കശ്മീരില്‍ ഒരു പാക് തീവ്രവാദി കൂടി പിടിയില്‍
text_fieldsശ്രീനഗര്‍: ജമ്മു^കശ്മീരില്‍ ഒരു പാകിസ്താന്‍ ഭീകരന്‍കൂടി ജീവനോടെ പിടിയിലായി. വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ റാഫിയബാദില്‍ ഖ്വാസിനാഗ് മേഖലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ സജ്ജാദ് അഹമ്മദ് (ജാവേദ്) എന്ന 22 കാരനാണ് പിടിയിലായത്. പാകിസ്താനിലെ ബലൂചിസ്താന്‍ മുസഫര്‍ഗഡ് സ്വദേശിയാണ് ഇയാളെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഹെലികോപ്ടറില്‍ ശ്രീനഗറിലേക്ക് കൊണ്ടുപോയ ഇയാളെ വിവിധ സുരക്ഷ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്. അബു ഉബൈദുല്ല എന്ന രഹസ്യപേരിലാണ് താന്‍ അറിയപ്പെടുന്നതെന്ന് സജ്ജാദ് പ്രാഥമിക ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി.
ബുധനാഴ്ച രാത്രിമുതല്‍ 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാല് ഭീകരരെ സൈന്യം വധിച്ചത്. ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ അഞ്ചംഗ സംഘത്തില്‍ ഒരാളാണ് ഇയാളെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി നിയന്ത്രണ രേഖയില്‍ ഉറിയിലെ കാസിനഗര്‍ ധാറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും എ.കെ 47 തോക്കുള്‍പ്പെടെ ആയുധങ്ങള്‍ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, ഇവിടെനിന്ന് നാല് ഭീകരര്‍ സൈന്യത്തെ വെട്ടിച്ചു കടന്നു. ഇവരെ വ്യാഴാഴ്ച റാഫിയബാദിലെ ഖ്വാസിനാഗ് വിജയ് ടോപ് വനമേഖലയില്‍ സൈന്യം വളയുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍കൂടി കൊല്ലപ്പെടുകയും സജ്ജാദ് പിടിയിലാവുകയും ചെയ്തത്.
ഒരു പാക് ഭീകരന്‍കൂടി അറസ്റ്റിലായത് ഇന്ത്യയുടെ നിലപാടുകള്‍ക്ക് കരുത്തുപകരുന്നതാണെന്നും തീവ്രവാദം വളര്‍ത്തുന്നതില്‍ പാകിസ്താന്‍െറ പങ്കില്‍ ഇനി സംശയം അവശേഷിക്കില്ളെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് ഭീകരന്‍ ഇന്ത്യയില്‍ ജീവനോടെ പിടിയിലാവുന്നത്. ആഗസ്റ്റ് അഞ്ചിന് ഉധംപുരില്‍ ബി.എസ്.എഫ് വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയ സംഘത്തിലെ മുഹമ്മദ് നവീദിനെ നാട്ടുകാര്‍ പിടികൂടി സുരക്ഷാ സേനക്ക് കൈമാറിയിരുന്നു. പാകിസ്താനില്‍ ലശ്കറെ ത്വയ്യിബ ക്യാമ്പില്‍ പരിശീലനം ലഭിച്ചതുള്‍പ്പെടെ കാര്യങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.