പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരം തകര്‍ക്കാന്‍ അര്‍ധരാത്രി അറസ്റ്റ്
text_fieldsമുംബൈ: സംഘ്പരിവാര്‍ ബന്ധമുള്ളവരെ ഭരണസമിതിയില്‍ തിരുകിക്കയറ്റിയതിനെതിരെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളുടെ വീര്യംകെടുത്താന്‍ അടിയന്തരാവസ്ഥ മോഡലില്‍ അര്‍ധ രാത്രിയില്‍ അറസ്റ്റ്. ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷം കാമ്പസിലത്തെിയ പൊലീസ് സംഘം മലയാളി ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ താല്‍കാലിക ഡയറക്ടര്‍ പ്രശാന്ത് പത്റാബെ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. മലയാളിയായ അജിത് പൗലോസ്, വികാസ്, ഹിമാന്‍ശു പ്രജാപതി, അമയ ഗോരെ, രാജ് ബിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്.
ഷിനി, അജയന്‍ അഡാട്ട്, രഞ്ജിത് നായര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം നേടിയ മലയാളികള്‍. തിങ്കളാഴ്ച 40ഓളം വിദ്യാര്‍ഥികള്‍ തന്നെ ഓഫിസില്‍ തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചെന്നും ഓഫീസ് വസ്തുക്കള്‍ നശിപ്പിച്ചെന്നും ആരോപിച്ചാണ് പത്റാബെ പരാതി നല്‍കിയത്. തുടര്‍ന്ന് പത്റാബെ പേര് വെളിപ്പെടുത്തിയ നാല് മലയാളികളടക്കം 17 പേരെ അറസ്റ്റ് ചെയ്യാന്‍ രാത്രി 12.45ന് പൊലീസ് എത്തുകയായിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെ ഒഴിവാക്കി 14 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ് ലക്ഷ്യം. എന്നാല്‍, ഒമ്പത് വിദ്യാര്‍ഥികളുടെ പേരില്‍ ആശയക്കുഴപ്പമുണ്ടായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തില്ല. അറസ്റ്റിലായവര്‍ക്ക് പുണെ കോടതി ജാമ്യം അനുവദിച്ചു. 3,000 രൂപ വീതം കെട്ടിവെക്കാനും പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാകാനും നിര്‍ദേശിച്ചാണ് ജാമ്യം. മൂന്ന് പെണ്‍കുട്ടികളടക്കം 12 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.
പാഠ്യപദ്ധതിയുടെ ഭാഗമായ പ്രോജക്ട് പൂര്‍ത്തിയാക്കാത്ത 2008 ബാച്ചിലെ വിദ്യാര്‍ഥികളോട് പുറത്തുപോകാനാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച ഡയറക്ടര്‍ പ്രശാന്ത് പത്റാബെയെ ഘെരാവോ ചെയ്തത്. എട്ടു മണിക്കൂര്‍ ഡയറക്ടറെ തടഞ്ഞ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്‍െറ നടപടികളെ ചോദ്യംചെയ്തു. എന്നാല്‍, ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് പത്റാബെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള നടപടിയും പൊലീസ് പരാതിയും എന്തുകൊണ്ടെന്ന ചോദ്യത്തിന് മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നായിരുന്നു പത്റാബെയുടെ മറുപടി. ഇതേ മറുപടിയാണ് പാതിരാത്രി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത ഡെക്കാന്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ചൗഗുലെയും നല്‍കിയത്.
നിയമവിരുദ്ധ ഒത്തുചേരല്‍, കലാപം നടത്തല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയത്.
അതേസമയം, സമരം നടക്കുന്ന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിതിവിവര കണക്കെടുപ്പിന് ന്യൂസ്പേപ്പര്‍ റജിസ്ട്രാര്‍ എസ്.എം. ഖാന്‍െറ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിയോഗിച്ചു. സമിതി വ്യാഴാഴ്ച പുണെയിലത്തെും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.