ഗുജറാത്ത് പട്ടേല്‍ പ്രക്ഷോഭം: അക്രമത്തില്‍ എട്ടുമരണം
text_fieldsഅഹ്മദാബാദ്: ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തുന്ന പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തില്‍ ഒരു പൊലീസുകാരനടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. അഹ്മദാബാദിലും പലന്‍പൂരിലും പൊലീസ് നടത്തിയ ലാത്തിചാര്‍ജിലും വെടിവെപ്പിലുമാണ്് ഏഴുപേര്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയുണ്ടായ അക്രമങ്ങള്‍ക്കിടെ പരിക്കേറ്റ പൊലീസുകാരന്‍ ആശുപത്രിയില്‍ വെച്ച് പിന്നീട് മരിച്ചു.
പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി നിരാഹാരം തുടങ്ങിയ പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പാസ്) കണ്‍വീനര്‍ ഹര്‍ദിക് പട്ടേലിനെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തതോടെയാണ് അക്രമം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. ഇതേ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ദിക്കിനെ ഒരു മണിക്കൂറിന് ശേഷം പൊലീസ് വിട്ടയച്ചെങ്കിലും പ്രക്ഷോഭകാരികള്‍ അക്രമം തുടര്‍ന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് വെടിവെപ്പും ലാത്തിച്ചാര്‍ജും നടത്തിയത്.
വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും പാസ് നേതൃത്വം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പട്ടേല്‍ സമുദായക്കാരായ കര്‍ഷകരോട് പാലും പച്ചക്കറികളും വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാനും സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
അഹ്മദാബാദിലും സൂററ്റിലും കര്‍ഫ്യൂ തുടരുകയാണ്. അക്രമസംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ചയും അവധിയായിരിക്കും.
അഹ്മദാബാദ്, സൂറത്ത്, മെഹ്സാന, രാജ്കോട്ട്, ജാംനഗര്‍, വഡോദര എന്നിവിടങ്ങളില്‍ കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. രാജധാനി എക്സ്പ്രസ്, ആശാറാം എക്സ്പ്രസ് ഉള്‍പ്പെടെ ഒമ്പത് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 19 ട്രെയിനുകളുടെ ദൈര്‍ഘ്യം കുറക്കുകയും അഞ്ച് ട്രെയിനുകള്‍ വഴി മാറ്റുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വഴി കുപ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍ അഹ്മദാബാദ് ഉള്‍പെപ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് ബന്ധം വിഛേദിച്ചു. വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ കുപ്രചാരണം നടക്കുന്നതിനാല്‍ മൊബൈല്‍ ഫോണിലെ ഇന്‍റര്‍നെറ്റ് ഉപയോഗത്തിനാണ് നിയന്ത്രണം ഏര്‍പെടുത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സൈന്യവും ഇറങ്ങിയിട്ടുണ്ട്.
നൂറോളം ബസുകളും നിരവധി വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും അക്രമികള്‍ ബുധനാഴ്ച അഗ്നിക്കിരയാക്കി. വടക്കന്‍ ഗുജറാത്തില്‍ മന്ത്രിയുടെയും രണ്ട് എം.എല്‍.എമാരുടെയും ഓഫിസിന് തീയിട്ടു. രണ്ട് എ.ടി.എം കൗണ്ടറും തീവച്ച് നശിപ്പിച്ചു. 100 കണക്കിന് ബസുകളും സര്‍ക്കാര്‍ ഓഫിസുകളും തകര്‍ക്കപ്പെട്ടു. അഹ്മദാബാദ്, രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ നിരത്തിലിറക്കേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.