കേന്ദ്രത്തിന്‍െറ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കൊച്ചി മാത്രം
text_fieldsന്യൂഡല്‍ഹി: സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത 98 നഗരങ്ങളില്‍ കേരളത്തില്‍നിന്നു കൊച്ചിമാത്രം. രണ്ടു വര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലും തമിഴ്നാട്ടിലുമുള്ള ഒട്ടേറെ നഗരങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടപ്പോള്‍ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്ന തിരുവനന്തപുരം തഴയപ്പെട്ടു. ലക്ഷദ്വീപിലെ കവരത്തി ലിസ്റ്റിലുണ്ട്.
മികച്ച ജീവിത നിലവാരം, പശ്ചാത്തല സൗകര്യം, ഗതാഗത സംവിധാനങ്ങള്‍, മുടക്കമില്ലാത്ത ജല-വൈദ്യുതി വിതരണം, ഖരമാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള ശുചിത്വ സംവിധാനം, ഐ.ടി കണക്ടിവിറ്റി, സുരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ സല്‍ഭരണം എന്നിവ ഉറപ്പാക്കിയാണ് ഈ നഗരങ്ങളെ സ്മാര്‍ട്ട് ആക്കി മാറ്റുകയെന്ന് പട്ടിക പ്രഖ്യാപിക്കവെ കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു.
സാമ്പത്തിക സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും സ്മാര്‍ട്ട് സിറ്റിയില്‍ മൂലധന നിക്ഷേപം നടത്തുന്നത് സുരക്ഷിതവും ലാഭമേറിയതുമാണെന്നു പറഞ്ഞ മന്ത്രി അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചൈനയും ജപ്പാനും ഇസ്രായേലുമടക്കം വിവിധ വികസിത രാജ്യങ്ങള്‍ പദ്ധതിയുമായി കൈകോര്‍ക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതായും വ്യക്തമാക്കി.
അഞ്ചുവര്‍ഷങ്ങളിലായി 96,000 കോടി രൂപയാണ് പട്ടികയില്‍ ഉള്‍പ്പെട്ട നഗരങ്ങളുടെ സുസ്ഥിര വികസനത്തിന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് ചെലവഴിക്കുക. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച മറ്റൊരു നഗര വികസന പദ്ധതിയായ അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫോമേഷന്‍ (അമൃത്) പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 90 നഗരങ്ങള്‍ പുതിയ പട്ടികയിലും ആവര്‍ത്തിക്കുന്നുണ്ട്.
വിവിധ വികസന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനാന്തര മത്സരത്തിലൂടെയാണ് നഗരങ്ങള്‍ തെരഞ്ഞെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് സാമ്പത്തിക-സേവന നിലവാരങ്ങളുടെ വെളിച്ചത്തില്‍ നഗരങ്ങളെ നിര്‍ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനംചെയ്യുന്ന വാരാണസിയും തലസ്ഥാനമായ ലഖ്നോയും ആഗ്രയും അലീഗഢും അടക്കം 13 നഗരങ്ങളാണ് യു.പിയില്‍ സ്മാര്‍ട്ട് സിറ്റികളാക്കുക. ചെന്നൈ, കോയമ്പത്തൂര്‍, മധുര, ഈറോട്, തൂത്തുക്കുടി ഉള്‍പ്പെടെ 12 നഗരങ്ങള്‍ തമിഴ്നാട്ടില്‍ സ്മാര്‍ട്ടാവും. മഹാരാഷ്ട്രക്ക് 10, മധ്യപ്രദേശിന് എഴ്, ഗുജറാത്തിനും കര്‍ണാടകക്കും ആറു വീതം, ബംഗാളില്‍ നാല്, പഞ്ചാബും ആന്ധ്രയും ബിഹാറും മൂന്നു വീതം സ്മാര്‍ട്ട് സിറ്റികള്‍ക്ക് യോഗ്യതനേടി. ഹരിയാനയും തെലുങ്കാനയും ഒഡിഷയും രണ്ടു സ്മാര്‍ട്ട്സിറ്റികള്‍ കരസ്ഥമാക്കിയപ്പോള്‍ കേരളം ചെറുസംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമൊപ്പം ഒന്നിലൊതുങ്ങി. കശ്മീരിന് അനുവദിക്കപ്പെട്ട രണ്ടു നഗരങ്ങള്‍ ഏതാവണമെന്നു തീരുമാനിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍ക്ക് വികസന രൂപരേഖ തയാറാക്കുന്നതിന് രണ്ടുകോടി രൂപ ഉടന്‍ അനുവദിക്കും. സമര്‍പ്പിക്കപ്പെടുന്ന രൂപരേഖകളുടെ മികവിന്പ്രകാരം 20 നഗരങ്ങള്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ തുക അനുവദിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.