ആ 82കാരി കണ്ടു, സ്വന്തം മകനെ തല്ലിക്കൊല്ലുന്നത്
text_fields‘‘എനിക്കിവിടെ ഇനി നില്‍ക്കേണ്ട... എനിക്കിവിടെ ജീവിക്കേണ്ട...’’ വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അവര്‍ എന്‍െറ കൈകളില്‍ മുറുകെ പിടിച്ചു. ആ വൃദ്ധ കരയുകയായിരുന്നു. ഞങ്ങള്‍ക്കു ചുറ്റും ടി.വി ക്യാമറകളും പ്രസ് റിപോര്‍ട്ടര്‍മാരും. ബഹളമയമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പറയുന്നതിന് എനിക്ക് സൂക്ഷ്മതയോടെ ചെവിയോര്‍ക്കേണ്ടി വന്നു. ദാരിദ്ര്യത്തിന്‍റെ നര കാണാമായിരുന്നു ആ വീടിന്‍റെ ചുവരുകളിലും ഫര്‍ണിച്ചറിലും. അവര്‍ ഒരു കട്ടിലില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അരവിന്ദ് കെജ് രിവാളുമായി സംസാരിക്കുകയായിരുന്നു അവരുടെ ഇളയ മകന്‍. ഞാന്‍ അവരുടെ മുഖത്തേക്ക് ഉറ്റുനോക്കി. ആ കണ്ണുകളില്‍ മൂടല്‍ വീണു കഴിഞ്ഞിരുന്നു. അവര്‍ക്ക് വയസ്സ് 82.
തിങ്കളാഴ്ചത്തെ രാത്രിയാണ് അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചത്. ആ ദിവസം രാത്രി ഒരുകൂട്ടം പേര്‍ ആ വീട് ആക്രമിച്ചു. 50കാരനായ അവരുടെ മകനെയും പേരമകനെയും തിരഞ്ഞെു പിടിച്ചു മര്‍ദിക്കാന്‍ തുടങ്ങി. മകനെയും പേരമകനെയും രക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ആ വൃദ്ധയും അപ്പോള്‍ കണ്ണില്‍ ചോരയില്ലാതെ ആക്രമിക്കപ്പെട്ടു. ഒടുവില്‍ പേടിച്ചുവിറച്ച് അവര്‍ ബാത്റൂമില്‍ പോയി ഒളിച്ചിരുന്നു. എന്നിട്ടും അക്രമികള്‍ വിട്ടില്ല. ബാത്റൂമിന്‍റെ വാതില്‍ ചവിട്ടിപ്പൊളിച്ചു പുറത്തേക്ക് വലിച്ചെറിഞ്ഞു. അപ്പോള്‍ കണ്ടത് നിസ്സഹായനായ മകനെ തയ്യല്‍ മെഷീന്‍ കൊണ്ട് അടിക്കുന്ന കാഴ്ചയായിരുന്നുവെന്ന് ആ അമ്മ എന്നോട് വിവരിച്ചു. അവന്‍റെ തല അവര്‍ കല്ലുകൊണ്ട് തല്ലിപ്പൊളിച്ചിരുന്നു. ബോധം മറയുന്നതുവരെ എന്‍റെ മകനെ അവര്‍ തല്ലി. ഒടുവില്‍ ശരീരം വീടിനു പുറത്തേക്ക് വലിച്ചിഴച്ച് ഗ്രാമത്തിന്‍റെ ഏതോ കോണില്‍ കൊണ്ട് തള്ളി. പൊലീസ് വരുമ്പോഴേക്ക് രണ്ടുപേരും ഗുരുതര നിലയില്‍ ആയിരുന്നു. അവിടെവെച്ചു തന്നെ അഖ് ലാഖ് മരണപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ചെറുമകന്‍ ഇപ്പോഴും ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലത്തില്‍ തുടരുന്നു.
അവര്‍ തന്‍റെ വലതു കണ്ണ് തുറക്കാന്‍ ശ്രമിച്ചുനോക്കി. ആ കണ്ണു കൊണ്ട് വല്ലതും കണാനാവുന്നുണ്ടോ എന്ന് ഞാന്‍ ആരാഞ്ഞു. ഉറപ്പു പറയാനാവാതെ അവര്‍ തലയാട്ടി. ശരീരം മുഴുവന്‍ വേദനിക്കുന്നുവെന്ന് പറഞ്ഞു. ശരീരത്തില്‍ എവിടെയൊക്കെ മുറിവേറ്റിട്ടുണ്ടെന്ന് കാണിച്ചുതരാന്‍ പോലും അവര്‍ക്ക് ആവുമായിരുന്നില്ല. മകനെ തിരിച്ചു കിട്ടിയിരുന്നുവെങ്കില്‍ എല്ലാ വേദനകളും മറക്കാന്‍ ആ അമ്മക്ക് കഴിയുമായിരുന്നു. എന്നാല്‍, അതൊരിക്കലും സംഭവിക്കില്ലല്ളോ.
അവര്‍ ദൈവത്തെ തൊട്ട് എന്നോട് സത്യം ചെയ്തു. ആരൊക്കെയോ പ്രചരിപ്പിച്ചപോലെ ആ വീട്ടുകാര്‍ ഗോമാംസം സൂക്ഷിക്കുകയോ വേവിക്കുയോ ചെയ്തിട്ടേ ഇല്ളെന്ന്. മാത്രവുമല്ല, ആ കുടുംബത്തിലെ എല്ലാവര്‍ക്കും കൂടുതല്‍ താല്‍പര്യം മാംസേതര ഭക്ഷണത്തോടായിരുന്നുവെന്നും ഇളയ മകന്‍ പറഞ്ഞു. ഇതിനിടെ അമ്മയുടെ ശരീരം വിറയ്ച്ചുകൊണ്ടിരുന്നു. അത് കൂടിക്കൂടി വന്നു. അവര്‍ പിന്നീട് ബോധരഹിതയായി. ഇവിടെ ജീവിക്കാന്‍ ആഗ്രഹമില്ളെന്നും എന്നെ ദൂരേക്കെവിടേക്കെങ്കിലും കൊണ്ടു പോകൂ എന്നും ഉണര്‍ന്നപ്പോഴും അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. എനിക്കവരോട് ഒന്നും തന്നെ പറയാന്‍ കഴിഞ്ഞില്ല.
അവരുടെ മറ്റ് മൂന്നു ആണ്‍മക്കളും മകളും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. അരവിന്ദ് കെജ്രിവാളിനോട് ഓരോരുത്തരായി സംസാരിച്ചുകൊണ്ടിരുന്നു. ആ മുഖങ്ങളില്‍ പറഞ്ഞറിയിക്കാനാവാത്ത വേദന ഞാന്‍ കണ്ടു. അതിനിടയിലും ധൈര്യം കൈവിടാതിരിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. 200ലേറെ വര്‍ഷമായി തങ്ങള്‍ ഈ ഗ്രാമത്തില്‍ ഉണ്ടെന്ന് അഖ് ലാഖിന്‍റെ സഹോദരങ്ങള്‍ ഞങ്ങളോട് പറഞ്ഞു. അവരുടെ നല്ലവനായ മുത്തശ്ശന്‍ പോലും ജനിച്ചതും വളര്‍ന്നതും ഈ ഗ്രാമത്തിലാണത്രെ! നൂറു കണക്കിന് ഹിന്ദു കുടുംബങ്ങള്‍ക്കിടെ രണ്ടേ രണ്ടു മുസ്ലിം കുടുംബങ്ങള്‍ ആയിരുന്നിട്ടും ഇന്നുവരെ ഒരുതരത്തിലുള്ള ഭീഷണിയും അവര്‍ക്കു നേരിടേണ്ടി വന്നിരുന്നില്ല. അതുകൊണ്ടു തന്നെ തങ്ങളുടെ സ്ത്രീകളെ തനിച്ചാക്കി പുറത്തേക്ക് തൊഴിലിനിറങ്ങുമ്പോള്‍ അവര്‍ക്ക് ഒരു ഭയവും തോന്നിയിരുന്നില്ല. മാത്രമല്ല, അഖ് ലാക്കിന്‍റെ കുടുംബത്തെ ഏറെ ആദരവോടെയായിരുന്നു ഗ്രാമവാസികള്‍ കണ്ടിരുന്നത്. സഹോദരങ്ങളില്‍ രണ്ടുപേര്‍ പ്ളംബര്‍മാരായിരുന്നു. അതിനാല്‍ തന്നെ ഗ്രാമത്തിലെ മിക്കവാറും വീടുകളിലും അവര്‍ പരിചിതരുമായിരുന്നു. എന്നിട്ടും തങ്ങളുടെ കുടുംബത്തെ എന്തിനാണ് ഇവര്‍ ഉന്നമിട്ടതെന്ന് അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ഉത്തരം കിട്ടാത്ത ആ ചോദ്യവുമായി അവരെല്ലാവരും ഇനിയും കാത്തിരിക്കുകയാണ്, മറുപടിക്ക്.
ഇത് നിങ്ങളുടെ തെറ്റല്ളെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. നിങ്ങളുടെ മകന്‍ അഖ് ലാഖ് ഒരു കുറ്റവും ചെയ്തിട്ടില്ല. ഗോമാംസം ഭക്ഷിക്കുന്നത് യു.പിയില്‍ നിരോധിച്ചതാണ്. ഇനി നിങ്ങളുടെ മകന്‍ അത് കഴിച്ചെങ്കില്‍ തന്നെ അക്കാര്യം നോക്കാന്‍ ഇവിടെ നിയമമുണ്ട്. കൂട്ടംകൂടി വന്ന് ഒരാളെ ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒരാള്‍ എന്തു ഭക്ഷിക്കണം എന്നത് ഏതാനും പേരുടെ ഇഷ്ടം നോക്കിയല്ല തീരുമാനിക്കേണ്ടത്.
സമീപ കാലത്ത് നടന്നതില്‍ ഏറ്റവും അപകടകരമായ കൃത്യമാണിത്. കര്‍ണാടകയില്‍ കല്‍ബുര്‍ഗിയും മഹാരാഷ്ട്രയില്‍ ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടതിന് സമാനമായത്. ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ക്ക് അസ്വീകാര്യമായ ആശയങ്ങള്‍ പ്രകടിപ്പിച്ചു എന്നതാണ് അവര്‍ ചെയ്ത കുറ്റം. തങ്ങളെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ളെന്ന്. അതുകൊണ്ട് അവര്‍ കൊല്ലാന്‍ തീരുമാനിച്ചു. ഈ കൊലകളെ ന്യായീകരിക്കാനും അതിന്‍റെ പേരില്‍ ഭീഷണി മുഴക്കാനും ഉള്ള കുറെ പേരുടെ ശ്രമമാണ് ഇതിനേക്കാള്‍ അപകടം.
ഞാന്‍ വളര്‍ന്നത് ജനാധിപത്യ സമൂഹത്തിലാണ്. ഭരണഘടനയനുസരിച്ചും പൗരന്‍മാര്‍ എന്ന നിലയിലും നിര്‍ഭയത്തോടെയും ഇഷ്ടത്തോടെയും ഏതുമതം സ്വീകരിക്കാനും ഏതു ആശയം പ്രകടിപ്പിക്കാനും എന്തു ഭക്ഷണം കഴിക്കാനും ഉള്ള അവകാശം ഇവിടെ ഉണ്ട്. ഒരു കൂട്ടര്‍ക്ക് ഇഷ്ടമില്ലാത്തതിനാലോ ഒരു കൂട്ടരുടെ ഭക്ഷണ ശീലങ്ങള്‍ക്ക് എതിരായതിനാലോ ആളുകള്‍ കൊല്ലപ്പെടാന്‍ തുടങ്ങിയാല്‍ അതിന്‍റെ അര്‍ഥം രാജ്യത്തിന് ഭാവിയില്ല എന്നതാണ്. മതേതരത്വം ആണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്‍റെ കേന്ദ്രം. ഇതിനെതിരെയുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നുവെങ്കില്‍ ശരിയായി ചിന്തിക്കുന്നവര്‍ ആക്രമിക്കപ്പെടുന്നുവെങ്കില്‍ നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാന സങ്കല്‍പങ്ങള്‍ക്കു തന്നെ ഇളക്കം തട്ടിത്തുടങ്ങിയിരിക്കുന്നു എന്നാണ് അര്‍ഥം.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ സാമൂഹ്യാന്തരീക്ഷത്തിന് വിള്ളലുകള്‍ വീഴ്ത്തുന്ന പലതും നടന്നുകൊണ്ടിരിക്കുന്നുവെന്ന് ഞാന്‍ കുറ്റസമ്മതം നടത്തുകയാണ്. അത്തരം സംഭവങ്ങള്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. ചില തെറ്റിദ്ധാരണകളില്‍ നിന്നുണ്ടായിട്ടുള്ള സംഭവങ്ങളാണ് ഇതെന്നാണ് കേന്ദ്ര മന്ത്രിമാരായ മഹേഷ് ശര്‍മയും സഞ്ജീവ് ബല്യാണും പറഞ്ഞത്. മുസഫര്‍നഗര്‍ കലാപത്തിലെ ആരോപിതന്‍ കൂടിയാണ് സഞ്ജീവ് ബല്യാണ്‍. പശുക്കളെ അറുക്കുന്ന തൊഴിലെടുക്കുന്നവരെ പിരിച്ചുവിടണം എന്നാണ് ബല്യാണ്‍ യു.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. അതേസമയം, നവ സാമൂഹ്യമാധ്യമങ്ങള്‍ ദാദ്രിയിലെ കൊലക്കെതിരിലുള്ള പ്രതിഷേധങ്ങളുടെ പ്ളാറ്റ്ഫോം ആയി മാറുന്നതാണ് കണ്ടത്.
ആ ഗ്രാമത്തിലേക്കുള്ള ഞങ്ങളുടെ യാത്രക്കിടെ ഞങ്ങള്‍ക്ക് കുറച്ചുപേരുമായി തര്‍ക്കിക്കേണ്ടിവന്നു. ആ കൂട്ടത്തിലെ ഒരു സ്ത്രീ പറഞ്ഞ വാക്കുകള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ ഞാന്‍ ഭയപ്പെടുന്നു. ആരോ പറഞ്ഞു കേട്ട ‘പശുവിനെ അറുത്ത ആളെ’ കുറിച്ചുള്ളതായിരുന്നു ആ മനുഷ്യനെ വകവരുത്തിയവരേക്കാള്‍ അവരുടെ അസ്വസ്ഥത. അഖ് ലാഖിനെ മറമാടിയ സ്ഥലത്തെ കുറിച്ചുപോലും അവര്‍ ശബ്ദമുയര്‍ത്തി. അതൊരു ഭീഷണിയുടെ സ്വരമായിരുന്നു. ഞങ്ങള്‍ അവിടെയത്തെുന്നതിന് മുമ്പ് ടെലിവിഷന്‍ ചാനലുകാരെയും ആ ആള്‍ക്കൂട്ടം വാക്കുകള്‍ കൊണ്ട് ആക്രമിച്ചിരുന്നു. ഭീഷണിയോടെ കുറച്ചുപേര്‍ അവര്‍ക്കു ചുറ്റും കറങ്ങുന്നതും കാണാമായിരുന്നു. അവരൊന്നും തന്നെ ആ ഗ്രാമത്തില്‍ ഉള്ളവര്‍ ആയി എനിക്ക് തോന്നിയില്ല. ഉന്നതതലത്തിലുള്ളവരാല്‍ രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ടവരായിരുന്നു അവരെല്ലാം. അരവിന്ദിനെ അവര്‍ പരിഹസിച്ചു. ആ കൂട്ടത്തെ അവഗണിച്ചുകൊണ്ട് ഞങ്ങള്‍ നടന്നുനീങ്ങി.
എന്നാല്‍, സംഭവം നടന്നതിനുശേഷം ഗ്രാമത്തിലെ ഒരാള്‍ പോലും ആ വീട്ടിലേക്ക് എത്തിനോക്കിയില്ളെന്നത് അത്ര അവഗണിക്കാന്‍ എനിക്കാവുമായിരുന്നില്ല. അവര്‍ അവിടെ എങ്ങനെ കഴിയുന്നുവെന്നതിനെ കുറിച്ച് അവരാരും ആലോചിക്കുന്നേയില്ല. ആ എണ്‍പത്തിരണ്ടുകാരിയുടെ കരച്ചിലും അവരുടെ ഇളയ മകന്‍ പറഞ്ഞ വാക്കുകളും എനിക്ക് അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. ‘ഞങ്ങളുടെ സഹോദരനെ ഇല്ലാതാക്കുക മാത്രമല്ല, ഞങ്ങളുടെ ഇടയിലെ നൂറ്റാണ്ടുകളുടെ ബലമുള്ള വിശ്വാസത്തെ കൂടിയാണ് തകര്‍ത്തുകളഞ്ഞത് ’ എന്ന്.
ഇത് ഇന്ത്യ ഇത്രകാലം ഉണ്ടാക്കിയെടുത്ത വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അഖ് ലാഖും അദ്ദേഹത്തിന്‍റെ കുടുംബവും അടക്കമുള്ള കോടിക്കണക്കിന് മുസ്ലിംകളുടെ വിശ്വാസവുമായി ഇഴചേര്‍ന്നത്. 1947ല്‍ പാകിസ്താനിലേക്ക് പോവാതെ അവരെ ഇവിടെ നിര്‍ത്താന്‍ കാരണമാക്കിയ വിശ്വാസം. ഇന്ന് അതേ വിശ്വാസത്തെ തകര്‍ത്തുകൊണ്ട് ചിലര്‍ വ്യാപരിക്കുകയാണ്. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാന്‍ തയാറാവാത്ത അവര്‍ ഇന്ത്യയെ മറ്റൊരു പാകിസ്താന്‍ ആക്കാനുള്ള ശ്രമം നടത്തുകയാണ്.
ഒടുവില്‍ ഞാന്‍ ആ അമ്മയോടു പറഞ്ഞു. ‘‘വിഷമിക്കാതിരിക്കൂ. ഇതെല്ലാം കടന്നുപോവും. നിങ്ങള്‍ പഴയ ഇടത്തിലേക്ക് തിരികെ എത്തും.’’ ഇതു പറയുമ്പോഴും അതേ കണ്ണുകള്‍ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. സത്യത്തില എനിക്കുറപ്പില്ലായിരുന്നു ഇവിടെ നടന്ന സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ളെന്ന്.
(ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ അശുതോഷ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനൊപ്പം അഖ് ലാഖിന്‍റെ ദാദ്രിയിലെ വീട് സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവം)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.