അദ്ദേഹം നൽകുന്ന ഊന്നലും മൂളലും ഒഴുകലും അയയലും മുറുകലുമൊക്കെ പാട്ടിന് നൽകുന്ന ചാരുതകൾ വേറെത്തന്നെയായിരുന്നു.
‘തൊട്ടേനെ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനെ ഞാൻ’ എന്ന വരിയിലെ ‘ഞാൻ’ എന്ന ഭാഗത്തെ ഒഴുക്കിലേക്കാണ് മാധുരി എന്ന ഗായികയുടെ ശബ്ദം വന്നുചേരുന്നത്. ‘ഹൃദയേശ്വരി’ എന്ന പാട്ടിലെ അനുപല്ലവിയിലെ ‘രജനീ ഗന്ധിയാം പുഷ്പം’ എന്ന ഭാഗത്തും ചരണത്തിലെ ‘എനിക്കുള്ളതാം പത്മരാഗം’ എന്ന ഭാഗത്തുമുള്ള സ്വരമാധുര്യം എടുത്തുപറയേണ്ടതാണ്. ‘നീലഗിരിയുടെ സഖി’കളെ എന്ന പാട്ടിലെ ‘ആഹാ ഹാ, ആഹാഹാ’ എന്ന ഹമ്മിങ്ങുകളിലെ അനിർവചനീയമായ ആനന്ദ നിർവൃതികൾ പറയാനെളുപ്പമല്ല. ആർദ്രമധുരമാണ് ജയചന്ദ്രഗീതികൾ. പട്ടുപോലെ സ്നിഗ്ധവും മുഗ്ധവുമായ ആലാപനത്തിന്റെ അലകൾ ആ ഗാനങ്ങളിൽ നിലയില്ലാത്ത സൗമ്യ തരംഗങ്ങൾ തീർത്തു. ‘ഹരിതതീരം മലരു ചൂടി’ എന്ന ലളിതഗാനത്തിലെ പ്രകൃതി വീണ്ടും തരുണിയായി എന്ന ഭാഗത്തിൽ ‘തരുണിയായി’ എന്ന വാക്ക് ഓരോ തവണയും പാടി സമർപ്പിക്കുന്നതിന്റെ ചേലൊന്ന് വേറെയാണ്.
നേർത്തുതുളുമ്പുന്ന മഴയെ അനുയാത്ര ചെയ്യുന്ന കാറ്റ് പോലെയാണ് ജയചന്ദ്രന്റെ ഗാനങ്ങൾ. പ്രണയത്തെയും വിരഹത്തെയുമൊക്കെ ദീപ്തമാക്കുന്ന ഒരു കാറ്റിന്റെ സംവഹനം ജയചന്ദ്രന്റെ പല ഗാനങ്ങളിലുമുണ്ട്. ‘കാറ്റേ നീ കാഞ്ചീപുരം പട്ടിൽ മുഖമണയ്ക്കൂ’, ‘കാറ്റേ നീ ഞാനായ് പോയാ പൂക്കുട തുറന്നു നോക്കൂ’ എന്നുമൊക്കെ ആലപിക്കുന്ന ശബ്ദ സംഗീതത്തിൽ കാമുകന്റെ മധുരവിചാരങ്ങൾ കൂടി കലർന്നിട്ടുണ്ട്.
‘കാറ്റു വന്നു നിന്റെ കാമുകൻ വന്നു’ എന്ന പാട്ട് കേൾക്കവെ അവിടെ പ്രേമാനുഭൂതിയുടെ ക്ഷണികത സമൂർത്തമാവുകയാണ്. പ്രണയോപനിഷത്തിൽ കൈയക്ഷരങ്ങൾ പ്രണയിനിയുടെ നുണക്കുഴിപ്പൂ മൂടും കുറുതിരകളാണെന്നും കാറ്റ് വന്നവയുടെ രചനാഭംഗികൾ മാറ്റുവാൻ എന്തിനനുവദിച്ചു എന്നുമൊക്കെ സന്ദേഹിക്കുന്ന കാമുകനിനവുകളിൽ ആത്മഭാവം പൂകുകയാണൊരു ജയചന്ദ്രഗീതം.
‘വെൺ മുകിലേതോ കാറ്റിൻ കൈയിൽ യാത്രയിലെന്നപോലെ’ എന്ന പാട്ടിൽ ശോകത്തിന്റെ കാറ്റങ്ങനെ വിശുകയാണ്. ‘കാറ്റുപോലെ, കുളിരുപോലെ സ്നേഹഭാവം വീണ്ടും ജീവിതങ്ങളിലഴകു ചാർത്താൻ കാത്തിരിക്കുന്നു’ എന്ന പാട്ടിലെ കാറ്റിൽ നിറയുകയാണ് സ്നേഹ സംഗീതത്തിന്റെ മാറ്റ്. ‘കാറ്റും നിന്റെ പാട്ടും ഒരേ രാഗത്തിൽ ഒരേ താളത്തിൽ തമ്മിലൊഴുകിയൊഴുകിയൊരാ സന്ധ്യയിൽ’ എന്ന് ജയചന്ദ്രൻ പാടുമ്പോൾ (അമ്മക്കൊരു താരാട്ട് എന്ന സിനിമ) പ്രണയികൾ പങ്കിടുന്ന ആര്യസമാഗമ വ്യഥകൾ നാംകൂടി അറിയുകയാണ്.
ഇങ്ങനെ കാറ്റെന്ന കാമുകൻ ജയചന്ദ്ര ഗീതികൾക്ക് ഓർമകളുടെ ഒരു പൂക്കുട സമ്മാനിക്കുന്നു. കാറ്റും ജയചന്ദ്രന്റെ മധുരസ്വരവും ഒന്നായി നമ്മെ നഷ്ട സ്മൃതികളിലേക്ക് ആനയിക്കുന്നു. തനിക്കാവുന്നവരുടെ ഏകാന്ത വിഷാദ നൊമ്പരങ്ങൾക്ക് ശ്രുതി മീട്ടുന്നത് എവിടെനിന്നോ മധുരമായി പാടി വിളിക്കുന്ന കാറ്റിന്റെ പല്ലവികളാണെന്ന് തോന്നും ജയചന്ദ്രന്റെ പാട്ടുകൾ കേൾക്കുമ്പോൾ...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.