വിദേശയാത്രക്കിടയില്‍ മോദി ഇന്ത്യയെ പരിഹസിക്കുന്നു -കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: യു.എ.ഇ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ ഇന്ത്യന്‍ സര്‍ക്കാറുകളെ കുറ്റപ്പെടുത്തിയതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തീരുമാനമില്ലായ്മയും കാര്യങ്ങള്‍ വലിച്ചുനീട്ടുന്നതും രീതിയാക്കിയ മുന്‍സര്‍ക്കാറില്‍നിന്നാണ് തനിക്ക് ഭരണം കിട്ടിയതെന്നും ആ സ്ഥിതി മാറ്റിയെടുക്കാനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് നരേന്ദ്ര മോദി യു.എ.ഇയില്‍ പറഞ്ഞത്. അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന രാജ്യത്തിന്‍െറ പ്രതിനിധിയാണ് പ്രധാനമന്ത്രിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഓര്‍മിപ്പിച്ചു.
സ്വന്തം ഓഫിസിന്‍െറ അന്തസ്സിനെക്കുറിച്ച് നരേന്ദ്ര മോദിക്ക് ജാഗ്രത വേണം. വിദേശയാത്രകളില്‍ സ്വദേശത്തെ രാഷ്ട്രീയ എതിരാളികളെ കരിതേച്ചുകാണിക്കുന്നത് ശരിയല്ല. പ്രധാനമന്ത്രി പക്ഷേ, ആ രീതി ആവര്‍ത്തിക്കുകയാണ്.
നരേന്ദ്ര മോദി വിദേശമണ്ണില്‍ ഇന്ത്യയെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍.പി.എന്‍. സിങ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വിദേശയാത്ര നടത്തുമ്പോള്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുക പതിവില്ലായിരുന്നു. പക്ഷേ, അത്തരമൊരു വിമര്‍ശത്തിന് പ്രധാനമന്ത്രിതന്നെ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ്. സ്വന്തം രാജ്യത്തുള്ളവരെ പുറത്തുപോയി വിമര്‍ശിക്കുന്നത് പക്വതയില്ലാത്ത നേതൃത്വത്തെയാണ് കാണിക്കുന്നത്. ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്നതാണ് മോദിയുടെ വിദേശയാത്രകളെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ മുന്‍ഗാമികളെ വിദേശ മണ്ണില്‍ വിമര്‍ശിക്കുകയും ഇന്ത്യയുടെ നേട്ടത്തെ കുറച്ചുകാട്ടുകയും ചെയ്യുന്ന തരംതാണ വേര്‍തിരിവിന് ഉടമയാണ് ഇന്നത്തെ പ്രധാനമന്ത്രി. ‘നേരത്തെ യാചിച്ചു; ഇനിമേല്‍ യാചിക്കില്ളെ’ന്നാണ് ജര്‍മനിയില്‍ പോയപ്പോള്‍ പറഞ്ഞത്. പ്രധാനമന്ത്രിയാവുന്നതിനുമുമ്പ് കാനഡയില്‍ പോയപ്പോള്‍ ‘വിവാദ ഇന്ത്യ’ എന്നായിരുന്നു പരാമര്‍ശം. ഇന്ത്യയില്‍ ജനിച്ചത് ദൗര്‍ഭാഗ്യമെന്നും ഇന്ത്യക്കാരനെന്ന് വിളിക്കപ്പെടുന്നതില്‍ നാണക്കേട് തോന്നിയിരുന്നുവെന്നും മറ്റുമാണ് ചൈനയില്‍ നടത്തിയ അഭിപ്രായപ്രകടനം.
പ്രധാനമന്ത്രി വിദേശയാത്ര നടത്തുന്നതും രാഷ്ട്രത്തലവന്മാരെ സ്വീകരിക്കുന്നതും ഇവന്‍റ് മാനേജ്മെന്‍റ് പരിപാടിയായി മാറ്റരുത്. വ്യക്തിപരമായി പെരുപ്പിച്ചുകാട്ടുന്നതാക്കരുത്. പലവട്ടം സ്വന്തം പരാമര്‍ശങ്ങളിലൂടെ ഇന്ത്യയെ മോദി അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് ആര്‍.പി.എന്‍. സിങ് പറഞ്ഞു.
1971ല്‍ യു.എ.ഇ ഉണ്ടായ കാലം മുതല്‍ അവിടവുമായി ഊഷ്മളമായ ബന്ധം ഇന്ത്യക്കുണ്ട്. വലിയൊരു പ്രവാസിസമൂഹവും അവിടെയുണ്ട്. വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വര്‍ധിച്ചുവരുകയും ചെയ്യുന്നു. ഇതിനെല്ലാമിടയില്‍ സ്വയം പെരുമ സമ്പാദിക്കാന്‍ ശ്രമിക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.