ദാദ്രി: മൗനം വെടിഞ്ഞ് മോദി; ഹിന്ദുക്കളും മുസ് ലിംകളും ദാരിദ്ര്യത്തിനെതിരെ ഒന്നിക്കണം
text_fieldsനവാദ (ബിഹാര്‍)/ ഡല്‍ഹി: ദാദ്രി സംഭവത്തിലെ നിശ്ശബ്ദതക്ക് രൂക്ഷവിമര്‍ശം നേരിടേണ്ടിവന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ മൗനം വെടിഞ്ഞു. ഗോ മാംസം കഴിച്ചൂവെന്നാരോപിച്ച് മുസ്ലിമിനെ തല്ലിക്കൊന്ന സംഭവം പരാമര്‍ശിക്കുക പോലും ചെയ്യാതെയാണ് 10 ദിവസത്തിനുശേഷം അദ്ദേഹം പ്രസ്താവന നടത്തിയത്. അതും രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിഷയത്തില്‍ പരോക്ഷമായി ഇടപെട്ടപ്പോഴുണ്ടായ നിര്‍ബന്ധിതാവസ്ഥയിലും.
ഹിന്ദുക്കളും മുസ്ലിംകളും പ്രശ്നത്തിന് ഉത്തരവാദികളെന്ന മട്ടിലാണ് ബീഹാറിലെ തെരഞ്ഞെടുപ്പുറാലിയില്‍ പ്രധാനമന്ത്രി പ്രതികരിച്ചത്. ഹിന്ദുക്കളും മുസ്ലിംകളും പോരടിക്കുകയാണോ വേണ്ടത് ഒന്നിച്ചുനിന്ന് ദാരിദ്ര്യത്തെ നേരിടുകയാണോ വേണ്ടതെന്നായിരുന്നു മോദിയുടെ ചോദ്യം. പ്രധാനമന്ത്രി പ്രസ്താവന നടത്തിയ ദിവസം തന്നെയാണ് ബീഫ് പാര്‍ട്ടി നടത്തിയ ജമ്മു-കശ്മീരിലെ സ്വതന്ത്ര എം.എല്‍.എയെ നിയമസഭയില്‍ ബി.ജെ.പിക്കാര്‍ കൈയേറ്റം ചെയ്തത്. അതേ സമയം രണ്ടിടത്തും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഹിന്ദുത്വശക്തികളെ പ്രധാനമന്ത്രി വെറുതെവിട്ടു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സംഭവത്തെ അപലപിക്കാന്‍ തയ്യാറായെങ്കിയും മോദി മൗനം തുടരുകയായിരുന്നു. പ്രധാനമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് രണ്ട് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡ് തിരിച്ചേല്‍പിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ മൗനത്തെ കേന്ദ്ര മന്ത്രി നിതിന്‍ ഗഢ്കരി ന്യായീകരിക്കുകയും ചെയ്തിരുന്നു.
ബിഹാറില്‍ നാല് റാലികളിലാണ് മോദി പ്രസംഗിച്ചത്. ദാദ്രി സംഭവത്തില്‍ ആദ്യ മൂന്ന് റാലികളിലും ഒന്നും പറയാതിരുന്ന മോദി അവസാന റാലിയിലാണ് പ്രതികരിച്ചത്. വൈവിധ്യവും സഹിഷ്ണുതയുമെന്ന ഇന്ത്യയുടെ അടിസ്ഥാന മൂല്യം കാത്തുസൂക്ഷിക്കണമെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍ പിന്തുടരാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.
രണ്ടുവര്‍ഷം മുമ്പ് പട്നയില്‍ താന്‍ പങ്കെടുത്ത റാലിക്കിടെയുണ്ടായ സ്ഫോടനം പരാമര്‍ശിച്ചായിരുന്നു പ്രസംഗം. ഹിന്ദുക്കളും മുസ്ലിംകളും ഒറ്റക്കെട്ടായി ദാരിദ്ര്യത്തെ നേരിടണമെന്നാണ് അന്നത്തെ പ്രസംഗത്തില്‍ പറഞ്ഞത്. എല്ലാവരോടും സമാധാനത്തോടെ വീടുകളിലേക്ക് മടങ്ങാനും ഒരു പ്രതികരണം പോലുമുണ്ടാകരുതെന്നുമാണ് ആവശ്യപ്പെട്ടത്.
അതേ സമയം എരിതീയില്‍ എണ്ണയൊഴിക്കുന്ന വിവാദ പ്രസ്താവന നടത്തുന്ന നേതാക്കളെ മോദി വിമര്‍ശിച്ചു.‘
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും തുച്ഛനേട്ടങ്ങള്‍ക്കുമായാണ് ആളുകള്‍ നിരുത്തരവാദപര പ്രസ്താവനകള്‍ നടത്തുന്നത്. അത്തരം പ്രസ്താവന കാര്യമായെടുക്കരുത്. നരേന്ദ്ര മോദി തന്നെ നടത്തിയാലും ശ്രദ്ധിക്കരുത്. നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. അതിലും വലിയ ചിന്ത വേറൊന്നുമില്ല. രാഷ്ട്രപതി നമുക്ക് വഴികാണിച്ചുതന്നിരിക്കുന്നു.
ആ വഴിയിലൂടെ നടക്കുകയാണ് ചെയ്യേണ്ടത്. അപ്പോള്‍ മാത്രമാണ് ലോകത്തിന്‍െറ പ്രതീക്ഷകള്‍ക്കൊത്ത് നമുക്ക് ഉയരാന്‍ സാധിക്കുക’.ഇന്ത്യന്‍ സംസ്കാരത്തിന്‍െറ അടിസ്ഥാന മൂല്യങ്ങളായ ബഹുസ്വരതയും സഹിഷ്ണുതയും വലിച്ചെറിയരുതെന്ന് രാഷ്ട്രപതി ബുധനാഴ്ച ആഹ്വാനംചെയ്തത് പരാമര്‍ശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.
ദാദ്രി സംഭവത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി പ്രസ്താവന നടത്തിയിരുന്നുവെങ്കില്‍ ഹിന്ദുത്വശക്തികളുടെ പ്രകോപനപരമായ തുടര്‍നടപടികള്‍ ഒഴിവാക്കാനാകുമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഗീത് സോം, യോഗി ആദിത്യനാഥ്, സാധ്വി പ്രാചി തുടങ്ങിയവര്‍ ദാദ്രിയില്‍ ഇറങ്ങിക്കളിക്കുകയും ഇത് ന്യൂനപക്ഷങ്ങളെ കൂടുതല്‍ ചകിതരാക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസ്താവന വൈകിപ്പോയെന്നും വൈകിയെങ്കിലും പ്രതികരിച്ചത് നന്നായെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.